പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 9 – വി. ഹൈജിനുസ് (74-142)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 136 മുതൽ 140 വരെ റോമൻ സഭയ്ക്ക് നേതൃത്വം കൊടുത്ത മാർപാപ്പയാണ് വി. ഹൈജിനുസ്. സ്ഥാനത്യാഗം ചെയ്തതിനു ശേഷം രണ്ടു വർഷങ്ങൾ കൂടി കഴിഞ്ഞാണ് അദ്ദേഹം കാലം ചെയ്തതെന്ന് ചരിത്രരേഖകൾ പറയുന്നു. ഗ്രീസിലെ ആതെൻസിൽ ക്രിസ്തുവർഷം 74-ൽ ജനിച്ച് റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അക്കായിയായിൽ ജീവിച്ച അദ്ദേഹം ഒരു തത്വജ്ഞാനി ആയിരുന്നു. വി. ക്‌ളീറ്റസും വി. ടെലസ്ഫോറസും ഗ്രീക്ക് വംശജരായിരുന്നെങ്കിലും ഗ്രീസിൽ ജനിച്ച് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തിയാണ് വി. ഹൈജിനുസ്. “ഹൈജിയ്‌നോസ്” (ὑγιεινός) എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം “ആരോഗ്യവാൻ”, “സന്മാർഗ്ഗി” എന്നൊക്കെയാണ്.

റോമിലേക്ക് വരുന്നതിനു മുൻപ് വി. ഹൈജിനുസിന് ധാരാളം ദൈവശാസ്ത്രജ്ഞന്മാരുമായും സംസർഗ്ഗമുണ്ടായിരുന്നു. ഇത് മാർപാപ്പയായതിനു ശേഷം അദ്ദേഹത്തിന് വളരെയധികം സഹായകമായിത്തീർന്നിട്ടുണ്ട്. റോമിലായിരുന്ന സമയത്ത് അവിടെയുണ്ടായിരുന്ന ചില വേപവിപരീതങ്ങളെയും അതിന്റെ സൃഷ്ടാക്കളെയും അടുത്തറിയുന്നതിനും അതിനാൽ പിന്നീട് അവരുടെ ആശയങ്ങളെ ചെറുത്തുതോൽപിക്കുന്നതിനും സാധിച്ചു. ചേർദോ എന്ന ദൈവശാസ്ത്രജ്ഞൻ, യേശുക്രിസ്തു കേവലം മനുഷ്യൻ മാത്രമാണെന്നും കന്യകയിൽ നിന്നും ജനിച്ചതല്ലെന്നും പഠിപ്പിച്ചു. തന്റെ തെറ്റുകൾ തിരുത്താൻ തയ്യാറാകാതിരുന്ന ചെർദോയെ മാർപാപ്പ സഭയിൽ നിന്നും പുറത്താക്കി. വി. ഹൈജിനുസ് മാർപാപ്പയാണ് റോമൻ സഭയിൽ ഉയിർപ്പ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട തിരുനാളുകൾ ഒരേ ദിവസം ആചരിക്കണമെന്ന കല്പന പുറപ്പെടുവിച്ചത്. അതുപോലെ മാമ്മോദീസായ്ക്ക് ജ്ഞാനസ്നാന മാതാപിതാക്കൾ ഉണ്ടായിരിക്കണമെന്ന പാരമ്പര്യം സഭയിൽ ആരംഭിച്ചത് ഹൈജിനുസ് മാർപാപ്പയാണ്. ഇവർ മാമ്മോദീസാ കൂദാശ അനുഷ്ഠിക്കുമ്പോൾ അതിൽ സംബന്ധിക്കുകയും മാതാപിതാക്കന്മാർക്ക് തങ്ങളുടെ വിശ്വാസ ചുമതലകൾ നിർവ്വഹിക്കാൻ സാധിക്കാതെ വരുന്ന അവസരത്തിൽ ഈ ഉത്തരവാദിത്വം പൂർണ്ണമായും ഏറ്റെടുക്കുകയും ചെയ്യണമെന്നും പഠിപ്പിച്ചു.

നാല് വർഷവും ആറു ദിവസവും മാത്രമാണ് അദ്ദേഹം മാർപാപ്പ ആയിരുന്നത്. ക്രിസ്തീയവിശ്വാസം ത്യജിച്ചവരിൽ നിന്നും വേദവിപരീതികളിൽ നിന്നും സഭാശത്രുക്കളിൽ നിന്നും അദ്ദേഹത്തിന് എതിർപ്പുകളും പീഡനങ്ങളും ഏൽക്കേണ്ടതായി വന്നിട്ടുണ്ട്. ഇദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടം സഭ വലുതായ പീഡനങ്ങൾ നേരിട്ട സമയമാണ്. അതിനാൽ തന്നെ ഇദ്ദേഹവും വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിക്കുകയും മറ്റു മാർപാപ്പാമാരുടെ കൂട്ടത്തിൽ വത്തിക്കാനിൽ വി. പത്രോസിന്റെ കല്ലറയ്ക്കരികെ അടക്കപ്പെട്ടെന്നുമാണ് സഭാപാരമ്പര്യം. തന്റെ മുൻഗാമികളെപ്പോലെ ഇദ്ദേഹത്തിന്റെ നാമവും റോമിലെ രക്തസാക്ഷികളെക്കുറിച്ചു വിവരിക്കുന്ന ഗ്രന്ഥത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ജനുവരി 11-ന് ഹൈജിനുസിന്റെ തിരുനാൾ നാം ആഘോഷിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.