പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 93 – വി. പോൾ I (700-767)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 757 മെയ് 29 മുതൽ 767 ജൂൺ 28 വരെയുള്ള കാലയളവിൽ സഭയുടെ നേതൃത്വം വഹിച്ച മാർപാപ്പയാണ് വി. പോൾ ഒന്നാമൻ. റോമിലെ ഒരു കുലീന കുടുംബത്തിൽ എ.ഡി. 700 -ലാണ് പോൾ ജനിച്ചത്. അദ്ദേഹത്തിന്റെ സഹോദരൻ സ്റ്റീഫൻ മാർപാപ്പ ലാറ്ററൻ അരമനയിൽ പുരോഹിതനാകാനുള്ള പരിശീലനത്തിലായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പാത പോൾ പിന്നിടുകയാണ് ചെയ്തത്. പോൾ ഒന്നാമൻ മാർപാപ്പയെ സഖറിയാസ് മാർപാപ്പ ഡീക്കനായി വാഴിച്ചു. കൂടാതെ സ്റ്റീഫൻ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് അദ്ദേഹത്തിന്റെ അടുത്ത ഉപദേശകനായും ജോലി ചെയ്തു. സ്റ്റീഫൻ മാർപാപ്പയുടെ നയങ്ങൾ വിജയകരമായി തുടരുന്നതിനു വേണ്ടിയാണ് പോളിനെ അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുത്തത് എന്ന് പറയപ്പെടുന്നു. ചരിത്രത്തിൽ, സഹോദരന്റെ പിൻഗാമിയായി ഒരാൾ മാർപാപ്പയാകുന്ന ഒരേയൊരു സംഭവമാണിത്.

പോൾ ഒന്നാമനെ ഐക്യകണ്ഠേനയാണ് മാർപാപ്പയായി തിരഞ്ഞെടുത്തതെങ്കിലും ഫ്രാങ്കിഷ്‌ രാജാക്കന്മാരെ എതിർത്തിരുന്ന ഒരു ചെറിയ വിഭാഗം ആർച്ചുഡീക്കനായിരുന്ന തെയോഫിലാക്റ്റിനെ ഈ സ്ഥാനത്ത് എത്തിക്കാനുള്ള ഒരു വിഫലശ്രമം നടത്തി. ലൊംബാർഡുകളുടെ രാജാവായിരുന്ന ഡെസിദേരിയൂസ് മുൻഗാമികൾ ചെയ്ത സമാധാന ഉടമ്പടി മാനിക്കാതെ പ്രവർത്തിച്ചത് വീണ്ടും പ്രശ്നങ്ങളുണ്ടാകുന്നതിന് ഇടയാക്കി. വലിയ പ്രശ്നങ്ങളുടെ നടുവിലും പേപ്പൽ സ്റ്റേറ്റ് നന്നായി നടത്തിക്കൊണ്ടു പോകുന്നതിന് പോൾ ഒന്നാമൻ മാർപാപ്പയ്ക്ക് സാധിച്ചു. കൂടാത സ്റ്റീഫൻ മാർപ്പായ്ക്കെന്നതുപോലെ പെപ്പിൻ രാജാവിന്റെ സഹായം പോൾ മാർപാപ്പയ്‌ക്കും ലഭിച്ചിരുന്നു. എന്നാൽ ബൈസന്റൈൻ സാമ്രാജ്യവുമായുള്ള ബന്ധങ്ങൾ ഈ സമയത്ത് കൂടുതൽ ശിഥിലമായിക്കൊണ്ടിരുന്നു. അതിനാൽ ചക്രവർത്തി റോമിലേക്ക് ഏതു സമയത്തും സൈന്യത്തെ അയക്കുമെന്ന ഭയം എല്ലാവർക്കും ഉണ്ടായിരുന്നു.

നേരത്തെ ഉടലെടുത്തിരുന്ന “ഐക്കണോക്ലാസ്സ്റ്റ്” വിഷയങ്ങൾ ബൈസന്റീൻ സാമ്രാജ്യത്തിൽ വീണ്ടും തലപൊക്കി. കോൺസ്റ്റന്റീൻ അഞ്ചാമൻ മാർപാപ്പ എ.ഡി. 754 -ൽ ഒരു കൗൺസിൽ വിളിച്ചുകൂട്ടുകയും അത് ചിത്രങ്ങളും രൂപങ്ങളും ദേവാലയങ്ങളിൽ വണങ്ങുന്നത് നിരോധിക്കുകയും ചെയ്തു. ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച എല്ലാവർക്കും ചക്രവർത്തിയുടെ ഭാഗത്തു നിന്നും പീഡനങ്ങൾ ഏൽക്കേണ്ടി വന്നു. അങ്ങനെ ബൈസന്റൈൻ സാമ്രാജ്യത്തിൽ നിന്ന് റോമിലേക്ക് വന്ന അഭയാർത്ഥികളെ പോൾ ഒന്നാമൻ മാർപാപ്പ സ്വീകരിക്കുകയും അവർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു. ഇക്കാര്യത്തിലും പെപ്പിൻ രാജാവ് മാർപാപ്പയുടെ നയങ്ങളോട് യോജിച്ചത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയിരിക്കുന്ന പോൾ മാർപാപ്പയുടെ തിരുനാൾ ജൂൺ 28 -ന് സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.