പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 74 – വി. മാർട്ടിൻ I (598-655)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 649 ജൂലൈ 21 മുതൽ 655 സെപ്റ്റംബർ 16 വരെയുള്ള കാലയളവിലെ മാർപാപ്പയാണ് മാർട്ടിൻ ഒന്നാമൻ. ഇറ്റലിയിലെ ഉംബ്രിയായിലുള്ള ടോഡി പ്രദേശത്ത് എ.ഡി. 598 ജൂൺ 21-നാണ് മാർട്ടിൻ മാർപാപ്പയുടെ ജനനം. ഇന്ന് ആ പ്രദേശം അറിയപ്പെടുന്നത് മാർപാപ്പയുടെ പേരിൽ “പിയാൻ ദി സാൻ മർത്തിനോ” എന്നാണ്. അദ്ദേഹം ഉന്നതകുല ജാതനും പാവങ്ങളോട് കരുണയുള്ളവനും ആയിരുന്നുവെന്ന് ജീവചരിത്രകാരന്മാർ പറയുന്നു. 641-ൽ ജോൺ നാലാമൻ മാർപാപ്പ ദൽമാത്തിയ, ഇസ്ത്രിയ പ്രദേശങ്ങളിലേക്ക് പണവും മറ്റു സഹായങ്ങളുമായി ഡീക്കനായ മാർട്ടിനെ വിശ്വാസികളുടെ ദുരിതമകറ്റാനായി അയക്കുന്നു. പിന്നീട് തിയഡോർ ഒന്നാമൻ മാർപാപ്പ കോൺസ്റ്റാന്റിനോപ്പിളിലെ തന്റെ പ്രതിനിധിയായും അയച്ചു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ മാർട്ടിൻ മാർപാപ്പ ചക്രവർത്തിയുടെ അനുവാദത്തിനു കാക്കാതെ സഭയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. പൗരസ്ത്യ റോമൻ സാമ്രാജ്യം വലിയ പ്രതാപത്തിലായിരുന്ന ഇക്കാലയളവിൽ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് ക്രിസ്തീയവിശ്വാസത്തിലെ ഏറ്റം സ്വാധീനമുള്ള നേതാവായിരുന്നു. അതിനാൽ തന്നെ ചക്രവർത്തിക്ക് മാർട്ടിൻ മാർപാപ്പ അനുവാദമില്ലാതെ സ്ഥാനം ഏറ്റെടുത്തത് വലിയ നീരസത്തിന് ഇടയാക്കി. കൂടാതെ എ.ഡി. 649-ൽ മോണോതെലിത്തിസം ചർച്ച ചെയ്യുന്നതിനായി റോമിൽ ഒരു സിനഡ് വിളിച്ചുകൂട്ടുകയും അത് പാഷണ്ഡതയായി പ്രഖ്യാപിക്കുകയും അതിന്റെ തീരുമാനങ്ങൾ ചക്രവർത്തിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് എല്ലാ സഭകൾക്കും വേണ്ടി ഈ തീരുമാനങ്ങൾ ഉൾക്കൊള്ളിച്ച് ഒരു ചാക്രികലേഖനം പ്രസിദ്ധീകരിച്ചു.

കോൺസ്റ്റൻസ് രണ്ടാമൻ ചക്രവർത്തി മാർട്ടിൻ മാർപാപ്പയെ അറസ്റ്റു ചെയ്യാനും മോണോതെലിത്തിസത്തെക്കുറിച്ചുള്ള തീരുമാനം മാറ്റുന്നില്ലെങ്കിൽ കോൺസ്റ്റാന്റിനോപ്പിളിലേക്ക് അയക്കാനും ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ കുറേക്കാലത്തേയ്ക്ക് റോമിലുണ്ടായ എതിർപ്പ് കാരണം മാർപാപ്പയെ അറസ്റ് ചെയ്യാൻ സാധിച്ചില്ല. പിന്നീട് എ.ഡി. 653 ജൂൺ 17-ന് മാക്സിമസ് ദ കൺഫസ്സറിനോടൊപ്പം മാർപാപ്പയെ അറസ്റ് ചെയ്ത് ഗ്രീസ് വഴി കോൺസ്റ്റാന്റിനോപ്പിളിൽ എത്തിച്ചു. ചക്രവർത്തിയുടെ പ്രേരണയാൽ മാർട്ടിൻ മാർപാപ്പ ജീവിച്ചിരിക്കുമ്പോൾ തന്നെ എവുജീൻ ഒന്നാമനെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. കോൺസ്റ്റാന്റിനോപ്പിളിൽ മാർട്ടിൻ മാർപാപ്പ പരസ്യമായി അവഹേളിക്കപ്പെടുകയും പീഢിപ്പിക്കുകയും ചെയ്തു. മരണാസന്നനായ പോൾ രണ്ടാമൻ പാത്രിയർക്കീസിന്റെ അഭ്യർത്ഥന മാനിച്ചു മരണശിക്ഷയിൽ നിന്നും ഒഴിവാക്കി ചെർസോൺ എന്ന സ്ഥലത്തേയ്ക്ക് നാട് കടത്തി. അവിടെ പട്ടിണിയിലും ദുരിതത്തിലും 655 സെപ്റ്റംബർ 16-ന് അദ്ദേഹം കാലം ചെയ്തു. രക്തസാക്ഷികളുടെ ഗണത്തിൽപെടുന്ന അവസാനത്തെ മാർപാപ്പയായ വി. മാർട്ടിന്റെ തിരുനാൾ ഏപ്രിൽ 13-ന് സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.