പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 49 – വി. ജലാസിയൂസ് I (410-496)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ജലാസിയൂസ് മാർപാപ്പ അന്നത്തെ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന വടക്കൻ ആഫ്രിക്കയിലെ അൾജീരിയ പ്രദേശത്ത് ക്രിസ്തുവർഷം 410-ൽ ജനിച്ചു. ആഫ്രിക്കയിൽ നിന്നുള്ള മൂന്നാമത്തെയും അവസാനത്തെയും മാർപാപ്പ ആയിരുന്നു ബേർബർ കുലത്തിൽ ജനിച്ച ജലാസിയൂസ്. ക്രിസ്തുവർഷം 492 മുതൽ 496 വരെ അദ്ദേഹം സഭയ്ക്ക് നേതൃത്വം നൽകി. തന്റെ മുൻഗാമിയായിരുന്ന ഫെലിക്സ് മൂന്നാമൻ മാർപാപ്പയുടെ പേപ്പൽ ലിഖിതങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിൽ ആർച്ചുഡീക്കനായിരുന്ന ജലാസിയൂസ് നല്ല പങ്ക് വഹിച്ചിരുന്നു. ഈ പരിചയം കാരണം ആദ്യകാല മാർപാപ്പാമാരിൽ ഏറ്റം കൂടുതൽ എഴുതിയ ഒരാളാണ് വി. ജലാസിയൂസ്.

സഭാചരിത്രത്തിൽ ആദ്യമായി “ക്രിസ്തുവിന്റെ വികാരി” എന്ന സംജ്ഞ ഉപയോഗിക്കുന്ന മാർപാപ്പ വി. ജലാസിയൂസാണ്. മഹാനായ ലിയോയ്ക്കൊപ്പം ആദ്യനൂറ്റാണ്ടുകളിലെ ഏറ്റം പ്രഗത്ഭരായ മാർപാപ്പമാരുടെ ഗണത്തിൽ ഇദ്ദേഹത്തെയും ഉൾപ്പെടുത്താം. അക്കാസിയൻ വേദവിപരീതം ഇക്കാലത്തും തുടർന്നുവെങ്കിലും മാർപാപ്പ പദവിയുടെ പ്രാമുഖ്യം മുറുകെപ്പിടിച്ച് കോൺസ്റ്റാന്റിനോപ്പിളിലെ ചക്രവർത്തിയെയും പാത്രിയർക്കീസിനെയും അദ്ദേഹം കൈകാര്യം ചെയ്തു. ചക്രവർത്തിക്ക് ജലാസിയൂസ് മാർപാപ്പ എഴുതിയ ഒരു കത്തിൽ പ്രകടിപ്പിച്ച ആശയം പിന്നീട് വലിയ സ്വീകാര്യതയുള്ളതും ചർച്ച ചെയ്യപ്പെട്ടതും ആയിത്തീർന്നു. രണ്ട് അധികാരകേന്ദ്രങ്ങളാണ് ലോകനടത്തിപ്പിനായി ക്രമീകരിച്ചിരിക്കുന്നത്: ആത്മീയവും ഭൗതീകവും. ആത്മീയ അധികാരം മാർപാപ്പയിലും ബിഷപ്പുമാരിലും അധിഷ്ഠിതമാണ്. ഭൗതിക അധികാരത്തിന്റെ കേന്ദ്രം ചക്രവർത്തിയാണ്. ഇവ രണ്ടും സ്വതന്ത്രമെങ്കിലും ആത്യന്തികമായി ദൈവത്തിൽ അധിഷ്ടിതമാണ്. എന്നാൽ സ്വാഭാവികമായി ഭൗതീക അധികാരം ആത്മീയ അധികാരത്തിന് കീഴ്പ്പെട്ടിരിക്കുന്നു. കാരണം ഭൗതീകമായതിന്റെ വീണ്ടെടുപ്പിനായി ആത്മീയമണ്ഡലം പ്രവർത്തിക്കുന്നു.

ഇക്കാലയളവിൽ റോമൻ സാമ്രാജ്യത്തിലുണ്ടായ രാഷ്ട്രീയ അരക്ഷിതാവസ്ഥ റോമിൽ അനേകം അഭയാർത്ഥികളെ സൃഷ്ടിച്ചപ്പോൾ മാർപാപ്പയുടെ നേതൃത്വത്തിൽ അവരെ സംരക്ഷിക്കുന്നതിന് സഭ മുന്നിട്ടിറങ്ങി. ജലാസിയൂസ് മാർപാപ്പ തന്റെ വ്യക്തിപരമായ സ്വത്തും കുടുംബത്തിന്റെ സ്വത്തുക്കളും പാവങ്ങളുടെ സംരക്ഷണത്തിനായി നൽകുകയും അങ്ങനെ റോമിലെ വലിയ ക്ഷാമത്തെ ഒരു പരിധി വരെ ഇല്ലാതാക്കുകയും ചെയ്തു. അതുപോലെ ഇക്കാലയളവിൽ വൈദികരുടെ കുറവുണ്ടായപ്പോൾ തല്‍ക്കാലത്തേയ്ക് പരിശീലനകാലയളവ് കുറയ്ക്കുകയും കൂടുതൽ ആളുകൾക്ക് വൈദികപട്ടം നൽകുകയും ചെയ്തു. ഔദ്യോഗികജീവിതത്തിൽ കർക്കശക്കാരനായിരുന്നെങ്കിലും വ്യക്തിജീവിതത്തിൽ ലാളിത്യത്തോടെ താപസ സമാനം ജീവിച്ച മാർപാപ്പയാണ് വി. ജലാസിയൂസ്. പത്രോസിന്റെ ബസിലിക്കായിൽ അടക്കിയ അദ്ദേഹത്തിന്റെ തിരുനാൾ നവംബർ 21-ന് കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.