പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 46 – വി. ഹിലരി (400-468)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 400-ൽ ഇറ്റലിയിലെ സാർഡീനിയ ദ്വീപിൽ ജനിച്ച ഹിലരി 461 മുതൽ 468 വരെ സഭയുടെ അദ്ധ്യക്ഷനായിരുന്നു. ലിയോ മാർപാപ്പയുടെ കാലത്ത് അദ്ദേഹം റോമിലെ ആർച്ചുഡീക്കനായി ജോലി ചെയ്തിരുന്നു. മഹാനായ ഒരു ഭരണാധികാരിയെ പിഞ്ചെല്ലുന്നത് എപ്പോഴും വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. എന്നാൽ വി. ഹിലരി തന്റെ മുൻഗാമിയുടെ നയങ്ങൾ അതേപടി പിന്തുടരുന്നതിന് പരിശ്രമിച്ചു. ഇക്കാലഘട്ടത്തിൽ അദ്ദേഹത്തിന് ഏറ്റം വെല്ലുവിളികൾ സമ്മാനിച്ചത് ഗൗളിലെ സഭയിൽ ഉണ്ടായിരുന്ന വിവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക എന്നതായിരുന്നു.

449-ൽ നടന്ന രണ്ടാം എഫേസൂസ് കൗൺസിലിലിൽ ലിയോ മാർപാപ്പയുടെ പ്രതിനിധിയും അദ്ദേഹത്തിന്റെ സന്ദേശം വായിക്കാൻ നിയോഗിക്കപ്പെട്ടയാളുമായിരുന്നു ഹിലരി. എന്നാൽ ചക്രവർത്തിയുടെ എഴുത്തു ആദ്യം വായിക്കണമെന്ന് സിനഡിന്റെ അധ്യക്ഷൻ നിർബന്ധം പിടിക്കുകയും അതിന്റെ അവസാനം ഹിലരിയെ മാർപാപ്പയുടെ സന്ദേഹം വായിക്കാൻ അനുവദിക്കാതിരിക്കുകയുമാണ് ചെയ്തത്. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് ആരെന്ന അധികാരത്തർക്കമായിരുന്നു ഈ കൗൺസിലിന്റെ പ്രധാന ചർച്ചാവിഷയം. അവിടുത്തെ പാത്രിയർക്കീസായിരുന്ന ഫ്ലാവിയനെ പുറത്താക്കി എവുത്തിക്കസ് എന്ന പുരോഹിതനെ ചക്രവർത്തിയുടെ ഇഷ്ടപ്രകാരം അലക്സാന്ദ്രിയായിലെ കോപ്റ്റിക് പാത്രിയർക്കീസ് പോപ്പ് ദിയോസ്‌കോറസ് ഒന്നാമന്റെ നേതൃത്വത്തിൽ നടന്ന ഈ കൗൺസിൽ പ്രഖ്യാപിച്ചു. ഈ തീരുമാനങ്ങൾക്ക് സാധുതയില്ല എന്ന പ്രഖ്യാപനത്തോടെ ഹിലരി അവിടെ നിന്നും ഇറങ്ങിപ്പോന്നു. ഈ സൂനഹദോസ് ചരിത്രത്തിൽ അറിയപ്പെടുന്നത് “കള്ള കൗൺസിൽ” എന്നാണ്. ഇത്തരത്തിൽ ഉരുത്തിരിഞ്ഞ പ്രശ്നങ്ങൾ കാരണം ഹിലരി മാർപാപ്പയുടെ കാലത്ത് പൗരസ്ത്യസഭകളുമായി ലിയോ മാർപാപ്പയുടെ കാലത്തുണ്ടായിരുന്ന ബന്ധം തുടരുന്നതിന് സാധിച്ചില്ല.

‘ലേബർ പൊന്തിഫിക്കാലിസിൽ’ പറയുന്നത് റോമിൽ ധാരാളം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഹിലരി മാർപാപ്പ തുടക്കം കുറിച്ചു എന്നാണ്. വാന്തൽസ് കൊള്ളയടിച്ച പല പള്ളികളും സഭാസ്ഥാപനങ്ങളും പുനർനിർമ്മിക്കുന്നതിന് ഹിലരി മാർപാപ്പ നേതൃത്വം നല്‍കി. അതിൽ റോമിലെ പല ആശ്രമങ്ങളും വി. ലോറൻസിന്റെ ബസിലിക്കയോട് ചേർന്നുള്ള ലൈബ്രറിയും ഉൾപ്പെടും. ലാറ്ററൻ ബസിലിക്കയോട് ചേർന്ന് യോഹന്നാൻ സ്നാപകന്റെയും യോഹന്നാൻ ശ്ലീഹായുടെയും നാമത്തിൽ രണ്ടു ഓറട്ടറികളും അദ്ദേഹം നിർമ്മിച്ചു. എഫേസൂസിലെ സിനഡിലെ പ്രശ്നങ്ങൾക്കുശേഷം അവിടെ നിന്നും രക്ഷപെടാൻ സാധിച്ചത് യോഹന്നാൻ ശ്ലീഹായുടെ സഹായത്താലായിരുന്നു എന്ന് വി. ഹിലരി വിശ്വസിച്ചിരുന്നു. റോമൻ മതിലിന് പുറത്തുള്ള വി. ലോറൻസിന്റെ ബസിലിക്കയിൽ അടക്കിയ വി. ഹിലരിയുടെ തിരുന്നാൾ നവംബർ 17-ന് സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.