പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 32 – വി. മെൽക്കിയാദസ്‌ (270-314)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 311 മുതൽ 314 വരെയുള്ള സഭാചരിത്രത്തിലെ ഏറ്റം നിർണ്ണായകമായ ഒരു കാലയളവിലെ മാർപാപ്പയായിരുന്നു മെൽക്കിയാദസ്‌. വടക്കൻ ആഫ്രിക്കയിൽ നിന്നുള്ള മാതാപിക്കൾക്ക് റോമിൽ ജനിച്ച ഇദ്ദേഹം ‘ആഫ്രിക്കക്കാരനായ മെൽക്കിയാദസ്‌’, ‘മിൽത്തിയാദസ്’ എന്നീ പേരുകളിലും  അറിയപ്പെടുന്നു. 313-ലെ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ പ്രസിദ്ധമായ മിലാൻ വിളംബരകാലത്ത് സഭാനേതൃത്വം കൈയാളിയിരുന്ന മാർപാപ്പയാണ് മെൽക്കിയാദസ്‌. രണ്ടര നൂറ്റാണ്ടു നീണ്ടുനിന്ന പീഡനങ്ങൾക്കുശേഷം റോമൻ സാമ്രാജ്യത്തിൽ ക്രിസ്തുമതം നിയമസാധുതയുള്ള മതമായി മാറി.

മാർപാപ്പയുടെ താമസത്തിനും മറ്റുമായി റോമിലെ ചേലിയോ കുന്നിലുണ്ടായിരുന്ന ഫൗസ്റ്റ ചക്രവർത്തിനിയുടെ കൊട്ടാരം കോൺസ്റ്റന്റൈൻ സഭയ്ക്ക് ദാനമായി നൽകുകയും അവിടം മാർപാപ്പാമാരുടെ ഔദ്യോഗികവസതിയും ഭരണകേന്ദ്രവുമായി മാറുകയും ചെയ്തു. ഈ സ്ഥലത്താണ് ഇന്നത്തെ പ്രസിദ്ധമായ ലാറ്ററൻ ബസിലിക്ക നിലനിൽക്കുന്നത്. പല പുതിയ ആചാരങ്ങളും മെൽക്കിയാദസ്‌ മാർപാപ്പ ആരംഭിച്ചു. ഞായറാഴ്ച്ച ഉപവാസം അനുഷ്ഠിക്കേണ്ട ദിവസമല്ലെന്ന് പ്രഖ്യാപിച്ചതും വാഴ്ത്തിയ അപ്പം ഐക്യത്തിന്റെ അടയാളമായി റോമിലുള്ള എല്ലാ പള്ളികളിലും വിതരണം ചെയ്യാൻ ആരംഭിച്ചതും മെൽക്കിയാദസ്‌ മാർപാപ്പയാണ്.

വടക്കൻ ആഫ്രിക്കയിലെ സഭയിൽ ഇക്കാലത്ത് വലിയൊരു ഭിന്നത ഉടലെടുത്തു. ക്രിസ്തുവർഷം 311-ൽ ചെസീലിയൻ എന്നയാളെ കർത്തേജിലെ ബിഷപ്പായി അഭിഷേചിച്ചപ്പോൾ കാർമ്മികനായിരുന്ന ബിഷപ്പ് വിശ്വാസവീഴ്ച സംഭവിച്ച ആളാണെന്നു പറഞ്ഞ് ഒരു വിഭാഗം എതിർത്തു. അവർ തങ്ങളുടെ ബിഷപ്പായി മജോറിനോസിനെയും തുടർന്ന് ഡോണാത്തൂസിനെയും തിരഞ്ഞെടുത്തു. ഈ പ്രശ്നം കോൺസ്റ്റന്റിന്റെ അരികിലെത്തിയപ്പോൾ അത് പരിഹരിക്കാനായി മെൽക്കിയാദസ്‌ മാർപാപ്പയെ അദ്ദേഹം ചുമതലപ്പെടുത്തി. അങ്ങനെ 13 ഒക്ടോബർ 313-ൽ പ്രസിദ്ധമായ ലാറ്ററൻ കൗൺസിൽ മാർപാപ്പയുടെ നേതൃത്വത്തിൽ നടക്കുകയും ഡോണാത്തൂസിന്റെ നയങ്ങളെ തള്ളിപ്പറയുകയും ചെയ്തു. വിശ്വാസവീഴ്ച സംഭവിച്ചവർ തിരികെ സഭയിലേക്ക് വരുമ്പോൾ വീണ്ടും മാമ്മോദീസ നൽകേണ്ടതില്ലെന്നും അങ്ങനെയുള്ള പുരോഹിതർക്ക് വീണ്ടും പട്ടം നൽകേണ്ടതില്ലെന്നും ലാറ്ററൻ കൗൺസിൽ തീരുമാനിക്കുകയും ഡോണാത്തൂസിനെ സഭയിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഈ തീരുമാനത്തിനെതിരെ അവർ വീണ്ടും കോൺസ്റ്റന്റിനു നിവേദനം സമർപ്പിക്കുകയും 314-ൽ ചക്രവർത്തിയുടെ നേതൃത്വത്തിൽ ആർലെസിൽ കൂടിയ കൗൺസിലിൽ ഡോണാത്തൂസിന്റെ പഠനത്തെ പൂർണ്ണമായും തള്ളിക്കളയുകയും ചെയ്തു. റോമിലെ കലിസ്റ്റസ് സെമിത്തേരിയിൽ അടക്കപ്പെട്ട മെൽക്കിയാദസ്‌ മാർപാപ്പയുടെ തിരുനാൾ ജനുവരി 10-ന് ആഘോഷിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.