പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 160 – പാസ്‌ക്കൽ II (1050-1118)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1099 ഓഗസ്റ്റ് 13 മുതൽ 1118 ജനുവരി 21 വരെയുള്ള കാലത്ത് സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് പാസ്‌ക്കൽ രണ്ടാമൻ. മധ്യകാല യുഗത്തിൽ അപൂർവ്വമായി സംഭവിച്ച ഇരുപതു വർഷത്തോളം നീണ്ടുനിന്ന ഒരു മാർപാപ്പാ ഭരണമായിരുന്നു പാസ്‌ക്കൽ രണ്ടാമന്റേത്. എ.ഡി. 1050 -ൽ വടക്കൻ ഇറ്റലിയിലെ റമോഞ്ജ പ്രദേശത്തുള്ള ബ്ലേഡ എന്ന സ്ഥലത്താണ് റനിയേറൂസ് ജനിച്ചത്. നന്നേ ചെറുപ്പത്തിൽ തന്നെ ക്ലൂണി ആശ്രമത്തിലെ അന്തേവാസിയായി പഠനം ആരംഭിച്ച റനിയേറൂസ് പിന്നീട് റോമിലെ പൗലോസിന്റെ ബസിലിക്കയോടനുബന്ധിച്ചുള്ള ബെനഡിക്റ്റീൻ ആശ്രമത്തിന്റെ അധിപനായി നിയമിക്കപ്പെട്ടു.

സാൻ ക്ലമന്തെ ബസിലിക്കയിലെ കർദ്ദിനാൾ പുരോഹിതനായിരിക്കുന്ന സമയത്താണ് റനിയേറൂസ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. മാർപാപ്പ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിച്ച മറ്റ് നാലു പേർ കൂടി ഇക്കാലത്തുണ്ടായിരുന്നു. ക്ലമന്റ് മൂന്നാമൻ, അൽബാനോയിലെ കർദ്ദിനാൾ ബിഷപ്പായിരുന്ന തെയോഡെറിക്ക്, സിൽവ കാൻഡിഡായിലെ കർദ്ദിനാൾ ബിഷപ്പായിരുന്ന അഡൽബെർത്ത്, സാൻ ആഞ്ചലോ ദേവാലയത്തിലെ പ്രധാന പുരോഹിതനായിരുന്ന സിവെസ്റ്റർ നാലാമൻ എന്നിവരായിരുന്നു അവർ. ഇവർ ഇന്ന് ആന്റിപോപ്പുമാരുടെ ഗണത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവരുടെ സാന്നിധ്യം സുഗമമായ സഭാഭരണത്തിന് പലപ്പോളും തടസം സൃഷ്ടിച്ചിരുന്നു.

നീണ്ടകാലം സഭയിൽ നിലനിന്നിരുന്ന വലിയൊരു പ്രശ്നമായിരുന്നു “അത്മായരുടെ അധികാരദാനം” (lay-investiture) എന്നത്. രാജാക്കന്മാരും പ്രഭുക്കന്മാരും ബിഷപ്പുമാരെയും ആശ്രമാധിപന്മാരെയും നിയമിക്കുകയും അധികാര ചിഹ്‌നങ്ങളായ കുരിശും മോതിരവും നൽകുന്നതുമായ പരിപാടി ആയിരുന്നു ഇത്. പാസ്‌ക്കൽ മാർപാപ്പ എ.ഡി. 1102 -ൽ റോമിൽ കൂടിയ ഒരു സിനഡിൽ വച്ച് ഇതിനെതിരായ നിയമം നിർമ്മിച്ചു. ഇംഗ്ലണ്ടിലെയും ഫ്രാൻസിലേയും രാജാക്കന്മാരും ചില നിബന്ധനകളോടെ ഈ തീരുമാനത്തെ അംഗീകരിക്കുന്നു. നാലാം നൂറ്റാണ്ടിൽ നിർമ്മിച്ച റോമിലെ സാന്തി ക്വാത്രോ കൊറോണാത്തി ബസിലിക്ക പുനർനിർമ്മിക്കാൻ പാസ്‌ക്കൽ മാർപാപ്പ മുൻകൈയെടുത്തു. ബൈസന്റൈൻ സഭയുമായി ഐക്യം പുനസ്ഥാപിക്കുന്നതിന് ഇക്കാലയളവിൽ പരിശ്രമങ്ങൾ നടന്നുവെങ്കിലും മാർപാപ്പയുടെ പരമാധികാരം സംബന്ധിച്ച തർക്കത്തിൽ അത് നടക്കാതെ പോയി. തീർത്ഥാടകരെ ശുശ്രൂഷിക്കുന്നതിനായി ആരംഭിച്ച നൈറ്റ്‌സ് ഹോസ്പിറ്റലാർ (ഇന്ന് മാൾട്ടയിലെ സ്വയംഭരണ മിലിറ്ററി സംഘടന) എന്ന അത്മായ സംഘടനയ്ക്ക് “പീ പോസ്‌തുലാസിയോ വോളുന്താത്തിസ്” എന്ന ബൂളായിലൂടെ മാർപാപ്പ അംഗീകാരവും സ്വയംഭരണ അവകാശവും നൽകി. എ.ഡി. 1118 ജനുവരി 21 -ന് കാലം ചെയ്ത പാസ്‌ക്കൽ മാർപാപ്പയെ അടക്കിയിരിക്കുന്നത് ലാറ്ററൻ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.