പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 158 – വിക്ടർ III (1026-1087)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1086 മെയ് 24 മുതൽ 1087 സെപ്റ്റംബർ 16 വരെയുള്ള കാലയളവിൽ മാർപാപ്പ ആയിരുന്ന ആളാണ് വാഴ്ത്തപ്പെട്ട വിക്ടർ മൂന്നാമൻ. ബെനവെന്തോയിലെ ലൊംബാർഡ്‌ രാജാവായിരുന്ന ലാൻഡൂഫ് അഞ്ചാമന്റെ മകനായി എ.ഡി. 1026 -ൽ ദസിദേരിയൂസ് ജനിച്ചു. ഒരു സന്യാസി ആയി ജീവിക്കുക എന്ന ലക്ഷ്യത്തോടെ വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ രണ്ടു പ്രാവശ്യം അവർ നിശ്ചയിച്ച വിവാഹത്തെ അദ്ദേഹം നിരസിക്കുന്നു. പിന്നീട് മോണ്ടെ കസ്സിനോ ആശ്രമത്തിൽ ചേർന്ന് ഒരു ബനഡിക്റ്റീൻ സന്യാസിയായി ജീവിതമാരംഭിച്ച അദ്ദേഹം, സമൂഹ അധിപനായി തിരഞ്ഞെടുക്കപ്പെട്ടു. നിക്കോളാസ് രണ്ടാമൻ മാർപാപ്പ സാന്താ സിസിലിയായിലെ കർദ്ദിനാൾ പുരോഹിതാനായി അദ്ദേഹത്തെ നിയമിക്കുന്നു.

ദസിദേരിയൂസിന്റെ ഭരണത്തിൻ കീഴിൽ മോണ്ടെ കസ്സിനോ ആശ്രമത്തിന് അഭൂതപൂർവ്വമായ വളർച്ചയുണ്ടായി. ഇരുനൂറിലധികം സന്യാസിമാർ ഇവിടെയുണ്ടായിരുന്ന ഇക്കാലയളവിൽ എഴുപതിലധികം ഗ്രന്ഥങ്ങൾ പകർത്തിയെഴുതി ഇവിടുത്തെ ഗ്രന്ഥശേഖരത്തിൽ ചേർത്തു. ഈ സമയത്താണ് മാർപാപ്പ ഇറ്റലിയിലെ ആശ്രമങ്ങൾ മോണ്ടെ കസ്സിനോ മാതൃകയിൽ നവീകരിക്കാൻ ദസിദേരിയൂസിനെ ചുമതലപ്പെടുത്തുന്നത്. ഗ്രിഗറി മാർപാപ്പ കാലം ചെയ്തപ്പോൾ കർദ്ദിനാളന്മാർ, തന്നെ മാർപാപ്പയാക്കാൻ ശ്രമിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ദസിദേരിയൂസ് മൂന്നു പ്രാവശ്യം അവരുടെ ആവശ്യം നിരസിച്ചു. എന്നാൽ മറ്റാരെയും ഈ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ജനങ്ങൾ സമ്മതിക്കില്ല എന്ന് മനസ്സിലാക്കിയപ്പോൾ, വിക്ടർ മൂന്നാമൻ എന്ന പേരോടെ മാർപാപ്പ ആകുന്നു.

റോമിലെ ആഭ്യന്തരപ്രശ്നങ്ങളിൽ താൽപര്യമില്ലാതിരുന്ന വിക്ടർ മൂന്നാമൻ, ഭരണകാലത്തിന്റെ നല്ല സമയവും തന്റെ പ്രിയപ്പെട്ട മോണ്ടെ കസ്സിനോ ആശ്രമത്തിൽ തന്നെയാണ് ചിലവഴിച്ചത്. അദ്ദേഹത്തിന്റെ പേരിൽ “സംഭാഷണം” എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി. ബനഡിക്റ്റും മറ്റു സന്യാസിമാരും മോണ്ടെ കസ്സിനോ ആശ്രമത്തിൽ ചെയ്ത അത്ഭുതങ്ങളെക്കുറിച്ചു വിവരിക്കുന്നതാണ് ഈ ഗ്രന്ഥം. ബനവെന്തോയിൽ വച്ച് ഒരു സഭാ കൗൺസിൽ മാർപാപ്പയുടെ നേതൃത്വത്തിൽ നടക്കുന്ന സമയത്ത് അദ്ദേഹം രോഗബാധിതനാവുകയും തുടർന്ന് മോണ്ടെ കസ്സിനോയിലേക്ക് കൊണ്ടുവന്ന മാർപാപ്പ അവിടെ വച്ച് എ.ഡി. 1087 സെപ്റ്റംബർ 16 -ന് കാലം ചെയ്യുകയും ചെയ്തു. അവിടുത്തെ ആശ്രമത്തിൽ അദ്ദേഹം നിർമ്മിച്ച കല്ലറയിൽ വിക്ടർ മൂന്നാമൻ മാർപാപ്പയെ അടക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ കബറിൽ വിശ്വാസികൾ അനുഗ്രഹത്തിനായി വന്നു പ്രാർത്ഥിക്കുന്നത് പതിവായപ്പോൾ എ.ഡി. 1515 -ൽ തിരുശേഷിപ്പ് മോണ്ടെ കസ്സിനോയിലെ പ്രധാന ദേവാലയത്തിലേക്കു മാറ്റി പ്രതിഷ്ഠിച്ചു. ലിയോ പതിമൂന്നാമൻ മാർപാപ്പ വിക്ടർ മൂന്നാമനെ എ.ഡി. 1887 -ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.