ഞാൻ മോചിതയായത് യേശു നിമിത്തം: ആസിയ ബീബി

താൻ മോചിതയായത് യേശു നിമിത്തം മാത്രമാണെന്ന് ആസിയ ബീബി. കഴിഞ്ഞ ദിവസം പാരീസിൽ വച്ചുനടന്ന പ്രസ്സ് കോൺഫറൻസിലാണ് ആസിയ തന്റെ വിശ്വാസം പങ്കുവച്ചത്.

“യേശുവിലുള്ള വിശ്വാസം നിമിത്തമാണ് ഞാൻ കുറ്റക്കാരിയായത്. ആരു നിമിത്തം ഞാൻ കുറ്റക്കാരിയായോ ആ യേശു തന്നെ മോചിപ്പിക്കും എന്നെനിക്ക് ഉറപ്പായിരുന്നു” – ആസിയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സമയത്ത് എന്റെ വിശ്വാസം കൂടുതൽ ബലപ്പെട്ടിരുന്നു. കാരണം, ദൈവം എന്റെ ഒപ്പമുണ്ടെന്നും ഒരിക്കലും തന്നെ ഒറ്റയ്ക്കാക്കില്ലെന്നും എന്തു സംഭവിച്ചാലും ദൈവം ഒപ്പം കാണുമെന്നുമുള്ള ഉറച്ച വിശ്വാസം ആ നാളുകളിൽ എന്നിൽ ശക്തിയാർജ്ജിച്ചിരുന്നു – ആസിയ പറയുന്നു.

ദൈവത്തിൽ പ്രത്യാശ വയ്ക്കുമ്പോൾ നമ്മുടെ വിശ്വാസം വർദ്ധിക്കുമെന്ന് ആസിയ ഓർമ്മിപ്പിച്ചു. ഒപ്പം തനിക്കായി പ്രാർത്ഥിച്ചവർക്കും പ്രവർത്തിച്ചവർക്കും അവർ നന്ദി പറഞ്ഞു. ഇപ്പോൾ കാനഡയിൽ താമസിക്കുന്ന ആസിയായുടെ അഭയാർത്ഥി പദവി ഈ വർഷത്തോടെ അവസാനിക്കും. തുടർന്ന് ഫ്രാൻ‌സിൽ അഭയം തേടുന്നതിനുള്ള അനുമതിയ്ക്കായി കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.