കുട്ടനാട്ടിൽ വിപുലമായ സൗജന്യ മെഡിക്കൽ സഹായവുമായി സഭ

ചങ്ങനാശേരി അതിരൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി (ചാസ്) യുടെ
നേതൃത്വത്തിൽ ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയുടെ സഹകരണത്തോടെ കുട്ടനാട്ടിലെ ദുരിത ബാധിതപ്രദേശങ്ങളിലെ മഴക്കാല അനുബന്ധ പകർച്ച വ്യാധികൾ തടയുന്നതിന്‍റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ ഇന്നു മുതൽ (29 ജൂലൈ, 2018) ആരംഭിച്ചു. ഇന്ന് മിത്രക്കരി സെന്‍റ് സേവ്യേഴ്സ് പള്ളിയിലാണ് ചെത്തിപ്പുഴ ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ ജൂലൈ 31 ന് എടത്വാ സെന്‍റ് ജോർജ് പള്ളി, ഓഗസ്റ്റ് രണ്ടിന് മരിയാപുരം മേരി മാതാ പള്ളി, അഞ്ചിന് മങ്കൊമ്പ് പയസ് ടെൻത് പള്ളി, ഏഴിന് പുന്നക്കുന്നം ഇസ്കള മാതാ പള്ളി, എട്ടിന് രാമങ്കരി സെന്‍റ് ജോസഫ്സ് പള്ളി, പത്തിന് വടക്കൻ വെളിയനാട് സെന്‍റ് ഗ്രിഗോറിയോസ് പള്ളി, 13ന് കാവാലം സെന്‍റ് തെരേസാസ് പള്ളി,14ന് പുല്ലങ്ങടി ഹോളി ഫാമിലി എന്നിവടങ്ങളിൽ ചാസിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സഘടിപ്പിക്കും. എല്ലാ മെഡിക്കൽ ക്യാമ്പുകളും രാവിലെ പത്തു മുതൽ 12 വരെയാണ്.

കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ വെളിയനാട് പള്ളിയോട് ചേർന്ന്
കഴിഞ്ഞ ആഴ്ച തുടക്കം കുറിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലൂടെ മഴക്കാല അനുബന്ധ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ മരുന്നുകളും ചികിത്സകളും മുഴുവൻ സമയവും ലഭ്യമാക്കുന്നു. കൂടാതെ കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ ഇതര ആതുരാലയങ്ങളുടെ സഹകരണത്തോടെ വെളിയനാട് സെന്റ് മൈക്കിൾസ് പളളിയിൽ ജൂലൈ 29 ഞായറാഴ്ച രാവിലെ 10 മുതൽ 3 വരെ വിപുലമായ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

സി.എം.സി. സിസ്റ്റർമാരുടെ നേതൃത്വത്തിൽ കുട്ടനാട്ടിലെ കൈനകരി, വേഴപ്ര, തകഴി തുടങ്ങിയ ദുരിതബാധിത സ്ഥലങ്ങളിൽ 14 ഡോക്ടർമാർ, 25 നഴ്സ്മാർ 12 ഫാർമസിസ്റ്റുകൾ എന്നിവർ അടങ്ങിയ സംഘം സൗജന്യ മെഡിക്കൽ ക്യാമ്പും, മരുന്ന് വിതരണവും നടത്തി. വൈറൽ പനി, ത്വക്ക് രോഗങ്ങൾ, കാലിൽ ഉണ്ടാകുന്ന വളംകടി എന്നിവയ്‌ക്കുള്ള പരിശോധനയും മരുന്ന് വിതരണവും ആണ് നടത്തിയത്. ഏകദേശം 6 ലക്ഷത്തോളം രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു.

മുട്ടാർ കൊവെന്ത പള്ളിയില്‍ ചങ്ങനാശ്ശേരി നാലുകോടി സെന്റ് റീത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പു നടത്തി ആവശ്യമായ മരുന്ന് വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.