ഫാ. തോമസ് കുന്നശ്ശേരില്‍ നിര്യാതനായി

കോട്ടയം അതിരൂപതയിലെ മുതിര്‍ന്ന വൈദികനും കടുത്തുരുത്തി സെന്റ് മേരീസ് വലിയപള്ളി ഇടവകാംഗവുമായ കുന്നശ്ശേരില്‍ ബഹു. തോമസച്ചന്‍ (91) നിര്യാതനായി.

കുന്നശ്ശേരില്‍ കിഴക്കേക്കുറ്റ് കോര – ഏലി ദമ്പതികളുടെ നാലാമത്തെ പുത്രനായി 1930 മെയ് 26 -നു ജനിച്ചു. പാലകര സെന്റ് ആന്റണീസ്, കടുത്തുരുത്തി സെന്റ് മൈക്കിള്‍സ്, കുറവിലങ്ങാട് സെന്റ് മേരീസ് എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം രൂപതാ മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനം ആരംഭിച്ചു. ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ പരിശീലനം പൂര്‍ത്തിയാക്കി 1958 മാര്‍ച്ച് 14 -ന് മാര്‍ തോമസ് തറയില്‍ പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു.

താമരക്കാട്, തേറ്റമല, നീറിക്കാട്, കുറുപ്പന്തറ, വെളിയനാട്, കരിപ്പാടം, പുന്നത്തുറ, ചാമക്കാല, കടുത്തുരുത്തി, മാറിക, മേമ്മുറി എന്നീ ഇടവകകളില്‍ വികാരിയായും അതിരൂപതാ ഭക്തസംഘടനകളുടെയും മിഷന്‍ ലീഗിന്റെയും ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ശുശ്രൂഷയില്‍ നിന്നു വിരമിച്ച ശേഷം ആദ്യവര്‍ഷങ്ങളില്‍ വിയാനി ഹോമിലും തുടര്‍ന്ന് സ്വഭവനത്തിലും വിശ്രമജീവിതം നയിച്ചു വരികയായിരുന്നു ബഹു. തോമസച്ചന്‍.

സഭാവിശ്വാസത്തില്‍ ഉറച്ച ബോദ്ധ്യവും സഭയോടും സഭാപഠനങ്ങളോടും വിശ്വസ്തതയും പുലര്‍ത്തി തന്റെ കടമകള്‍ പൂര്‍ണ്ണതയോടെ നിറവേറ്റി വൈദികഗണത്തിനു മാതൃകയും വിശ്വാസികള്‍ക്ക് അദ്ധ്യാപകനും പിതാവുമായി ബഹു. തോമസച്ചന്‍ ശുശ്രൂഷ ചെയ്തു. നര്‍മ്മം കലര്‍ന്ന സംസാരവും ആശയസമ്പുഷ്ടമായ സുവിശേഷപ്രഘോഷണവും ബഹു. അച്ചന്റെ പ്രത്യേകതയായിരുന്നു.

ബഹു. തോമസച്ചന്റെ ദേഹവിയോഗത്തില്‍ കുടുംബാംഗങ്ങളോടുള്ള അനുശോചനം അറിയിക്കുന്നു.

മൃതസംസ്‌കാര ശുശ്രൂഷകള്‍ 2021 നവംബര്‍ 19 വെള്ളിയാഴ്ച, കടുത്തുരുത്തി വലിയ പള്ളിയില്‍ നടത്തപ്പെടുന്നതാണ്.

ഫാ. ജോർജ് കറുകപ്പറമ്പില്‍, പി.ആര്‍.ഒ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.