ആപ്പിള്‍ തോട്ടങ്ങള്‍ വെഞ്ചരിക്കാന്‍ കാലമായി; പക്ഷേ, ഫാ. സിബി യാത്രയായി  

2018 ഓഗസ്റ്റ് 5 – ന് ‘ആപ്പിള്‍ തോട്ടങ്ങള്‍ വെഞ്ചരിക്കാന്‍ കാലമായി; ഫാ. സിബിക്ക് തിരക്കായി’ എന്ന തലക്കെട്ടിൽ ഫാ. സിബി നെല്ലൂർ mst – യെക്കുറിച്ചു ഒരു ഫീച്ചർ ലൈഫ് ഡേ ചെയ്തിരുന്നു. ഇന്നു പുലർച്ചെ, ഫാ. സിബി, നിത്യമായി യാത്രയായി. ലുക്കീമിയ ആയിരുന്നു അദ്ദേഹത്തിന്. പ്രാർത്ഥനയോടെ, ആദരവോടെ ആ ഫീച്ചർ വീണ്ടും പ്രസിദ്ധീകരിക്കുന്നു. 

“അച്ചന്‍ ഒന്ന് ഞങ്ങളുടെ തോട്ടം വരെ വരണം. ഒരു വെഞ്ചരിപ്പ് നടത്താനുണ്ട്.” ആവശ്യം കേട്ട ഫാദര്‍ സിബി നെല്ലൂരിനു തെല്ലൊരു സന്തോഷം തോന്നി. ഒരു വെഞ്ചരിപ്പ് നടത്താന്‍ ആവശ്യപ്പെട്ടത്തില്‍ ഇത്ര സന്തോഷിക്കാന്‍ എന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ. ഇത് വ്യത്യസ്തമായ ഒരു വെഞ്ചരിപ്പ് കര്‍മ്മമാണ്.

ഇടതൂര്‍ന്ന പച്ച ഇലകള്‍ ഉള്ള വൃക്ഷങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ചില ചുവന്ന കലകള്‍ അവയ്ക്കിടയിലൂടെ കണ്ണില്‍പ്പെടും. ‘സന്ധ്യക്ക് എന്തിനു സിന്ദൂരം’ എന്ന് ശ്രീകുമാരന്‍ തമ്പി രചിച്ചത് പോലെ, ഈ കലകളെ കാണുമ്പോള്‍ ആരും ഒന്ന് സംശയിച്ചു പോകും. എന്താണ് അത്? പച്ച പൂശിയ ഇലകള്‍ക്കിടയില്‍ നില്‍ക്കുന്ന ഈ ചുവപ്പുകാര്‍ ആരെന്നല്ലേ? ഇന്ത്യാക്കാര്‍ക്കും പാശ്ചാത്യര്‍ക്കും ഒക്കെ ഒരുപോലെ പ്രിയപ്പെട്ട ഫലമായ ആപ്പിള്‍!

ആപ്പിള്‍ തോട്ടങ്ങള്‍ എന്നും കാണുകയും ആ കര്‍ഷകര്‍ക്ക് ഒപ്പം സമയം ചിലവിടുകയും അതിലെല്ലാം ഉപരി ആപ്പിള്‍ തോട്ടങ്ങള്‍ വെഞ്ചരിക്കുകയും ചെയ്യുന്ന ഫാദര്‍ സിബി നെല്ലൂര്‍ എന്ന ഒരു പുരോഹിതന്റെ പ്രവര്‍ത്തനങ്ങളിലൂടെ…

 കൃതജ്ഞതയുടെ  വെഞ്ചരിപ്പ്

വെഞ്ചരിപ്പ് നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ ഫാ. സിബി സമ്മതം മൂളി. സംഭവം നടക്കുന്നത് ഹിമാചല്‍ പ്രദേശിലെ റോഡ്രു (Rohru) എന്ന ഒരു ഗ്രാമത്തിലാണ്. ഒരു വെഞ്ചരിപ്പ് കര്‍മ്മത്തില്‍ ഇത്ര കണ്ടു സന്തോഷിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിനു ഈ വൈദികനു വ്യക്തമായ മറുപടിയുണ്ട്. കാരണം ഇത് സാധാരണപ്പെട്ട ഒരു കര്‍മ്മമല്ല. വെഞ്ചരിപ്പ് നടത്താന്‍ പോകുന്നത് പള്ളിയിലോ ഗൃഹത്തിലോ ഒന്നുമല്ല. ഒരു ആപ്പിള്‍ തോട്ടത്തിലാണ്.

കൃഷി പ്രധാന വരുമാന മാര്‍ഗമായി സ്വീകരിച്ചു ജീവിക്കുന്ന ജനങ്ങളാണ് റോഡ്രുവിലുള്ളത്. പച്ചക്കറിക്കും ചില ഫലങ്ങള്‍ക്കുമൊപ്പം അവര്‍ പ്രധാനമായും കൃഷി ചെയ്യുന്നത് ആപ്പിള്‍ ആണ്. ആപ്പിളിന്റെ കൃഷിയും പരിചരണവും വിളവെടുപ്പും ഒക്കെ ഏറെ ആഘോഷത്തോടെയും പ്രാര്‍ത്ഥനയോടെയുമാണ്‌ ഓരോ കര്‍ഷകനും നോക്കി കാണുന്നത്. വളരെ ശ്രദ്ധയോടും കരുതലോടും കൂടിയാണ് അവര്‍ ഓരോരുത്തരും ഇതില്‍ ഏര്‍പ്പെടുന്നതും. അതുകൊണ്ട് തന്നെ അവര്‍ പ്രാര്‍ത്ഥനയോടെയാണ് ഓരോ ചുവടുവയ്പ്പും നടത്തുന്നത്. തങ്ങളുടെ വിളകളെ കാത്ത ദൈവത്തിനു നന്ദി അര്‍പ്പിക്കാനാണ് ആ കുടുംബം ഫാ. സിബിയെ വിളിച്ചു വെഞ്ചരിപ്പ് നടത്താന്‍ ആവശ്യപ്പെട്ടതും.

അദ്ദേഹം എത്തി പ്രാര്‍ത്ഥിച്ചതോടെ, അവര്‍ ഈ വര്‍ഷത്തെ തങ്ങളുടെ ആദ്യ വിളകള്‍ ഇറുത്തു. അവയില്‍ കുറച്ചു ദൈവത്തിനായി അര്‍പ്പിച്ചു. പിന്നെ ശരിക്കുള്ള വിളവെടുപ്പ് ആരംഭിച്ചു.

ഒരു വര്‍ഷത്തെ അധ്വാനമാണ് ആപ്പിള്‍ മരങ്ങളില്‍ ഫലം ചൂടി നില്‍ക്കുന്നത്. അപ്പിള്‍ പറിച്ചു കഴിഞ്ഞാല്‍ പിന്നെ തരം തിരിക്കലാണ്. ആറുതരം ആയിട്ടാണ് സാധാരണ തിരിക്കുന്നത്. വലിപ്പം അനുസരിച്ചാണ് പ്രധാന തിരിക്കല്‍. ഒരു അപ്പിള്‍ പെട്ടിയില്‍ ഏറ്റവും വലിയ ആപ്പിളാണെങ്കില്‍ 80 എണ്ണം വയ്ക്കാം. വലിപ്പം കുറയുന്നതിനനുസരിച്ച്, പെട്ടിയില്‍ കൊള്ളുന്ന ആപ്പിളുകളുടെ എണ്ണവും കൂടുന്നു; 100,125, 150, 175…അങ്ങനെ. ഏറ്റവും ആപ്പിളാണെങ്കില്‍ പെട്ടിയില്‍ 210 എണ്ണം വരെ വയ്ക്കാവുന്നതാണ്‌.

ഇവിടുത്തെ മിക്കവാരും ആപ്പിള്‍ കൃഷി ചെയുന്നവരാണ്. ജോലി ചെയ്തു ജീവിക്കുന്നവരും ഉണ്ട്. മലമുകളില്‍ വളരുന്ന പുല്ല് വെട്ടി വിറ്റുജീവിതം പുലര്‍ത്തുന്ന തദ്ദേശിയരെയും ഇവിടെ കാണാം.

മധുരമുള്ള റോഡ്രു

ഒരു നര്‍ത്തകിയുടെ ചാരുതയുള്ള നീണ്ടു മെലിഞ്ഞ കൈകള്‍ പോലെയുള്ള പൈന്‍ മരങ്ങള്‍. പുല്‍ത്തകിടികളും ആപ്പിള്‍ മരങ്ങളും നിറഞ്ഞ ഉയരമുള്ള കുന്നുകളും അഭിമാനത്തോടെ ശിരസ്സ് ഉയര്‍ത്തി നില്‍ക്കുന്ന നീണ്ട പൈന്‍ മരങ്ങളും നല്ല സ്വാദുള്ള ആപ്പിളുകളും ഒക്കെ വിരിയിക്കുന്ന ‘റോഡ്രു,’ ഷിംല പോലെ തന്നെ ദൃശ്യ വിസ്മയം തീര്‍ക്കുന്ന മറ്റൊരു സ്ഥലമാണ്. കാഴ്ചക്കാരന്റെ മനസ്സിനെയും ശരീരത്തെയും ഒരേപോലെ കുളിര്‍പ്പിക്കുന്ന റോഡ്രു, ഏറെ ശ്രദ്ധ നേടുന്നത്, അതിന്റെ നൈര്‍മല്യമുള്ള ഭൂപ്രകൃതിയുടെ സവിശേഷത കൊണ്ട് മാത്രമല്ല; മറിച്ച്, ആ പ്രദേശത്തു വിളയുന്ന ജീവന്‍ തുടിക്കുന്ന ആപ്പിളിന്റെ സവിശേഷത കൊണ്ടു കൂടിയാണ്.

വിദ്യാഭ്യാസത്തിനു ഏറെ പ്രാധാന്യം നല്‍കുന്ന ഈ ജനസമൂഹം, സാക്ഷരതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. 94% ആണ് റോഡ്രുവിലെ ശരാശരി സാക്ഷരതാ നിരക്ക്.

സ്നേഹത്തിന്‍റെയും ഭാഷയുടെയും പാഠങ്ങള്‍

മിഷണറി സൊസൈറ്റി ഓഫ് സെന്റ്‌ തോമസിലെ (MST) വൈദികനായ ഫാ. സിബി നെല്ലൂര്‍, മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള, കബനഗിരി സെന്റ്‌ മേരി ഇടവകക്കാരനാണ്. ജനനവും ബാല്യവും അവിടെയായിരുന്നു. സ്കൂള്‍ പഠനത്തിനു ശേഷം സെമിനാരിയില്‍ ചേര്‍ന്നു. വൈദികനായതിനു ശേഷം നിരവധി മിഷന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു.

റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്നും കമ്മ്യൂണിക്കേഷനില്‍ ഡോക്ടറേറ്റ് നേടിയ ഫാ. സിബി പിന്നീട്, ഹിമാചല്‍ പ്രദേശിലേക്ക് മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കായി എത്തുകയായിരുന്നു. ഹിമാചലില്‍ എത്തിയ അദ്ദേഹം ആദ്യം കുറെ നാള്‍ അവിടുത്തെ ആവശ്യങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചു. അങ്ങനെ പഠനത്തിനു ഒടുവിലാണ് ഷിംലയില്‍ നിന്നും 115  കിലോമീറ്റര്‍ അകലെയായുള്ള പാബര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന റോഡ്രു ഗ്രാമത്തിലേയ്ക്ക് എത്തുന്നത്.

അവിടെ താമസം ആരംഭിച്ച ഫാ. സിബി വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്കായി ട്യൂഷന്‍ നല്‍കാന്‍ തുടങ്ങി. തനിക്കരികിലെക്ക് എത്തുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയും ഗ്രാമറുമൊക്കെ പഠിപ്പിച്ചു കൊടുക്കാന്‍ തുടങ്ങി. നിരവധി കുട്ടികളാണ് ഇപ്പോള്‍ പഠിക്കനായി എത്തുന്നത്‌. അതിനൊപ്പം, താല്പര്യം ഉള്ളവര്‍ക്കായി, ബൈബിളിലെ ചില വ്യക്തികളെയും പരിചയപ്പെടുത്തും.

വിശ്വാസവും പ്രാര്‍ത്ഥനയും ഒപ്പം സഹായവും എത്തിക്കുന്ന ഈ വൈദികന്‍ തന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചുവടു വയ്പ്പിലാണ്.

യാത്രയായ യുവമിഷനറിക്ക് പ്രണാമം!

ശില്‍പാ രാജന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

  1. It was a wonderful experience for me to spend with him a few years at Shimla. A very humble person who never had personal needs. I witnessed the life of a true missionary who was eager to serve dedicatedly for the humanity. I personally feel that our Christian community should visit the mission areas of North India and see how these missionaries are surviving here without even having basic facilities and working selflessly for unknown people…. I feel scarcity of words in speaking about this priest … Rohru cannot forget the priest who won and filled their hearts with love …

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.