കുറ്റിക്കലച്ചന്‍: ബാബ്ലി കുടുബത്തിന്റെ വെള്ള നിറമുള്ള സാന്താക്ലോസ്

കുഞ്ഞുങ്ങളെ തനിച്ചാക്കി ആകാശപ്പറവകളുടെ തള്ള പക്ഷി പറന്നകന്നു. ഇത്തവണ ക്രിസ്തുമസ് സ്വർഗ്ഗത്തിലാഘോഷിക്കാനാണ് നീണ്ട പറക്കൽ. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനെ തെരുവിന്റെ മക്കളിൽ കണ്ട ഈ തള്ള പക്ഷി ആകാശപ്പറവകൾക്കു  മൂന്നാം ക്രിസ്തുവാണ്. ക്രിസ്തുമസ് എന്നും ഈ തള്ളപക്ഷിക്കു പ്രിയപ്പെട്ടതായിരുന്നു. ക്രിസ്തുമസ് കാലത്ത് പല രീതിയിൽ ഈ തള്ള പക്ഷി പറന്നു നടന്നു, ഉണ്ണിയേശുവായി, ജോസഫായി, ആട്ടിടയനായി, ജ്ഞാനിയായി, സാന്താക്ലോസായി തുടങ്ങി നിരവധി ഭാവങ്ങളിൽ.

അത്തരത്തിലൊരു സംഭവമാണ് പഞ്ചാബിലെ ജലന്തറിൽ നാലു വർഷങ്ങൾക്കു മുമ്പു നടന്നത്. ക്രിസ്തുമസിനു നാലു ദിവസങ്ങൾക്കു മുമ്പായിരുന്നു ആ സംഭവം. 6 വർഷമായി ദുഃഖം തളം കെട്ടി നിന്ന നൂ രത്തൻ നഗറിലെ ബാബ്ലി വീട്ടിൽ വെള്ള വസ്ത്രം ധരിച്ച ഒരു സാന്താക്ലോസ് ഒരു വിശിഷ്ട സമ്മാനവുമായി എത്തി. ദു:ഖത്തിന്റെ കാർമേഘങ്ങൾക്കിടയിൽ സന്തോഷത്തിന്റെ കുളിർ മഴ പെയ്തിറങ്ങിയ രാവായിരുന്നു ബാബ്ലി വീട്ടിൽ അന്ന്. വർഷങ്ങൾക്കു ശേഷം വൈധവ്യത്തിൽ നിന്നു ഒരു സ്ത്രീ ശാപമോഷം നേടിയ ദിനം. അർപണക്കും മോഹിതിനും അപ്പനെ തിരിച്ചു കിട്ടിയ പുണ്യ ദിനം.

വർഷങ്ങൾക്കു മുമ്പു കൃത്യമായി പറഞ്ഞാൽ 2007 ജൂലൈ മാസത്തിലാണ് ഓർമ്മകൾക്കു അവധി നൽകി ഗംഗാ റാം വിടുവിട്ടിറങ്ങിയത്. അന്നു മുതൽ ആ ദരിദ്ര  കുടുംബം ഗംഗാറാമിനു വേണ്ടി അലയത്ത സ്ഥലങ്ങളില്ല, പ്രാർത്ഥിക്കാത്ത ആരാധനാലയങ്ങളില്ല, ദിവസം കഴിയും തൊറും അവരുടെ പ്രതീക്ഷകളിൽ അസ്തമയത്തിന്റെ ചെഞ്ചായം കൂടി വരുകയായിരുന്നു.

2013 ഡിസംബർ 21 ന് ഉച്ചതിരിഞ്ഞ് രണ്ട് പോലീസുകാർ ബാബ്ലീ വിടിന്റെ മുന്നിലെത്തി കാണാതായ ഭർത്താവിന്റെ പേരും വിവരവും അന്വേഷിച്ചു തിരികെ പോയി. അമ്മയുടെയും മക്കളുടെയും ഇടനെഞ്ചിൽ തീ ആളിക്കത്തി, അപ്പന്റെ മരണവാർത്താ പ്രതീക്ഷിച്ചിരിക്കുന്ന അവരുടെ മുമ്പിൽ പത്തു മിനിറ്റിനു ശേഷം വെള്ള വസ്ത്രം ധരിച്ച ഒരു സാന്താക്ലോസ് പ്രത്യക്ഷപ്പെട്ടു, സാന്താ ക്ലോസിനു പിന്നിൽ ബാബ്ലി കുടുംബം ഏറ്റവും ആഗ്രഹിച്ച ഒരു സമ്മാനം നടന്നു വരുന്നു.

സന്തോഷം അടക്കാനാവാതെ അപർണ ഉറക്കെ പറഞ്ഞു, “മാം മേരി പിതാജി ആഗയാ…  മേരി പിതാജി ആഗയാ….”

വർഷങ്ങൾക്കു ശേഷം ആ വീട്ടുമുറ്റത്തു സന്തോഷത്തിന്റെ വിളക്കു തെളിഞ്ഞിരിക്കുന്നു. ഒരു നക്ഷത്ര വിളക്ക്.

ഓർമ്മകൾ നഷ്ടപ്പെട്ട ഗംഗാാറാം എന്ന നാൽപത്തെട്ടുകാരനെ ബാബ്ലി കുടുംബത്തിനു തിരികെ നൽകിയ സാന്താക്ലോസ് ജോർജ് കുറ്റിക്കലച്ചനായിരുന്നു.

ഒന്നര വർഷങ്ങൾക്കു മുമ്പാണ് ഓർമ്മകൾ നഷ്ടപ്പെട്ടു അലഞ്ഞു തിരിഞ്ഞ ഗംഗാറാമിനെ കുറ്റിക്കലച്ചനു ലഭിച്ചത്. ജഡാനരകൾ ബാധിച്ച അവന്റെ ശിരസ്സിൽ ഒരു മുറിവും ഉണ്ടായിരുന്നു. ആകാശപ്പറവകളുടെ മാതൃഭവനമായ ചെന്നായിപ്പാറയിലുള്ള  ദിവ്യ ഹൃദയാശ്രമം ഗംഗാ റാമിനു അഭയമേകിയപ്പോൾ മങ്ങി കൊണ്ടിരുന്ന ഓർമ്മകൾ തെളിയുവാൻ തുടങ്ങി. അങ്ങനെ ഗംഗാറാം പഞ്ചാബിലെ ജലന്തറിൽ നിന്നുള്ള വ്യക്തിയാണന്നു തിരിച്ചറിഞ്ഞു. പിന്നിടു ജലന്തറിലെ മെത്രാനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ടു. പിതാവിന്റെ സഹായത്താൽ ഗംഗാറാമിന്റെ ഗ്രാമം കണ്ടെത്താനും തിരികെയെത്തിക്കാനും സാധിച്ചു. പിതാവിനോടു നിരവധി സന്മനസ്സുകളുടെ സഹായം കൂടി ആയപ്പോൾ കാര്യങ്ങൾ എളുപ്പമായി.

ജലന്തറിലെ ദാനാ മാണ്ടി സ്വദേശിയായ ഗംഗാറാം  വിഷാദ രോഗം മാലം  മുതലാളിയുമായി  വഴക്കിട്ടു പിന്നിടു ഡൽഹിയിലെത്തി. ഡൽഹിയിൽ ഒരു ചെറിയ ജോലി കിട്ടിയെങ്കിലും  ജോലിക്കിടയിൽ  ഉണ്ടായ ഒരു അപകടത്തെ തുടർന്നു കാര്യങ്ങൾ വീണ്ടും താറുമാറായി. ഓർമ്മക്കു മങ്ങലേറ്റ ഗംഗാാറാം വണ്ടി മാറി കയറി കേരളത്തിലെത്തി.

ദിശതെറ്റിയലഞ്ഞ അവന്റെ ജീവിതത്തിൽ ദിശ നൽകാൻ ആകാശപ്പറവകളുടെ കൂട്ടുകാരൻ വെള്ളത്താടിയുള്ള കുറ്റിക്കലച്ചനും ദിവ്യ ഹൃദയാശ്രമവും കൂട്ടിനുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.