നാളെയെക്കുറിച്ച് ആകുലപ്പെടാത്ത ചെന്നായപ്പാറയിലെ ആകാശപ്പറവകള്‍

ഫാദര്‍ ജോജ്ജ് കണ്ണംപ്ലാക്കല്‍ എന്ന പേരിന് അഭയം എന്ന് കൂടി അര്‍ത്ഥമുണ്ട്. ആശ്രയമില്ലാത്തവര്‍ക്കും അനാഥര്‍ക്കും അഭയമാകുന്ന ദിവ്യഹൃദയാശ്രമത്തിന്റ അമരക്കാരനാണ് ഈ വൈദികന്‍. ഇടുക്കി ജില്ലയിലെ മരിയാപുരം എന്ന സ്ഥലത്തെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ആശുപത്രികളോ വാഹനസൗകര്യങ്ങളോ ഇല്ലാത്ത ഒരുള്‍നാടന്‍ ഗ്രാമം. കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമേ ആശുപത്രിയിലെത്താന്‍ പോലും സാധിക്കുമായിരുന്നുള്ളൂ.

”രോഗികളായവരെ മടക്കുകട്ടിലില്‍ കിടത്തി എടുത്തുകൊണ്ടാണ് അന്നൊക്കെ ആശുപത്രിയിലെത്തിക്കുന്നത്. പരിസരത്തുള്ള വീടുകളില്‍ എന്ത് ആവശ്യമുണ്ടായാലും ആദ്യം ഓടിച്ചെല്ലുന്നത് എന്റെ ചാച്ചനും അമ്മയുമായിരുന്നു. ഒരിക്കല്‍ ഞങ്ങളുടെ വീടിനടുത്തുള്ള ഒരു അമ്മയ്ക്കും കുഞ്ഞിനും വയ്യാതായി. നാല് കിലോമീറ്റര്‍ ദൂരം ആ കുഞ്ഞിനെ എടുത്തുകൊണ്ട് നടന്ന് ആശുപത്രിയിലെത്തിച്ചത് ഞാനായിരുന്നു. എന്റെ അമ്മയ്ക്ക് വരാന്‍ സാധിക്കാത്തത് കൊണ്ട് ചാച്ചന്‍ ആ കുഞ്ഞിനെ എന്റെ കയ്യില്‍ തന്നു. ഞാന്‍ തീരെ ചെറുപ്പമായിരുന്നു അന്ന്. പാവപ്പെട്ടവരോടും സഹജീവികളോടും എന്റെ ചാച്ചനും അമ്മയും പ്രകടിപ്പിച്ച അനുകമ്പ അന്നു മുതല്‍ എന്റെ മനസ്സില്‍ മാതൃകയായി മാറിയിരുന്നു. അതുകൊണ്ടാവാം ഇന്ന് ഞാന്‍ ചെയ്യുന്ന പല കാര്യങ്ങളിലും പുതുമയൊന്നും എനിക്ക് തോന്നുന്നില്ല. എന്റെ മാതാപിതാക്കള്‍ എനിക്ക് കാണിച്ചു തന്ന, പറഞ്ഞു തന്ന കാര്യങ്ങള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു. അത്ര മാത്രം.” ആകാശപ്പറവകളുടെ വീട്ടില്‍ എത്തുക എന്നത് തന്റെ കടമയായിരുന്നെന്ന ധ്വനിയുണ്ട് അച്ചന്റെ വാക്കുകളില്‍.

നാനൂറോളം അനാഥര്‍ക്ക് അപ്പനും അമ്മയും ഗുരുനാഥനുമായി ജീവിക്കുന്ന ഫാദര്‍ ജോര്‍ജ്ജ് കണ്ണംപ്ലാക്കല്‍ തന്റെ സന്യാസ ജീവിതത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. 1996 ഫെബ്രുവരി 23 നാണ് കണ്ണപ്ലാക്കലച്ചന്‍ ‘ആകാശപ്പറവകളുടെ കൂട്ടുകാരു’ടെ ഡയറക്ടറായി സ്ഥാനമേറ്റത്. ഫാ. ജോര്‍ജ്ജ് കുറ്റിക്കല്‍ തുടങ്ങിയ സ്ഥാപനമാണിത്. തൃശൂര്‍ ജില്ലയിലെ പീച്ചി ഡാമിനടുത്ത് പുത്തൂര്‍ പഞ്ചായത്തിലെ ചെന്നായപ്പാറയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

അതിരപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു ഫാദര്‍ ജോര്‍ജ്ജ് കണ്ണംപ്ലാക്കല്‍ തന്റെ വൈദികജീവിതം ആരംഭിച്ചത്. അങ്ങനെയിരിക്കെ ദിവ്യഹൃദയാശ്രമത്തിലേക്ക് പോകാന്‍ താത്പര്യമുണ്ടോ എന്ന് സഭ ചോദിച്ചു. ”സഭ എന്തു പറയുന്നുവോ അത് ചെയ്യാന്‍, അവിടേക്ക് പോകാന്‍ ഞാന്‍ തയ്യാറായിരുന്നു. അങ്ങനെ ഏറ്റവും സന്തോഷത്തോടെയാണ് ഞാന്‍ ഇവിടേക്ക് പുറപ്പെടാന്‍ തയ്യാറായത്. കാരണം ആ സന്തോഷത്തിന് പുറകില്‍ðഎന്റെ മാതാപിതാക്കള്‍ നല്‍കിയ മാതൃകയുണ്ട്.”  ഈ സ്ഥാപനത്തെക്കുറിച്ച് ചോദിച്ചാല്‍ കണ്‍മുന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ചില ജീവിത കഥകള്‍ അച്ചന്‍ നമുക്ക് പറഞ്ഞു തരും.

ചില ജീവിത കഥകള്‍

”തൊണ്ണൂറ് വയസ്സുളള ഒരു അപ്പച്ചന്‍ ഇവിടെയുണ്ടായിരുന്നു. ഒന്‍പത് മക്കളുടെ പിതാവ്. വളരെ സമ്പന്നമായ കുടുംബാന്തരീക്ഷം. സാധിക്കുന്ന കാലത്ത് മക്കള്‍ക്കുവേണ്ടി സമ്പാദിച്ചു. വീതം വച്ച് കൊടുത്തതിന് ശേഷം താമസം ഇളയമകന്റെ കൂടെയായി. എന്നാല്‍ സ്വന്തം മകനുള്‍പ്പടെയുള്ളവര്‍ക്ക് അദ്ദേഹത്തെ സഹിക്കാന്‍ കഴിയാതെയായി. കാരണം മറ്റൊന്നുമല്ല. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. കുളിക്കാന്‍ ഇത്തിരി ചൂടുവെള്ളം, ഒരു ഗ്ലാസ്സ് ചൂടുപാല്‍, അല്ലെങ്കില്‍ ശ്വാസം മുട്ടല്‍ അധികമാകുമ്പോള്‍ കുടിക്കാന്‍ ചൂടുവെള്ളം. ഇതൊക്കെയാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്ന കാര്യങ്ങള്‍. അവരെ സംബന്ധിച്ച് വളരെ പരിമിതമായ കാര്യങ്ങളാണിത്. പക്ഷേ അവര്‍ക്ക് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ മറുപടി ‘ഞങ്ങള്‍ക്കിതേ പറ്റുകയുള്ളൂ, ഇവിടെ ജീവിക്കാന്‍ സാധിക്കില്ല എങ്കില്‍ എവിടെ വേണമെങ്കിലും പോകാം. ഒരു കാര്യം ഓര്‍ക്കുക. പോയിട്ട് തിരിച്ച് വരാമെന്നോ, ഞങ്ങള്‍ വിളിക്കാന്‍ വരുമെന്നോ വിചാരിക്കണ്ട. പോയ വഴിക്ക് പൊക്കോണം’ എന്നായിരുന്നു.”

ഒരു നിമിഷം നിര്‍ത്തി അച്ചന്‍  കഥ തുടര്‍ന്നു, ”എന്നെ അന്വേഷിച്ച് ഇവിടെയാണ് അദ്ദേഹം വന്നത്. ഞാന്‍ അദ്ദേഹത്തിന്റെ കുടുംബാവസ്ഥകള്‍ അന്വേഷിച്ചു. ഞാന്‍ അഭയം കൊടുക്കേണ്ട ഒരാളായിരുന്നില്ല അദ്ദേഹം. അത്രക്ക് സമ്പന്നന്‍. അദ്ദേഹത്തെ തിരികെ കൊണ്ടുപോകാന്‍ മക്കളോട് ആവശ്യപ്പെട്ടിട്ടും മക്കളാരും അതിന് തയ്യാറായില്ല. മൂന്ന് വര്‍ഷം ഇവിടെ താമസിച്ചു. പറ്റില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘അച്ചനെന്നെ ഇവിടുന്ന് പറഞ്ഞ് വിട്ടാല്‍ ഞാന്‍ നേരെ റയില്‍വേ സ്റ്റേഷനിലേക്കായിരിക്കും പോകുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ മറുപടിയാണ് അദ്ദേഹത്തെ ഇവിടെ നിര്‍ത്താന്‍ എന്നെ പ്രേരിപ്പിച്ചത്.” പിന്നീട് അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മക്കള്‍ ഈ അവസ്ഥ കണ്ട് സങ്കടം തോന്നിയിട്ട് വന്ന് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ചാണ് അദ്ദേഹം മരിക്കുന്നത്. അച്ചനെ വേദനിപ്പിച്ച കാര്യം മറ്റൊന്നുമല്ല, ആശ്രമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരമേയുള്ളൂ അവരുടെ വീട്ടിലേക്ക്. എന്നിട്ടും മക്കളില്‍ ഒരാളുപോലും ഈ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പോലും അയാളെ കാണാന്‍ വന്നില്ല എന്നതാണ്!

ജീവിത പ്രാരാബ്ദങ്ങളുടെ നെരിപ്പോടില്‍ അവഗണനകളേറ്റ് പരാശ്രയമില്ലാതെ ആത്മഹത്യാ മുനമ്പില്‍ നിന്നുമാണ് പുണ്യമോളും അനുജത്തി ഗോപികയും അമ്മയ്‌ക്കൊപ്പം ആകാശപ്പറവകളുടെ കൂട്ടത്തില്‍ ചേക്കേറുന്നത്. തലചായ്ക്കാനൊരിടം, വിശപ്പകറ്റാന്‍ അല്പം ഭക്ഷണം, പെണ്‍കുട്ടികള്‍ക്കൊരു സംരക്ഷണം അതില്‍ കവിഞ്ഞ മോഹങ്ങളൊന്നും ഈ അമ്മയ്ക്കുണ്ടായിരുന്നില്ല. ആകാശപ്പറവകളുടെ തണലില്‍ അഭയം തേടിയ ആ കുഞ്ഞുങ്ങള്‍ ഇന്ന് മിടുക്കരായി ജീവിക്കുന്നു. രാജസ്ഥാനിലെ ഗംഗാനഗറില്‍, മഹാരാജാസിംഗ് ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥിനിയാണ് പുണ്യമോള്‍. ഗോപിക ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ബിഎസ്‌സി സൈക്കോളജി വിദ്യാര്‍ത്ഥിനിയും.

അറുപത് വയസ്സുള്ള സ്വന്തം ചേട്ടനെ ഇവിടെ കൊണ്ടിരുത്തിയിട്ട് ‘ഒരു ചായ കുടിച്ചിട്ട് വരാമെന്ന്’ പറഞ്ഞ് പോയ അനിയന്‍ പിന്നീട് തിരിച്ചു വന്നതേയില്ല!  നാലാം ക്ലാസുകാരി സവിതയും അമ്മയ്‌ക്കൊപ്പം ഇവിടെയെത്തിയത് ജീവിതം വഴിമുട്ടിയ നേരത്താണ്. തേങ്ങലടികള്‍ക്കും പ്രതീക്ഷ നഷ്ടപ്പെട്ട നയനങ്ങള്‍ക്കും മുന്നില്‍ പ്രത്യാശയുടെ കിരണങ്ങള്‍ പതിപ്പിച്ചപ്പോള്‍ അവളും പ്രതീക്ഷയോടെ വളര്‍ന്നു. ഇപ്പോള്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളജിലെ ബി. ടെക് ബിരുദ വിദ്യാര്‍ത്ഥിനിയാണ് സവിത. എല്‍കെജി മുതല്‍ ബിരുദാനന്തരബിരുദംവരെ പഠനം നടത്തുന്ന 145 വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങളും അനുഭവങ്ങളും നീണ്ട ഒരു പട്ടികയായി തുടരുമ്പോഴും ജീവിത സായാഹ്നത്തിന്റെ കയ്‌പ്പേറിയ അനുഭവ സാക്ഷ്യങ്ങളുള്ള ഒട്ടേറെപ്പേരും ഇവിടെയുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും ദിവ്യഹൃദയാശ്രമം ഒരു സ്‌നേഹതീരമാണ്.

കുടുംബാന്തരീക്ഷം

ഒരു കുടുംബാന്തരീക്ഷം നിലനിര്‍ത്തുന്നതിനാല്‍ കുടുംബത്തിലെ എല്ലാ ജോലികളിലും ഇവര്‍ പ്രായഭേദം മറന്ന് സഹകരിച്ച് പങ്കാളികളാകുന്നു. പശുത്തൊഴുത്തില്‍, കൃഷിയിടങ്ങളില്‍, പാചകത്തില്‍ തുടങ്ങിയ എല്ലാ മേഖലകളിലും ഇവരുടെ സാന്നിധ്യമുണ്ട്. ജാതി, റബര്‍ എന്നിവയ്ക്കു പുറമേ ഇടവിളകളായ വാഴ, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയവയും ഇവിടെ  കൃഷി ചെയ്യുന്നുണ്ട്. രാസവളങ്ങള്‍ പൂര്‍ണമായും നിരോധിച്ച് സമ്പൂര്‍ണ ജൈവവളത്തിലൂടെ ഉല്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ ഈ കുടുംബത്തിലെ ആവശ്യത്തിനുശേഷം മാര്‍ക്കറ്റില്‍ വില്പന നടത്തുന്നു. അതുപോലെ 40 പശുക്കളില്‍ നിന്നും ലഭിക്കുന്ന പാല്‍ സൊസൈറ്റികളിലേക്കും ഒട്ടനവധി വീടുകളിലേക്കും വില്പന നടത്തുന്നുണ്ട്. കൃഷിയില്‍ നിന്ന് ലഭിക്കുന്ന വരുമാനവും അഭ്യുദയകാംക്ഷികളായി ഇവിടേക്കു കടന്നു വരുന്നവര്‍ ഉള്ളഴിഞ്ഞ് നല്‍കുന്ന സാമ്പത്തിക സഹായവും കൊണ്ടാണ് പ്രതിദിന ചിലവുകള്‍ നടന്നു പോകുന്നത്.

ആകാശപ്പറവകള്‍

ജീവിച്ചുവന്ന സാഹചര്യങ്ങളുടെ വൈകല്യങ്ങളും വേദനകളും പേറുന്നവരാണ് ആകാശപ്പറവകളില്‍ മഹാഭൂരിപക്ഷവും. അവ മുഴുവന്‍ മാറ്റിയെടുക്കാനാവില്ല. എന്നാല്‍ ഒട്ടനവധി കാര്യങ്ങളില്‍ നിന്ന് പിന്‍തിരിപ്പിക്കാനാവും. ഇവര്‍ എന്തുകൊണ്ട് ഇങ്ങനെയായിപ്പോയി എന്നുള്ള വഴികളൊക്കെ ചിന്തിച്ചുപോയാല്‍ എങ്ങും എത്തിച്ചേരില്ല. കാരണം ഓരോരുത്തരുടെയും ജീവിതാവസ്ഥകള്‍ വിഭിന്നമാണ്. ഭാര്യയും രണ്ടു മക്കളും സഹോദരങ്ങളുമുള്ള നെല്ലിക്കുന്ന് സ്വദേശി വില്‍സണ് ആളിനും അര്‍ത്ഥത്തിനും കുറവുണ്ടായിരുന്നില്ല. പക്ഷേ പെട്ടെന്ന് ഒരു ദിവസം അദ്ദേഹത്തിന് തളര്‍വാതം പിടിപെട്ടു. ബന്ധങ്ങള്‍ കണ്ണിയറ്റതിവിടെയാണ്. ഭാര്യയും മക്കളും സഹോദരങ്ങളും സാവധാനം കയ്യൊഴിഞ്ഞു. ആരുടെയൊക്കെയോ സഹായത്താല്‍ ദിവ്യഹൃദയ ആശ്രമത്തില്‍ എത്തി. ഇന്ന് മനോധൈര്യമുണ്ട്. ക്രച്ചസുപയോഗിച്ച് നടക്കുന്നുമുണ്ട്.

ദൈവം ആഗ്രഹിക്കുന്നത്

സാമുവല്‍ പ്രവാചകന്റെ ഒന്നാം പുസ്തകം രണ്ടാം അധ്യായത്തില്‍ ഹന്നായുടെ കീര്‍ത്തനത്തിലുള്ള ഒരു വാക്യമുണ്ട്, ”ദരിദ്രനെ അവിടുന്ന് ധൂളിയില്‍ നിന്ന് ഉയര്‍ത്തുന്നു, അഗതികളെ കുപ്പയില്‍ നിന്നും സമുദ്ധരിക്കുന്നു, അങ്ങനെ അവരെ പ്രബുദ്ധരോടൊപ്പം ഇരുത്തി ഉന്നത സ്ഥാനങ്ങള്‍ക്ക് അര്‍ഹരാക്കുന്നു.” എല്ലാവരെയും സൃഷ്ടിച്ച ഒരേ ദൈവം ആഗ്രഹിക്കുന്നത് എല്ലാവരും സന്തോഷമായും സമാധാനമായും ജീവിക്കണം എന്നാണ്. കുറവുകളും അന്തരങ്ങളും സംഭവിക്കുന്നത് മനുഷ്യന്റെ പ്രവര്‍ത്തിയില്‍ നിന്നാണ്. ഇവിടെ എത്തുന്ന ഓരോ മനുഷ്യനെയും സ്വാഗതം ചെയ്യുന്നത് അവന്റെ അവസ്ഥകളെ മനസ്സിലാക്കിയാണ്. അവരെ ഉള്‍ക്കൊണ്ട് മറ്റുള്ളവരുടെ തലത്തിലേക്ക് എത്താന്‍ അവര്‍ക്കെന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്.

സ്വപ്നം

”കാരണം എന്റെ സ്വപ്നം ഇവിടത്തെ അംഗങ്ങളാണ്. വ്യക്തിപരമായ ഒരു സ്വപ്നവും എനിക്കില്ല.  അവരുടെ കുറവുകളില്‍ മാത്രമേ ഞാന്‍ ആശങ്കപ്പെടാറുള്ളൂ. അവര്‍ക്ക് നല്ല ഭക്ഷണം, വസ്ത്രം, ജീവിത സൗകര്യങ്ങള്‍ ഇവയെല്ലാം നല്‍കണം എന്നേ എനിക്കാഗ്രഹമുള്ളൂ. സമൂഹത്തിലെ മറ്റുള്ളവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ എന്റെ കുഞ്ഞുങ്ങളും സഹോദരങ്ങളും കുറവുള്ളവരാകാന്‍ പാടില്ല. എനിക്കത്രയേ വേണ്ടൂ. ഒരു സാഹചര്യത്തിലും ഇവിടെയുളള ഒരാളും തല കുനിച്ച് നില്‍ക്കേണ്ട അവസ്ഥ വരരുത്.” തന്റെ മക്കളെക്കുറിച്ച് ആകുലതയുള്ള ഒരു പിതാവിന്റെ സ്വരമാണിത്.

”എന്റെ സ്വപ്നത്തിലേക്കുളള ആശ്രമം ആയിട്ടില്ല. അങ്ങനെയാകുന്ന സമയത്ത് ഞാനും ചിലപ്പോള്‍ കുറെക്കൂടി മെച്ചപ്പെട്ട രീതിയില്‍ ജീവിക്കും, അവര്‍ക്കൊപ്പം. നിലത്ത് കിടന്ന് ശീലമുള്ളയാളാണ് ഞാന്‍. ഇവിടെയും അങ്ങനെ ചെയ്യേണ്ടി വരുന്നതിന് എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. ഞാന്‍ വന്നപ്പോള്‍ മുതല്‍ താമസിക്കുന്ന മുറിയും ഇവിടുത്തെ പുരുഷന്‍മാര്‍ താമസിക്കുന്ന  മുറിയും ഒന്നാണ്. അവരുടെ സാഹചര്യങ്ങള്‍ മാറിയിട്ടില്ല. പിന്നെ എനിക്കെന്തിനാണ് കൂടുതല്‍ മെച്ചമുള്ള സാഹചര്യം?” ഇവിടുത്തെ അംഗങ്ങള്‍ക്കൊപ്പം അവരുടെ അതേ സാഹചര്യത്തില്‍ ജീവിക്കുന്നതിനെക്കുറിച്ച് അച്ചന്റെ വിശദീകരണം ഇങ്ങനെയാണ്. ഇരുപത് വര്‍ഷം മുമ്പ് താമസിച്ച് അതേ മുറിയിലാണ് ജോര്‍ജ്ജച്ചന്‍ ഇപ്പോഴും താമസിക്കുന്നത്.

പ്രതിബന്ധങ്ങള്‍

ഒരു പെണ്‍കുട്ടി ഒരിക്കല്‍ ഇവിടെ താമസിക്കാനെത്തി. ഗര്‍ഭിണിയായ അവസ്ഥയിലായിരുന്നു അവള്‍. പക്ഷേ ഇക്കാര്യം അവള്‍ ആരോടും പറഞ്ഞില്ല. പിന്നിടാണ് അവള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. ആരോടും തുറന്ന് സംസാരിക്കാന്‍ സാധിക്കാത്ത ഒരു സാഹചര്യവുമായിരുന്നു അവള്‍ക്ക്. ഒരു സിഎംസി സിസ്റ്ററിന് ഇവളെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും അറിയാമായിരുന്നു. പെട്ടെന്നാണ് അവര്‍ക്ക് പ്രസവത്തിന്റേതായ അസ്വസ്ഥതകള്‍ കണ്ടത്. ഞാനും കൂടെയുണ്ടായിരുന്ന ഒരു സിസ്റ്ററും ചേര്‍ന്ന് അടുത്തുളള ആശുപത്രിയിലെത്തിച്ചു. അവിടെ ചെന്നപ്പോള്‍ അവര്‍ പറയുന്നു സിസേറിയന്‍ വേണം, അവിടെ പറ്റില്ല, വേറെ എവിടെയെങ്കിലും കൊണ്ടുപോകണം എന്ന്. ഞങ്ങള്‍ അവിടെ നിന്ന് ഇവരെയും കൊണ്ട് മറ്റൊരു ഹോസ്പിറ്റലിലെത്തി, അവിടെ അഡ്മിറ്റ് ചെയ്തു. ഈ സമയത്ത് ധരിച്ചിരിക്കുന്ന വസ്ത്രമല്ലാതെ ഞങ്ങള്‍ രണ്ടു പേരുടെയും കയ്യില്‍ മറ്റൊന്നുമില്ല. രാത്രി ഒരു മണി വരെ ഞാനും സിസ്റ്ററും ആ ലേബര്‍ റൂമിന് മുന്നില്‍ കാത്തു നിന്നു.

അന്ന് ദൈവം ഇടപെട്ടത് മറ്റൊരുവിധത്തിലായിരുന്നു. അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ ഞങ്ങള്‍ക്കാവശ്യമായ എല്ലാ വസ്തുക്കളും നല്‍കി സഹായിച്ചു. തുണിയും ചൂടുവെള്ളവും ഫ്‌ളാസ്‌കുമുള്‍പ്പെടെ. എന്നെ ഏറ്റവും സന്തോഷിപ്പിച്ച കാര്യം ഒരാള്‍ പോലും അപവാദകരമായ ഒരു പരാമര്‍ശം പോലും നടത്തിയില്ല എന്നതാണ് ‘അച്ചനെന്താ ഇവിടെ?’ എന്നു പോലും അവരിലാരും ചോദിച്ചില്ല. എനിക്കതില്‍ നിന്നും മനസ്സിലായ ഒരു കാര്യം നമ്മള്‍ മറ്റൊരാളുടെ അഭിമാനം രക്ഷിക്കാന്‍ സാഹസപ്പെട്ടാല്‍ നമ്മുടെ മാനം കാത്തുരക്ഷിക്കാന്‍ ദൈവം കൂടെയുണ്ടാകും.

ഇവിടെ താമസിച്ചിരുന്നൊരാള്‍ എന്റെ പേരില്‍ കത്തെഴുതി വച്ച് ആത്മഹത്യ ചെയ്ത ഒരു സംഭവം നടന്നിട്ടുണ്ട്. ഒരു വാക്കുകൊണ്ടു പോലും ഞാനയാളെ വേദനിപ്പിച്ചിട്ടില്ല എന്നതാണ് സത്യം. എല്ലാ  കാര്യങ്ങളും സംശയത്തോടെ നോക്കി കാണുന്ന ഒരാളായിരുന്നു അയാള്‍. ആരോ അയാള്‍ക്ക് കൈവിഷം കൊടുക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അയാളുടെ സംശയം. ഒരു ദിവസം വാട്ടര്‍ ടാങ്കിനടിയില്‍ അയാള്‍ ഇരിക്കുന്നത് കണ്ടു. അവിടുന്ന്  എടുത്തുകൊണ്ട് വന്ന് കട്ടിലിലിരുത്തി. മുഖത്ത് ചുണ്ടിന്റെ  ഭാഗത്തായി വയലറ്റ് നിറം. അപ്പോള്‍ത്തന്നെ എനിക്ക് കാര്യം മനസ്സിലായി. ഫ്യൂരിഡാന്‍ ആണ് കഴിച്ചിരിക്കുന്നത്. ‘കഴിച്ചോ?’ എന്ന് ചോദിച്ചു. കുറെ കഴിച്ചു, ബാക്കി എന്റെ മടിയിലുണ്ട് എന്നായിരുന്നു ഉത്തരം. നോക്കിയപ്പോള്‍ ഒരു കുപ്പിയിലാക്കി മടിയില്‍ വച്ചിട്ടുണ്ട്. ഹോസ്പിറ്റലില്‍ കൊണ്ടു പോകുന്ന വഴിക്ക് തന്നെ ആള്‍ മരിച്ചു.

പിന്നീട് ബോഡി പരിശോധിക്കുന്നതിനിടയിലാണ് അയാളുടെ ഷര്‍ട്ടിന്റെ  പോക്കറ്റില്‍ നിന്നും പൊലീസ് ഒരു കടലാസ് കണ്ടെടുത്തത്. അതില്‍ ഇപ്രകാരം എഴുതിയിരുന്നു, ‘എന്റെ മരണത്തില്‍ നാട്ടുകാര്‍ക്കോ സമീപവാസികള്‍ക്കോ ഉത്തരവാദിത്വമില്ല. ഇവിടെ വന്നതിന് ശേഷം എന്നെ മരുന്ന് തന്ന് ക്രൂരമായി പീഡിപ്പിച്ച അച്ചനാണ് എന്റെ മരണത്തിനുത്തരവാദി.’ പിന്നെ താഴേക്ക് എന്നെക്കുറിച്ചുള്ള ആരോപണങ്ങളാണ്. പൊലീസ് എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഞാന്‍ പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്, നിങ്ങള്‍ എന്റെ ആശ്രമത്തിലും പരിസരപ്രദേശത്തും ചെന്ന് അന്വേഷിക്കുക. എന്നിട്ട് നിങ്ങള്‍ക്ക് ഉചിതമായ ഒരു നടപടി സ്വീകരിക്കുക. അവസാനം അയാളുടെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ അയാളുടെ മകനെക്കുറിച്ച് ഇതിലും മോശമായ കത്ത് അയാള്‍ എഴുതി വച്ചിട്ടുണ്ട് എന്നാണ്. അവസാനം ആ കേസ് തീര്‍പ്പായി.

വചനം പറഞ്ഞതുപോലെ ‘നിങ്ങള്‍ ന്യായാധിപന്‍മാരുടെ അടുക്കലേക്ക് നയിക്കപ്പെടും. അവിടെ വച്ച് നിങ്ങള്‍ എന്ത് പറയണമെന്നുള്ളത് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും’ എനിക്ക് സംഭവിക്കുന്ന ഓരോ കാര്യങ്ങളിലും ഈ വചനം സത്യമാകുന്നതായാണ് എനിക്ക് തോന്നിയിട്ടുളളത്. ആകെ ഞാന്‍ ആശ്രയിച്ചിട്ടുള്ളത് ദൈവത്തില്‍ മാത്രമാണ്. മറ്റാരെയും എനിക്ക് സഹായത്തിന് സമീപിക്കേണ്ടി വന്നിട്ടില്ല.

എന്തെല്ലാം സംഘര്‍ഷങ്ങള്‍ അലട്ടിയാലും ഇവിടുത്തെ കുഞ്ഞുമക്കളുടെ അടുക്കല്‍ പത്ത് മിനിട്ട് പോയിരുന്നാല്‍ മതി. അവരുടെ ലോകത്തെ വിശേഷങ്ങളില്‍, ചിരിയില്‍ ഉരുകിയൊലിച്ച് പോകുന്ന പ്രശ്‌നങ്ങളെ എന്റെ തലയിലുള്ളൂ. എന്നാല്‍ സംതൃപ്തനാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നേ ഞാന്‍ പറയൂ. കാരണം ഞാന്‍ ആഗ്രഹിക്കുന്ന തലത്തിലേക്ക് ഈ ആശ്രമം എത്തിയിട്ടില്ല. കുറച്ച് പേരെ കൊണ്ടുവന്ന് താമസിപ്പിക്കുന്ന ഒരു സ്ഥലം എന്നല്ല എന്റെ സ്വപ്നം. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം. നല്ല ജീവിത സഹചര്യങ്ങള്‍ നല്‍കണം. ഇവിടെയുള്ളവര്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം.

ദൈവപരിപാലന

‘വഴി നടത്തുന്നവന്റെ കരുണ’യാണ് ഈ സ്ഥാപനം. നാളേക്ക് വേണ്ടി ഒന്നും ഞങ്ങള്‍ കരുതി വയ്ക്കാറില്ല. പ്രതിദിനം 45000 രൂപയോളം ഇവിടെ ചെലവ് വരുന്നുണ്ട്. 35 കുട്ടികള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം നടത്തുന്നവരാണ്. അവരുടെ ഫീസിനത്തില്‍ മാത്രം ഒരു വര്‍ഷം 25 ലക്ഷം രൂപ ആവശ്യമാണ്. അതുപോലെ ചിലര്‍ക്ക് മേജര്‍ സര്‍ജറികള്‍ വേണ്ടി വരാറുണ്ട്. ‘നാളെയെക്കുറിച്ച് ആകുലപ്പെടേണ്ട’ എന്ന വചനത്തിന്റെ നിറവേറലാണ് ഇവിടെ സംഭവിക്കുന്നത്. നിറവേറുന്ന സത്യങ്ങളാണ് ഓരോ വചനവും. അത് വിശ്വസിക്കേണ്ടത് ആവശ്യമാണ്.

ഈ സത്കര്‍മത്തോട്‌ സഹകരിക്കാന്‍ താല്‍പര്യം ഉള്ളവര്‍ ഫാദര്‍ ജോര്‍ജ്ജ് കണ്ണംപ്ലാക്കലുമായി ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍: 9447423229
ഇ-മെയില്‍: frgeorgekm@gmail.com, frgeorgekm@yahoo.co.in

കാരുണ്യ നികേതന്‍ കേറ്ററിംഗ് സര്‍വ്വീസ്

ഈ സ്ഥാപനത്തിന്റെ ഏറ്റവും പുതിയ സംരംഭമാണ് പുതുക്കാട് അടുത്ത് ചെങ്ങാനൂര്‍ എന്ന സ്ഥലത്ത് ആരംഭിച്ചിരിക്കുന്ന കാരുണ്യ നികേതന്‍ കേറ്ററിംഗ് സര്‍വ്വീസ്. ആ മേഖലയിലുള്ള ഏതാനും യുവജനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന ഒരു സൊസൈറ്റിയാണ് ഈ സംരംഭത്തിന്റെ അമരക്കാര്‍. 25 വര്‍ഷം മുമ്പ് ആരംഭിച്ച ഈ കേറ്ററിംഗ് സര്‍വ്വീസ് ഇപ്പോള്‍ ഏറ്റെടുത്ത് നടത്തുന്നത് ഈ സൊസൈറ്റിയാണ്. ആശ്രമത്തിന്റെ കോമ്പൗണ്ടില്‍തന്നയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ കേറ്ററിംഗ് സര്‍വ്വീസ് നടത്തുന്നതിന്  യാതൊരു സാമ്പത്തിക ലാഭവും ഇതില്‍ നിന്ന് ഇവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. അതില്‍ നിന്ന് എന്തെങ്കിലും ലഭിച്ചാല്‍ അപ്പോള്‍ത്തന്നെ ആശ്രമത്തിന് നല്‍കുകയും ചെയ്യും.

ദൈവത്തിന്റെ നിയോഗം നമ്മള്‍ ചെയ്താല്‍ ദൈവം നമ്മുടെ ജീവിതവും പ്രവര്‍ത്തനവും ക്രമീകരിക്കും. ഇതാണ് ജോര്‍ജ്ജച്ചന്റെ പ്രമാണം. ആകാശപ്പറവകളുടെ കൂട്ടുകാരെ വിട്ട് മറ്റൊരിടത്ത് പോകേണ്ടി വന്നാല്‍ ഇതുപോലൊരിടം മതി എനിക്കെന്നും അച്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു. ”അവിടെയാണ് ഞാന്‍ കൂടുതല്‍ സംതൃപ്തനും സന്തോഷവാനുമാകുന്നത്.” അച്ചന് പറയാനുള്ളത് ഇത്രമാത്രം.

കാരുണ്യനികേതന്‍: 9447 352727, 9745 553856

സുമം തോമസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.