നിത്യതയുടെ തീരമണഞ്ഞ ഫെലിക്സച്ചൻ

മാനുഷിക കണക്കുകൂട്ടലുകളെക്കാൾ വേഗത്തിൽ നിത്യതയുടെ തീരമണഞ്ഞ യുവ വൈദികനാണ് ഫെലിക്സച്ചൻ. ഈശോയെപ്പോലെ നന്മ ചെയ്ത് ഈശോയുടെ പ്രായത്തിൽ തന്നെ ഈ ലോകത്തുനിന്നും കടന്നുപോകാൻ ഭാഗ്യം ലഭിച്ച യുവപുരോഹിതൻ. പുഞ്ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറവേ പെട്ടെന്ന് ആരവം നിലച്ച് തിരശ്ശീല വീണപോലെ! കേട്ട് കൊതിതീരും മുമ്പ് തീർന്നുപോയൊരു പാട്ടുപോലെ! തീരല്ലേ തീരല്ലേ എന്ന് അനേകായിരം അഭ്യർത്ഥനകൾ ഉയരവെ ജീവന്റെയും മരണത്തിന്റെയും നാഥൻ തീരുമാനമെടുത്തു. നല്ലവനും വിശ്വസ്തനുമായ ഭൃത്യനെ വലിയ കാര്യങ്ങൾ ഏല്പിക്കാൻ വിളിച്ചുകൊണ്ടു പോകാനുള്ള തീരുമാനം! ഒരു സഹവൈദികനെ നഷ്ടപ്പെട്ടല്ലോ എന്ന വേദന സ്വർഗ്ഗത്തിൽ മാലാഖാമാർക്ക് ഒരു കൂട്ടുകാരനെക്കൂടി കിട്ടിയല്ലോ എന്ന ആനന്ദത്തിന് വഴിമാറുന്നു.

പൗരോഹിത്യ സമർപ്പണത്തിന്റെ വിസ്മയ പാതയിൽ തന്റേതായ ഒരു അജപാലനശൈലി സംഭാവന ചെയ്തിട്ടാണ് അച്ചൻ വിട പറയുന്നത്. നിഷ്കളങ്കമായ പുഞ്ചിരിയിൽ, കുട്ടികൾക്കൊപ്പമുള്ള കളിതമാശയിൽ, യുവജനങ്ങളോടുള്ള ആത്മബന്ധത്തിൽ, മുതിർന്നവരോടുള്ള കരുതലിൽ, ബലിപീഠത്തോടുള്ള തീക്ഷ്ണതയിൽ എല്ലാത്തിലും തനതായ അജപാലനശൈലി അച്ചൻ സൂക്ഷിച്ചു. ഭക്തിഭാവത്തിന് സംഗീതസ്പർശം നൽകിയുള്ള ബലിയർപ്പണം, തീക്ഷ്ണത ചോരാത്ത വചന വ്യാഖ്യാനങ്ങൾ, സഭാപ്രബോധനങ്ങളോടുള്ള അചഞ്ചലമായ വിശ്വസ്തത, ഊർജ്ജസ്വലമായ ശാന്തത, നിലപാടുകളില്‍ ഊന്നിയ ഉദാരത, സുതാര്യമായ നിഷ്പക്ഷത എന്നിവയെല്ലാം ചേർന്ന് ഇഴപാകിയ ആകർഷകവും സഫലവുമായ പൗരോഹിത്യ വ്യക്തിത്വമായിരുന്നു അച്ചന്റെ മുഖമുദ്ര.

വി. കുർബാനയ്ക്കു ശേഷം മദ്ബഹാ വിരിക്കിപ്പുറം ബലിപീഠത്തിനരികിൽ ഉപകാരസ്മരണയിൽ ലയിച്ചുനിൽക്കാറുള്ള ഫെലിക്സച്ചൻ ഇന്നുമുതൽ നിത്യപുരോഹിതനീശോയെ മുഖാഭിമുഖം കണ്ട് ആനന്ദിക്കുകയാണെന്ന പ്രത്യാശയുടെ ചൂടിൽ നമ്മുടെ വേദനയുടെ മഞ്ഞുപാളികൾ അലിഞ്ഞില്ലാതാകട്ടെ. സി. റാണി മരിയയുടെ രക്തസാക്ഷിത്വ ദിനത്തിൽ തന്നെ മറ്റൊരു സ്വർഗ്ഗീയകുസുമം കൂടി വിരിഞ്ഞല്ലോ എന്ന പ്രത്യാശയിൽ നമുക്ക് ആശ്വസിക്കാം.

ബ്രയിൻ ട്യൂമര്‍ ബാധിച്ചതിനെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ഓപ്പറേഷനു വിധേയനാവുകയും എന്നാൽ, പിന്നീട് ഇൻഫെക്ഷൻ ബാധിക്കുകയും ചെയ്തു. ഒരു മാസത്തിലേറെയായി ഫെലിക്‌സച്ചൻ അബോധാവസ്ഥയിൽ വെന്റലേറ്ററിൽ കഴിയുകയായിരുന്നു.

ഏറ്റുമാനൂരിനടുത്ത് വെട്ടിമുകൾ സെന്റ് മേരീസ് ഇടവകയിലെ പാടിയത്ത് എം.സി. അബ്രഹാമിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1983 മാർച്ച് 25 മംഗളവാർത്താ തിരുനാളിലായിരുന്നു ഫാ .ഫെലിക്സിന്റെ (അഗസ്റ്റിൻ) ജനനം.

കുറിച്ചി മൈനർ സെമിനാരി, കുന്നോത്ത് സെമിനാരി (ഫിലോസഫി), ആലുവ സെമിനാരി (തിയോളജി) എന്നീ പഠനങ്ങൾക്കു ശേഷം ഫെലിക്‌സച്ചൻ 2013 ഡിസംബർ 31-ന് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.

എടത്വ ഫൊറോനായിൽ അസിസ്റ്റന്റ് വികാരിയായും അഞ്ചൽ, പഴയെരൂർ പള്ളികളിൽ വികാരിയായും മീങ്കുളം ലൂർദ്ദ് മാതാ സ്കൂളിന്റെ ബർസാറായും സേവനമനുഷ്ഠിച്ചു. കുമരകം വടക്കുംക്കര പള്ളി വികാരിയായി സേവനം അനുഷ്ഠിച്ചു വരവെയാണ് നിര്യാണം സംഭവിച്ചത്.

25.02.2019 തിങ്കൾ രാവിലെ 7 മണിക്ക് ബഹു. ഫെലിക്സ് അച്ചൻ ദൈവസന്നിധിയിലേക്ക് യാത്രയായി. മരണസമയത്ത് അച്ചന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും അടുത്തുണ്ടായിരുന്നു. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവും സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവും രാവിലെ തന്നെ വന്ന് അച്ചന്റെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു. അച്ചന്റെ ഭൗതീകശരീരം ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

26.02.2019 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 03.15-ന് മൃതദേഹം കുമരകം വടക്കുംകര ഇടവക ദൈവാലയത്തിൽ എത്തിക്കും. 04.15-ന് ഏറ്റുമാനൂരിലുള്ള അച്ചന്റെ ഭവനത്തിലേക്ക് കൊണ്ടുപോകും. 27 ബുധനാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് അച്ഛന്റെ ഇടവകയായ ഏറ്റുമാനൂർ വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ 10.30-ന് പരിശുദ്ധ കുർബാനയോടെ മൃതസംസ്കാരം നടക്കും.

അച്ചനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. കര്‍ത്താവേ, നിന്‍റെ മദ്‌ബഹായിൽ സഞ്ചരിച്ച പാദങ്ങളെ, നിനക്ക് ആത്മീയകീര്‍ത്തനങ്ങള്‍ പാടിയിട്ടുള്ള അധരങ്ങളെ, നിന്‍റെ വിശുദ്ധ ഗ്രന്ഥത്തിൽ നോക്കിയിട്ടുള്ള നയനങ്ങളെ, വിശുദ്ധങ്ങളും വന്ദ്യങ്ങളും ആയ നിന്‍റെ രഹസ്യങ്ങളെ ആഘോഷിച്ചിട്ടുള്ള കരങ്ങളെ, നിന്നോടുള്ള സ്നേഹത്താൽ ജ്വലിച്ച ഈ ആത്മാവിനെ നീ എറ്റെടുത്താലും. ആമ്മേൻ.

ഫാ. മാത്യു നടയ്ക്കൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.