കാൽവരി സംഭവത്തിലെ നാലാമത്തെ കുരിശ്

റവ. ഡോ. അലക്സാന്‍ഡര്‍ എ. തോമസ്‌

“ഞാൻ ആലോചിക്കാറുണ്ടു് അനുഷ്ടാനങ്ങളിലും ആരാധനയാലും വിശ്വസിക്കാത്ത ഞാൻ സ്വീകരണമുറിയിൽ  ക്രിസ്തുവിന്റെ ക്രൂശിതരൂപത്തിനു മാത്രം എന്തുകൊണ്ട് ഇടം നൽകിയെന്നു. ജ്വലിക്കുന്ന ഒരു ദീപമായി ഞാൻ കുരിശിനെ കാണുന്നു. കുരിശിനെ തന്നെ ക്രിസ്തു ഉയിർത്തെഴുന്നേൽപ്പിക്കുകയായിരുന്നില്ലേ. കള്ളന്മാരെ തറച്ചുകൊല്ലാൻ ഉപയോഗിച്ചിരുന്ന കുരിശിനെ സ്വന്തം രക്തം കൊണ്ട് വിമലീകരിച്ച്, സഹനത്തിന്റെയും പരിശുദ്ധിയുടെയും പ്രതീകമാക്കി. എന്തൊരു പരിവർത്തനം.” (കാനായി കുഞ്ഞിരാമൻ, “മനസ്സിലൊരു മാനുഷശില്പം” ലേഖനം, മനോരമ 2002 മാർച്ച് 31) പ്രശസ്തശില്പി കാനായിയുടെ ചിന്തകളിൽ മങ്ങാതെ നിൽക്കുന്ന ക്രൂശിന്റെ ചിത്രമാണ് മുകളിൽ ഉദ്ധരിച്ചത്. ഇപ്രകാരം മനുഷ്യമനസ്സുകളെ പൂർണ്ണമായി കീഴടക്കാനുള്ള ഒരു പൂർവ്വചരിത്രം ക്രൂശിനുണ്ടായിരുന്നുവോ? ഇല്ലായിരുന്നു എന്നതാണ് സത്യം. മോചനം നൽകുവാൻ പഴുതുകൾ ഇല്ലാതാകുമ്പോൾ കുറ്റവാളികള്‍ക്ക് വധശിക്ഷ നൽകുന്നതിനുള്ള ഒരു ഉപകരണമായിരുന്നു കുരിശ്. ഇത്രയധികം ശാപഗ്രസ്ഥമായ ഒരു വധോപകരണം ചരിത്രത്തിൽ കാണില്ല. കുരിശിൽ തൂക്കുന്നവന് മരണം മാത്രമല്ല നിത്യമായ ശാപവും  ഈ ശിക്ഷയിൽ കൂടെ ലക്ഷ്യമാക്കുമ്പോൾ ക്രൂശുമരണത്തിന്റെ ആഴം ഗ്രഹിക്കാവുന്നതേയുള്ളൂ.

“തൂങ്ങിമരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു” (ആവ. 21:22); “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്ന് എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു” (ഗലാ. 3:13). വേദപുസ്തകം ഇതു ചൂണ്ടിക്കാട്ടുന്നു. ഇപ്രകാരം തികച്ചും അഭിശപ്തമായ അവസ്ഥയിൽ നിന്നും ആരാധ്യമായ അനുഭവത്തിന്റെ കൊടുമുടിയിലേയ്ക്ക് എത്തിച്ചേർന്ന ക്രൂശിന്റെ ഇതിഹാസം ലോകചരിത്രത്തിനു ഒരിക്കലും വിസ്മരിക്കാനാവില്ല. കാലത്തിന്റെ വെല്ലുവിളികളിൽ അനേകം ചിഹ്നങ്ങൾ അപ്രസക്തമായപ്പോൾ ക്രൂശു അജയ്യമായി നിലകൊള്ളുന്നതിന്റെ രഹസ്യം യേശുക്രിസ്തു ക്രൂശിൽ മരണപ്പെട്ടു എന്നതു മാത്രമാണ്. ഇപ്രകാരം ക്രൂശു അനുഗ്രഹത്തിന്റെ പ്രതീകമായി തീർന്നു.

ഈ അനുഭവത്തിന്റെ ജ്വലിക്കുന്ന ഒരു ചരിത്രമാണു കാൽവരി സംഭവത്തിലെ നാലാമത്തെ കുരിശിനു പറയാനുള്ളത്. അതായത് കുറേനക്കാരനായ ശിമയോൻ വഹിച്ച കുരിശ്. യേശുക്രിസ്തുവിന്റെ ക്രൂശുമരണവുമായി ബന്ധപ്പെട്ട് കർത്താവിനോടു കൂടെ കുരിശുവഹിച്ച രണ്ടു കള്ളന്മാരും യേശുവിന്റെ കുരിശു അല്പസമയത്തേക്കു് വഹിച്ചു. കുരിശു ചുമന്നവരിൽ നാലാമനുമായി തീരുന്ന ആഫ്രിക്കക്കാരനായ ശിമയോൻ എന്ന വ്യക്തിയെ സമവീക്ഷണ സുവിശേഷകർ വളരെ ചുരുങ്ങിയ വാക്കുകളിലാണു അവതരിപ്പിക്കുന്നത്. എന്നാൽ വളരെ ശ്രദ്ധേയനായ ഒരു കഥാപാത്രമായി നിലകൊള്ളുന്നു. അവിചാരിതമായി ശിമോൻ വഹിക്കേണ്ടി വന്ന കുരിശും അതുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ പരിണാമവും നമ്മുടെ ചിന്തകളിൽ ആത്മിയ ഊർജ്ജം പകരുന്നതും, ക്രൈസ്തവ പ്രയാണത്തെ ചലനാത്മകമാക്കുന്നതുമാണ്.

ക്രൂശു വഹിപ്പാൻ നിർബന്ധിതനാകുന്ന ശിമയോന്‍

“അവർ പോകുമ്പോൾ ശിമയോന്‍ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു. അവന്റെ ക്രൂശു ചുമപ്പാൻ നിർബ്ബന്ധിച്ചു.” (മത്തായി 27:32). ക്രൂശുമരണത്തിനു വിധിക്കപ്പെടുന്നയാൾ തെരുവീഥിയിലൂടെ കുരിശു വഹിച്ചുകൊണ്ടു പോകണമെന്നതു് ക്രൂശീകരണനിയമത്തിന്റെ ആദ്യഭാഗമായിരുന്നു. അപമാനവും ക്ലേശവും കുറ്റവാളിക്ക് പരമാവധി നൽകുക എന്ന ഉദ്ദേശ്യവും ഇതിലുണ്ടായിരുന്നു. തലേരാത്രിയിലെ വിസ്താരവും പീഡനങ്ങളും യേശുവിനെ തികച്ചും പരിക്ഷീണനാക്കി. അതിനാൽ കുരിശു വഹിച്ചുകൊണ്ടുള്ള ഗോൽഗോഥാ യാത്ര പ്രയാസമായി തീർന്ന സാഹചര്യവും സൂര്യാസ്തമയത്തിനു മുമ്പായി ക്രൂശികരണം പൂർത്തിയാക്കണമെന്ന നിയമവും റോമാപടയാളികളെ സന്നിഗ്ദ്ധാവസ്ഥയിൽ എത്തിച്ചു.

ഈ പ്രതിസന്ധിയിലാണ് വടക്കേ ആഫ്രിക്കയിലെ “കുറേന” യിൽ നിന്ന് യെരുശലേമിൽ പെസഹാ പെരുന്നാളിന് സംബന്ധിക്കുവാൻ എത്തിയ സിമയോനെ അവർ കാണുന്നത്. ഉദ്വേഗം സൃഷ്ടിച്ച ഈ സംഭവത്തിലെ ഒരു കാഴ്ചക്കാരൻ മാത്രമായിരുന്നു കുറേനക്കാരൻ ശിമോൻ. പടയാളികൾ അദ്ദേഹത്തെ യേശുവിന്റെ ക്രൂശു വഹിക്കുവാൻ നിർബ്ബന്ധിച്ചു. റോമൻ പടയാളികളുടെ ആജ്ഞയെ നിരസിക്കാനുള്ള അവകാശം ഇല്ലാത്തതിനാൽ ശാപഗ്രസ്തമായ കുരിശിനെ അവൻ ഏറ്റെടുത്തു. ശാപം പേറിയതിനാൽ വരാനിരിക്കുന്ന പെസഹാഭക്ഷണം പോലും നിരസ്സിക്കപ്പെടുന്ന സാഹചര്യമാണ് സംജാതമായത്.

എന്നാൽ, പടയാളികൾ ശിമോനെ ഈ കൃത്യത്തിനു നിർബ്ബന്ധിക്കാനുള്ള കാരണങ്ങൾ നാം അന്വേഷിക്കേണ്ടതാണ്. മൂന്ന് പ്രധാനസംഗതികൾ ഇവിടെ ശ്രദ്ധിക്കപ്പെടുന്നു. കറുത്ത വർഗ്ഗക്കാരൻ, അന്യദേശക്കാരൻ, അവനു വേണ്ടി വാദിക്കാൻ ആരുമില്ലാത്തവൻ. ഈ അവസ്ഥകളെ തക്കസമയത്തു കാര്യസാധ്യത്തിനായി ഭരണാധികാരികൾ ചൂഷണം ചെയ്തു. ഇത്തരം സംഭവങ്ങൾ ഇന്നും കാണപ്പെടുന്നില്ലേ? നിറത്തിന്റെയും ഭാഷയുടെയും വർഗ്ഗത്തിന്റെയും പേരിൽ പീഡിപ്പിക്കപ്പെടുന്ന സമൂഹം. മനുഷ്യാവകാശങ്ങള്‍ക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന വർത്തമാനകാലത്തിലും ഇത് യാഥാർത്ഥ്യമാണ്. ഈ ദൃശ്യപ്രവണതകൾക്കു എതിരെ പോരാടിയ മാർട്ടിൻ ലൂഥർ കിംഗിന്റെ പ്രസിദ്ധമായ പ്രഭാഷണത്തിൽ തന്റെ പ്രതീക്ഷകൾ പങ്കിടുന്നത് ഇപ്രകാരമാണ്‌. “I have a dream that one day the state of Alabama whose governor’s lips are  presently  dripping with the words of interposition and nullification, will be transformed in to a situation where little black boys and black girls will be able to join hand with little white boys and white girls and walk together as sisters and brothers.” നിന്ദിതരുടെയും പീഡിതരുടെയും പക്ഷത്തു നിൽക്കുന്ന ദൈവനീതി സിമയോന്റെ സംഭവത്തിൽ നിവർത്തിക്കപ്പെടുന്ന കാഴ്ചയാണു നാം തുടർന്നു കാണുന്നത്.

തലമുറകളിലേക്കു് സാംക്രമിക്കപ്പെടുന്ന അനുഗ്രഹവും രക്ഷാകര പദ്ധതിയിലെ വിശ്വദർശനവും

പടയാളികളുടെ സമ്മർദ്ദത്തിനു വിധേയനായി യേശുവിന്റെ ക്രൂശുവഹിച്ച ശിമയോന്‍ അഭിശപ്തമായ കണ്ടെത്തലുകളെ പഴിച്ചുകൊണ്ടായിരിക്കാം ക്രൂശു് ഏറ്റെടുത്തത്. എന്നാൽ ശിമയോന്റെ ഈ യാത്രയിൽ മുന്നോട്ടുനീങ്ങിയ തന്റെ നിമിഷങ്ങളിൽ അവൻ അനുഗ്രഹത്തിന്റെയും ആനന്ദത്തിന്റെയും അനുഭൂതികളിൽ ആമഗ്നനാകുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. കവി മാത്യു ഉലകന്തറ കവിതയിൽ ആവിഷ്കരിക്കുന്നതു് ഇപ്രകാരമാണ്.

“ക്രൂശിൻ തലയൊന്നു താങ്ങി നടക്കുവാൻ
നീചരാ മർത്യനെ നിർബ്ബന്ധിച്ചു
വൈമനസ്യത്തോടെ വന്നവനെങ്കിലും
സൈമണാ സൽകൃത്യമേറ്റുവാങ്ങി
ഒരോ ചുവടും കഴിയുമ്പോഴനന്ദ
സാരം കുരിശെന്നവനു തോന്നി.
ഇമ്പ മെഴുന്ന മധുരമാംഭാരമി
ത്തമ്പുരാൻ താങ്ങും കുരിശിനറ്റം”
(ക്രിസ്തു ഗാഥ)

ദിവ്യമായ ഈ അവബോധങ്ങൾ ശിമയോനെ ഒരു പുതിയ ദിശയിലേക്കാണ് നയിച്ചത്. പെസഹയുടെ ആനന്ദത്തിനും അനുഭവങ്ങൾക്കും ഉപരിയായി തന്റെ രക്ഷകന്റെ പിന്നാലെ ക്രൂശൂ വഹിച്ചുകൊണ്ടുള്ള യാത്ര ശിമയോനെ തികച്ചും വ്യത്യസ്തനാക്കി.” കുറേനക്കാരനെ അവർ പിടിച്ചു ക്രൂശു് ചുമപ്പിച്ചുകൊണ്ട് യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി” (ലൂക്ക 23:26). വി. ലൂക്ക മാത്രം “ക്രൂശു ചുമപ്പിച്ചുകൊണ്ടു് യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി” എന്നു് യേശുവിന്റെ ചിന്തകളുമായി ബന്ധപ്പെടുത്തി രേഖപ്പെടുത്തുന്നതു് അത്യന്തം ഹൃദയസ്പർശിയാണ്.

ഈ സംഭവത്തിന്റെ തുടർച്ച വളരെ മനോഹരമായ ഒരു ചരിത്രത്തിലേക്കാണ് നമ്മെ എത്തിക്കുന്നത്. യേശുവിൽ ദർശിച്ച ദിവ്യതേജസ്സും ക്രൂശിലെ അസാധാരണമായ സംഭവങ്ങൾക്കും ശിമയോന്‍ സാക്ഷിയാകുന്നതോടൊപ്പം തന്റെ ദിവ്യരക്ഷകനെ യേശുവിൽ കണ്ടെത്തുന്നു. സമഗ്രമായ പരിവർത്തനത്തിനു വിധേയനായിട്ടാണ് ശിമയോന്‍ തന്റെ ഭവനത്തിൽ തിരിച്ചെത്തുന്നത്. പ്രതീക്ഷയോടെ കാത്തിരുന്ന കുടുബാംഗങ്ങളോട് പെസഹയെക്കാൾ വലിയവനും ലോകരക്ഷിതാവുമായ യേശുവിനെ തനിക്കു കണ്ടെത്തുവാൻ കഴിഞ്ഞ മഹാഭാഗ്യത്തിന്റെ വിവരണവും അവന്റെ ക്രൂശു ചുമന്ന സംഭവങ്ങളും പങ്കിട്ടു. ഈ സാക്ഷ്യത്തിന്റെ മാസ്മരികതയിൽ അവർ ആമഗ്നരായി. മാത്രമല്ല തലമുറകളിലേക്കു് പകരപ്പെടുന്ന ക്രിസ്തീയസാക്ഷ്യത്തിന് ഉത്തരാഫ്രിക്കയിലെ ശിമയോന്റെ കുടുബം മുഖാന്താരവുമായി. വി. മർക്കോസിന്റെ സുവിശേഷത്തിൽ “അലക്സന്തരിന്റെയും, രൂഫസിന്റെയും അപ്പനായ ശിമോൻ” (മർക്കോ. 15:27) എന്ന് രേഖപ്പെടുത്തുമ്പോൾ അലക്സന്തരും, രൂഫസും, ഏവരാലും അറിയപ്പെടുന്ന സഭാനേതാക്കന്മാരായി തീർന്നു എന്നത് വ്യക്തമാണ്.

റോമാ ലേഖനത്തിൽ “കർത്താവിൽ പ്രസിദ്ധനായ രൂഫസിനെയും, എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്യുവിൻ” (റോമ 16.13) എന്ന് പൗലോസ് പറയുമ്പോൾ ശിമയോന്റെ സഹധർമ്മിണിയും ക്രൈസ്തവസാക്ഷ്യത്തിൽ എത്ര മുൻപന്തിയിൽ ആയിരുന്നു എന്നത് എടുത്തുപറയത്തക്കതാണ്. വി. പൗലോസ് ഈ വനിതയെ മാതൃനിർവിശേഷമായ ആദരവോടെ സ്മരിക്കുമ്പോൾ ആ അമ്മയുടെ സേവനങ്ങളും സാക്ഷ്യവും ഉദാത്തവും സഭയുടെ കെട്ടുപണിയിൽ അവർ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു എന്നതും തർക്കരഹിതമാണ്. അന്ത്യോക്യൻ സഭയിലെ ആദ്യകാല നേതൃനിരയെപ്പറ്റി പരാമർശിക്കുമ്പോൾ നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലുക്യൊസു് എന്നിവരെ എടുത്തു പറയുന്നു (അപ്പോ പ്രവൃ. 13:1). ഈ പ്രദേശങ്ങളിലെ സഭയുടെ വളർച്ചയ്ക്ക് “ക്രൂശുവഹിച്ച ശിമയോന്‍ ” മുഖ്യകാരണമായി.

Dr.Barclay പറയുന്നതു് ” It would be a most wonderful  thing if the man whose first contact with Jesus was the carrying of the cross, a task which he must have bitterly resented, was one of those directly responsible for sending out the story of the cross to all the World.”

സഭാപാരമ്പര്യങ്ങളും ചിന്തനീയമാണ്. പോളിക്കാർപ്പിന്റെ “ഫിലിപ്പിയർക്കു് എഴുതിയ ലേഖനം” എന്ന അപ്രമാണിക ഗ്രന്ഥത്തിൽ രൂഫസിനെ വളരെ ആദരണീയനായി വിശേഷിപ്പിക്കുന്നുണ്ട്. കൊർന്നല്ല്യോസ് എന്ന സഭാപിതാവ് രൂഫസ് സ്പെയിനിലെ ബിഷപ്പായി അവരോധിക്കപ്പെട്ടതായും അലക്സന്തർ രക്തസാക്ഷിത്വം വരിച്ചതായും പറയുന്നുണ്ട്. ഈ സംഭവങ്ങളുടെ സംഗ്രഹം ശിമയോന്റെ സാക്ഷ്യവും ജീവിതവുമാണെന്ന സത്യം നാം വിസ്മരിക്കരുത്. താൻ കണ്ടതും അറിഞ്ഞതും അനുഭവിച്ചതും തന്റെ ഭവനത്താൽ പകർന്നപ്പോൾ അതിന്റെ അനുഗ്രഹം തലമുറകളിലേക്കും ചരിത്രത്തിലേക്കും ആഴ്ന്നിറങ്ങി ഒരു പുതിയ സമൂഹത്തിനു രൂപം കൊടുക്കുകയാണ്. ജെയിംസ് സ്റ്റോക്കർ എന്ന ഗ്രന്ഥകാരൻ പറയുന്നു.” ശിമയോന്‍ ഒരു മണിക്കൂർ നേരത്തേയോ അല്ലെങ്കിൽ താമസിച്ചോ വന്നിരുന്നെങ്കിൽ ആ മനുഷ്യന്റെയും കുടുംബത്തിന്റെയും പിൽക്കാലചരിത്രം എത്ര വ്യത്യസ്തമാകുമായിരുന്നു.”

ക്രൂശിൽക്കൂടെ ലഭ്യമാകുന്ന രക്ഷയുടെ വിശ്വദർശനം ശിമയോന്‍ വഹിച്ച ക്രൂശിൽ നാം കാണുന്നു. നീഗർ എന്ന പേരുള്ള ശിമോൻ അതായത് നീഗ്രോ വംശജനായ ശിമയോൻ കർത്താവിന്റെ കാൽവരിയാത്രയിൽ ക്രൂശുവഹിച്ച് രക്ഷാകരപദ്ധതിയുടെ പങ്കാളിയായി തീരുന്ന സംഭവം വിപ്ലവകരമായ ഒരാശയമാണ്. വിഭജനത്തിന്റെ മതിൽക്കെട്ടുകളെ തകർത്തു പുതിയ മാനവീയതയാണ് ഇവിടെ സംജാതമാകുന്നത്. കർത്താവിന്റെ രക്ഷാകരപദ്ധതിയിൽ ഏവരും ഉൾക്കൊണ്ടിരിക്കുന്നു എന്ന വിശാലകാഴ്ചപ്പാട് പ്രകടമാകുന്നു. അതോടൊപ്പം സുവിശേഷദൗത്യം എല്ലാവരെയും ഭരമേല്പിച്ചിരിക്കുന്നു എന്ന സന്ദേശവും. പത്രോസ് കണ്ട തുപ്പെട്ടി ദർശനവും വെളിപാടു പുസ്തകത്തിൽ സിംഹാസനത്തിനു മുമ്പിൽ നിൽക്കുന്ന രക്ഷിതഗണം പ്രഘോഷിക്കുന്നതും ഇതു തന്നെയാണ്. ഈ വിശ്വദർശനത്തിന്റെ മുന്നോടിയാണു് ശിമയോന്‍ വഹിച്ച ക്രൂശ്. അത് ചരിത്രത്തെ ധന്യമാക്കുന്നു. കാൽവരി സംഭവത്തിൽ അപ്രതീക്ഷിതമായി വരികയും കർത്താവിന്റെ രക്ഷാകരപദ്ധതിയിൽ പങ്കാളിയായി ജീവിതത്തെ ദീപ്തമാക്കി പ്രത്യാശയുടെ തീരങ്ങളിലേയ്ക്ക് ചരിത്രത്തെ നയിക്കുന്ന കുറേനക്കാരനായ ശിമയോന്‍ എന്നും നമുക്കു് ഒരു പ്രചോദനമാകട്ടെ.

റവ. ഡോ. അലക്സാണ്ടര്‍ തോമസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.