ഗോതമ്പ് ഓസ്തിക്ക് പകരം യൂക്കകൊണ്ടുവരുമെന്ന വാര്‍ത്ത നിഷേധിച്ചു വത്തിക്കാന്‍ 

ഗോതമ്പിൽനിന്നുണ്ടാക്കുന്ന ഓസ്തിക്കുപകരം ‘യൂക്ക’കൊണ്ടുള്ള ഓസ്തി ദിവ്യബലിയിൽ ഉപയോഗിക്കാനുള്ള ചർച്ചകൾ ഉണ്ടാകുമെന്ന പ്രചാരണം നിഷേധിച്ച് വത്തിക്കാൻ. ദിവ്യബലിക്ക് ഗോതമ്പ് ഓസ്തി തന്നെ ഉപയോഗിക്കുമെന്നും പകരമായി യൂക്ക കൊണ്ടുവരുന്നതിനെ കുറിച്ച് ആമസോൺ സിനഡിൽ ചർച്ച നടക്കുമെന്നുമുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വത്തിക്കാൻ മെത്രാൻ സിനഡിന്റെ ജനറൽ സെക്രട്ടറിയേറ്റിൽ അണ്ടർ സെക്രട്ടറിയായ ബിഷപ്പ് ഫാബിനോ ഫാബിനി വ്യക്തമാക്കി.

സൗത്ത് അമേരിക്കയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനും ജെസ്യൂട്ട് മിഷണറിയുമായ ഫാ. ഫ്രാൻസിസ്‌കോ ടബോർഡയാണ് ഇക്കഴിഞ്ഞ ദിവസം യൂക്ക കൊണ്ടുള്ള അപ്പം ഉപയോഗിക്കുന്നതിനെ കുറിച്ച് സിനഡിൽ ചർച്ച ചെയ്യുമെന്ന് വെളിപ്പെടുത്തിയത്. ഇതിനെ എതിർത്തും അനുകൂലിച്ചും അഭിപ്രായപ്രകടനങ്ങൾ ഉണ്ടായതിനെതുടർന്നായിരുന്നു വത്തിക്കാൻ നിലപാട് വ്യക്തമാക്കിയത്.

എന്നാൽ ദിവ്യബലിയിൽ ഉപയോഗിക്കുന്ന ഓസ്തിയെയും വീഞ്ഞിനെയും കുറിച്ച് കത്തോലിക്കാസഭയിൽ കർശനമായ നിർദേശങ്ങളുള്ളതിനാൽ പുതിയ നിർദേശം വിജയിക്കില്ല എന്ന് തിയോളജി പ്രൊഫസറായ ഫാ. ജോൺ സുഹുൽസ്‌ഡോർഫ് അന്നുതന്നെ അഭിപ്രായപ്പെട്ടു. കാനൻ നിയമം 924 പ്രകാരം വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പം ഗോതമ്പിൽനിന്നും ഉണ്ടാക്കിയതായിരിക്കണം. ഇതിന് സമാനമായി കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് മുന്തിരിയിൽ നിന്നും ഉണ്ടാക്കിയതായിരിക്കണം. വീഞ്ഞിൽ വെള്ളമല്ലാതെ മറ്റൊന്നും ചേർക്കാൻ പാടില്ല.’ അതിനാല്‍ തന്നെ യുക്ക കൊണ്ടുള്ള അപ്പം ഉപയോഗിക്കില്ല എന്ന് വത്തിക്കാന്‍ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.