സി.എം.സി. സന്ന്യാസ സഭയിലെ 150 സന്യാസിനിമാർ കുട്ടനാട്ടിലെ ജനങ്ങൾക്കൊപ്പം

വെള്ളപ്പൊക്ക ദൂരിതത്തിൽ കഴിയുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി സി എം സി സന്ന്യാസ സഭയിലെ 150 സന്യാസിനിമാർ ഇന്ന് കുട്ടനാട്ടിൽ എത്തും. സി എം സി ആലുവ മൗണ്ട് കാർമൽ ജനറലേറ്റിൽ നിന്നും, സഭയുടെ 13 പ്രൊവിൻസിൽ നിന്നുമുള്ള 150 സന്യാസിനിമാർ ആണ് കാരുണ്യ ഹസ്തവുമായി എത്തുന്നത്.

സി എം സി സിസ്റ്റർമാരുടെ നേതൃത്വത്തിൽ കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് കൈനകരി, വേഴപ്ര, തകഴി തുടങ്ങിയ ദുരിതബാധിത സ്ഥലങ്ങളിൽ ഇന്ന് മെഡിക്കൽ ക്യാമ്പും, മരുന്ന് വിതരണവും നടത്തും. വൈറൽ പനി, ത്വക്ക് രോഗങ്ങൾ, കാലിൽ ഉണ്ടാകുന്ന വളംകടി എന്നിവയ്‌ക്കുള്ള പരിശോധനയും മരുന്ന് വിതരണവും ആണ് നടക്കുന്നത്. അവരുടെ സംഘത്തിൽ 14 ഡോക്ടർമാർ 25 നഴ്സ്മാർ 12 ഫാർമസിസ്റ്റുകൾ എന്നിവർ അടങ്ങുന്നു. 16 ലക്ഷത്തോളം രൂപയുടെ മരുന്നുകൾ വിതരണം ചെയ്യും.

ദുരിതബാധിതർക്ക് ആവശ്യമായ ഭക്ഷണകിറ്റും ഇവർ വിതരണം ചെയ്യും. മദർ ജനറൽ സിസ്റ്റർ സിബി നേതൃത്വം നൽകുന്ന ഈ സഹായസംഘത്തിൽ ജനറൽ കൗൺസിലർമാർ, വിവിധ പ്രൊവിൻസിലെ പ്രൊവിൻഷ്യൽമാർ, പ്രൊവിൻഷ്യൽ കൗൺസിലേഴ്‌സ് എന്നിവർ ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.