നാളെയ്ക്കായി കരുതലോടെ

‘ചെമ്പകനാട്ടിനു വന്ന വിപത്തുകള-
മ്പമ്പോ ഞാനെന്തോതേണ്ടു
പത്തരനാഴിക രാ ചെന്നപ്പോള്‍
പത്തനമെല്ലാം മുങ്ങിപ്പോയി’

മലയാളവര്‍ഷം 1099 കര്‍ക്കിടക മാസത്തിലുണ്ടായ മഹാപ്രളയത്തെ വിവരിച്ചു കൊണ്ട് ചിങ്ങംപറമ്പില്‍ തോമസ് വാദ്ധ്യാര്‍ രചിച്ച ‘ഒരു അത്യാഹിതം’ എന്ന കവിതയിലെ വരികളാണിത്. എന്റെ വല്യമ്മച്ചിയില്‍ നിന്നും ചൊല്ലി കേള്‍ക്കാറുണ്ടായിരുന്നെങ്കിലും ഈ വരികള്‍ രചിക്കുവാന്‍ ഇടയാക്കിയ ‘മഹാവിപത്തി’ന്റെ അര്‍ത്ഥതലങ്ങള്‍ മനസ്സിലായത് 94 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദേശത്തെ മുഴുവന്‍ പരിഭ്രാന്തിയിലെത്തിച്ചു കൊണ്ട് ‘ജലം’  എന്ന ‘വിസ്മയം’ കണ്ണിനു മുമ്പില്‍ ‘പ്രളയം’ ആയി തീര്‍ന്നപ്പോഴാണ്.

ഭാരതത്തിന്റെ ‘വേനല്‍ കാലവര്‍ഷ പടിവാതില്‍’ എന്നാണ് കേരള സംസ്ഥാനം അറിയപ്പെടുന്നത്. പടിഞ്ഞാറ് അറബിക്കടലിനും, കിഴക്ക് പശ്ചിമഘട്ടത്തിനും നീലഗിരിക്കുന്നുകള്‍ക്കും മദ്ധ്യേ ഏറെക്കുറെ തെക്ക്-വടക്ക് ദിശയില്‍ സ്ഥിതി ചെയ്യുന്ന കേരളത്തെ ഭൂമിശാസ്ത്രപരമായി മൂന്നായി തരംതിരിക്കാം.

1) കിഴക്ക് സ്ഥിതി ചെയ്യുന്ന ഉയര്‍ന്ന പ്രദേശം

2) കുന്നുകള്‍ നിറഞ്ഞ ഉള്‍നാട്

3) പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന താഴ്ന്ന പ്രദേശം

70-80 ശതമാനത്തോളം കാലവര്‍ഷത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ കൃഷിരീതികളാണ് ഭാരതത്തില്‍ നിലനില്‍ക്കുന്നത്. 120-140 വരെ ദിവസങ്ങളില്‍ മഴയുടെ ലഭ്യതയും വര്‍ഷംതോറും ശരാശരി 3,107 mm മഴയും ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പ്രത്യേകതകളാണ്. കേരളത്തിലെ വരണ്ട പ്രദേശങ്ങള്‍ എന്ന് വിശേഷിക്കപ്പെടുന്ന പ്രദേശങ്ങളില്‍ പോലും വര്‍ഷംതോറും ശരാശരി 1,250 mm മഴ ലഭിക്കാറുണ്ട്. ഇത്രയധികം മഴ സംസ്ഥാനത്തിന് ലഭിച്ചിട്ടും എല്ലാ ജില്ലകളെയും ഒരുപോലെ ബാധിക്കുന്ന മഴക്കെടുതികള്‍ കേരളത്തില്‍ ഗണ്യേ കുറവാണ്. പ്രകൃതി തന്നെ കനിഞ്ഞനുഗ്രഹിച്ച ചരിവുകളും, 44 നദികളും, ഹരിതാഭയും, വെള്ളം കെട്ടിനില്‍ക്കാതെ ഒഴുകിപ്പോകുവാന്‍ സഹായിക്കുന്നു. 2008 ലെ പഠനങ്ങള്‍ – കേരളത്തില്‍ ഏകദേശം 217 ല്‍ പുറത്ത് ചതുപ്പ് നിലങ്ങള്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തുന്നു. അതായത്, സംസ്ഥാനത്തിന്റെ കരഭാഗത്തിന്റെ 1/5 ഭാഗവും ചതുപ്പ് നിലങ്ങളായിരുന്നു. 40-90% വരെ ഭൂമിയില്‍ പതിക്കുന്ന മഴയെ ‘Evapotranspiration’ എന്ന പ്രക്രിയയിലൂടെ തിരികെ അന്തരീക്ഷത്തിലെത്തുവാന്‍ വൃക്ഷലതാദികള്‍ക്ക് കഴിയും. വിവിധ തരത്തിലുള്ള  ചെടികള്‍ വ്യത്യസ്ത തോതില്‍ ഈ പ്രക്രിയ കൈകാര്യം ചെയ്യുന്നു. ഇടതൂര്‍ന്ന വനവൃക്ഷങ്ങള്‍ ഇപ്രകാരം ഭൂമിയില്‍ ലഭ്യമാക്കുന്ന ജലത്തെ സമീകൃതമായി തിരിച്ച് അന്തരീക്ഷത്തില്‍ എത്തിക്കുവാന്‍ പ്രധാനപങ്ക് വഹിക്കുന്നു. ഭൂമിയില്‍ സാധാരണയായി കാണപ്പെടുന്ന ജലപ്രളയത്തിന്റെ ഉത്ഭവം പ്രധാനമായും 3 തരത്തിലാണ്.

1) ആഗോളതാപനം മൂലം, മഞ്ഞുരുകിയുള്ളത്.

2) ശക്തമായി മഴ മൂലം.

3) മനുഷ്യനിര്‍മ്മിതമായ കാരണങ്ങള്‍ മൂലമുള്ളത്.

1924 ല്‍ കേരളമനുഭവിച്ചറിഞ്ഞ ജലപ്രളയത്തെ രണ്ടാമത്തെ ഗണത്തില്‍പ്പെടുത്താം. സമുദ്രനിരപ്പില്‍ നിന്നും 6000 അടി ഉയരെയുള്ള ‘മൂന്നാര്‍’ പോലും പ്രളയബാധിതമായി. 1924 ല്‍ മൂന്നാറിന് ലഭിച്ചത് 4,850 mm മഴയും കേരളത്തിനു മുഴുവനായി 3,368 mm മഴയുമായിരുന്നു. എന്നാല്‍ 2018 ആഗസ്റ്റ് മാസം കേരളം അനുഭവിച്ച പ്രളയത്തിന്റെ ഉത്ഭവം പൂര്‍ണ്ണമായും ശക്തമായ മഴയല്ല. 2018 ആഗസ്റ്റ് മാസത്തില്‍ ലഭിച്ചത് 771 mm മഴയാണ്. ശരാശരി അളവില്‍ നിന്നും ഉയര്‍ന്നതാണെങ്കിലും, 1931 ആഗസ്റ്റ്മാസത്തില്‍ ഇതിലും ഉയര്‍ന്ന തോതില്‍ മഴ രേഖപ്പെടുത്തിയിട്ടും (1,132 mm) കേരളം പ്രളയബാധിതമായിരുന്നില്ല. ചരിത്രം നല്‍കുന്ന ഇത്തരത്തിലുള്ള തെളിവുകള്‍ അശാസ്ത്രീയമായ മനുഷ്യന്റെ ഭൂ-ഇടപെടലുകളെ പ്രകൃതിദുരന്ത കാരണങ്ങളായി നിരത്തുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ ലഭിക്കുന്ന മഴയെ അവിടെ വച്ചു തന്നെ മണ്ണിലേയ്ക്ക് കടത്തിവിടുവാനും ജീവശാസ്ത്ര-ഭൗതികശാസ്ത്ര പ്രക്രിയകള്‍ സമന്വയിച്ച് അന്തരീക്ഷത്തിലേയ്ക്ക് ജലത്തെ റീസൈക്കിള്‍ ചെയ്യുവാനും പര്യാപ്തമായ വൃക്ഷലതാദികള്‍ ഇന്ന് കുറഞ്ഞിരിക്കുന്നു. ഭൂമിയുടെ അന്തര്‍പാളികളില്‍ കാണപ്പെടുന്ന ചെറുതും വലുതുമായ ‘electronic plates’ ന്റെ ചലനങ്ങള്‍ മൂലം നദിയുടെ പ്രവാഹവഴി ഏകദേശം 30-100 വര്‍ഷങ്ങള്‍ കൂടുന്തോറും മാറുന്നു. ഇപ്രകാരം ഗതിമാറി ഒഴുകുവാന്‍ പ്രവണതയുള്ള നദികളുടെ ഒഴുക്ക് ‘അണക്കെട്ടുകള്‍’ നിര്‍മ്മിച്ച് ക്രമാതീതമായി നിയന്ത്രിക്കുന്നത് പ്രകൃതിവിരുദ്ധമാണ്.

കേരളത്തിന്റെ മറ്റ് സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി കുട്ടനാടന്‍ മേഖലയില്‍ കാണപ്പെടുന്ന ‘കളിമണ്ണ്’ വെള്ളത്തെ മണ്ണിനടിയിലേയ്ക്ക് കടത്തിവിടുവാന്‍ കൂടുതല്‍ സമയം എടുക്കുന്നതോടൊപ്പം ചൂടേല്‍ക്കുമ്പോള്‍ വികസിക്കുന്ന കളിമണ്‍പാളികള്‍ കൂടുതല്‍ വെള്ളത്തെ ഉപരിതലത്തില്‍ ശേഖരിച്ച് തങ്ങി നിര്‍ത്തിപ്പിക്കുന്നു. ഇപ്രകാരം വേനലിനു ശേഷമുണ്ടാകുന്ന മഴ കുട്ടനാടന്‍ മേഖലകളെ അതിതീവ്രമായി ബാധിക്കുന്നു. മലനിരകള്‍ നിരപ്പാക്കുന്നതോടെ ഒരു പരിതസ്ഥിതിക്ക് താങ്ങാവുന്നതിലേറെ വെള്ളം ഇവിടേയ്ക്ക് ഒഴുകിയെത്തുന്നു. കേരളത്തിന്റെ ഭൂമിശാസ്ത്ര സവിശേഷതകളില്‍ വരുന്ന നേരിയ വ്യതിയാനങ്ങള്‍ പോലും കാലവര്‍ഷത്തെ അതിസാരമായി ബാധിക്കും എന്ന് വ്യക്തം. പെട്ടെന്നുണ്ടാകുന്ന വരള്‍ച്ചയും, പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുന്ന ശക്തമായ മഴയും മനുഷ്യനിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. ദിനംപ്രതി ഉയര്‍ന്നുവരുന്ന മനുഷ്യന്റെ  ആവാസവ്യവസ്ഥിതികളെ തൃപ്തിപ്പെടുത്തുവാന്‍ ചതുപ്പുനിലങ്ങളും, വയലുകളും, വൃക്ഷലതാദികളും, നദികളും ബലിയാടുകളാക്കപ്പെടുന്നു. (2011 ല്‍ മാധവ് ഗഡ്ഗിലിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച പശ്ചിമഘട്ട പഠന റിപ്പോര്‍ട്ടിനു നേരെ കണ്ണടയ്ക്കുവാന്‍ കേരളം നിര്‍ബന്ധിതമായപ്പോഴും അറിഞ്ഞിരുന്നില്ല ഇതുപോലൊരു ദുരന്തം കാത്തിരിപ്പുണ്ടായിരുന്നുവെന്ന്.)

പ്രകൃതിസംരക്ഷണ മുന്നറിയിപ്പുമായി വന്ന 2018 ലെ ജലപ്രളയം കവര്‍ന്നെടുത്തത് ഏകദേശം 485 മനുഷ്യജീവനുകളും 20,000 കോടി രൂപയുടെ വസ്തുവകകളുമാണ്. നവകേരളം സൃഷ്ടിക്കുമ്പോള്‍ കേരളത്തിന് ഇനി ഉണ്ടായിരിക്കേണ്ടത് അല്‍പം ദീര്‍ഘവീക്ഷണമാണ്. കേരളത്തിലെ എല്ലാ പ്രദേശങ്ങളും ഉള്‍പ്പെടുന്ന പൂര്‍ണ്ണമായ ഒരു ‘geological map’ ഉണ്ടാക്കി ഗ്രാമ-നഗരസഭകളില്‍ എത്തിക്കുക. ഇനി തുടര്‍ന്നുള്ള കെട്ടിട നിര്‍മ്മാണങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്ന ഭൂമി ‘ecologically sensitive zone’ ല്‍ ഉള്‍പ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുക. പൂര്‍ണ്ണമായും പാറ പൊട്ടിക്കലും മണല്‍വാരലും വേണ്ടെന്നു വയ്ക്കുവാന്‍ സാധിക്കുകയില്ല. പ്രകൃതിയെ പ്രതികൂലമായി ബാധിക്കാത്ത തരത്തിലുള്ള പാറമടകള്‍ ‘geological map’ ല്‍ നിന്നും കണ്ടെത്തി അവിടെ നിന്നും പാറ പൊട്ടിക്കാവുന്നതാണ്-ഇപ്രകാരം തന്നെ മണല്‍വാരലും. ഇക്കഴിഞ്ഞ പ്രളയത്തിന്റെ ‘flood plain mapping’ ലഭ്യമാണ്. ഇത് നന്നായി വിശകലനം ചെയ്തു പഠിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാവുന്നതാണ്. നേരിയ തോതില്‍ എങ്കിലും ഉരുള്‍പൊട്ടല്‍ അനുഭവിച്ച സ്ഥലങ്ങളില്‍ ഏറെ ജാഗരൂകത സ്വീകരിക്കുക. അത്തരം സ്ഥലങ്ങളില്‍ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കുക. 1924 ല്‍ കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് പഠിക്കുവാന്‍ ശാസ്ത്രസാങ്കേതിക വിദ്യകള്‍ പുരോഗമിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് ആ സ്ഥിതിയല്ല. ലഭിക്കാവുന്ന എല്ലാ ‘REMOTE SENSING DATA’ യും ഉപയോഗിച്ച് കേരള ത്തില്‍ ഇനി ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ മുന്നേ കണ്ട് അവ തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുക.

പ്രകൃതിയോട് ഒത്തിടപെഴകി ജീവിക്കുവാന്‍ ഈ ആധുനിക കാലത്ത് അസംഭവ്യം എന്ന് കരുതുന്നത് തീര്‍ത്തും ശരിയായ മനോഭാവമല്ല. ഇത്തരം ദുരന്തങ്ങളുടെ ആഘാതമെങ്കിലും കുറയ്ക്കുവാന്‍ ‘നമ്മുടെ ആവശ്യങ്ങള്‍ മിതപ്പെടുത്തിയാല്‍ മതി, ലളിതമായ ഒരു ജീവിതശൈലി മതി’.

[2018 ഏപ്രില്‍ 8-13 തീയതികളില്‍ വിയന്നയില്‍ വച്ചു നടന്ന യൂറോപ്യന്‍ യൂണിയന്‍ ജിയോ സയന്‍സ് കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിച്ച വ്യക്തിയാണ് ലേഖിക]

അര്‍ച്ചന ജോസി, കടന്തോട്ട് (ജിയോ സയന്റിസ്റ്റ്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.