‘പോപ്പ് ഫ്രാന്‍സിസ്’! ഒഴുകുന്ന ആശുപത്രി

ആമസോണ്‍ മേഖലയില്‍ അനേകം രോഗികള്‍ക്ക് സ്വാന്ത്വനവും ശുശ്രൂഷയും നല്‍കി ഒഴുകുകയാണ് പോപ്പ് ഫ്രാന്‍സിസ് എന്ന് പേരുള്ള കപ്പല്‍ ആശുപത്രി. 620 മൈല്‍ ദൂരത്തോളം പരിധിയിലാണ് കപ്പല്‍ ആശുപത്രി നദിയിലൂടെ സേവനങ്ങള്‍ എത്തിക്കുക.

ദൈവവചനം പ്രഘോഷിക്കാനും മികച്ച ആരോഗ്യം പ്രദാനം ചെയ്യാനുമായി ആവശ്യക്കാരിലേയ്ക്ക് ഒഴുകിയെത്തുന്ന, തന്റെ പേര് നല്‍കിയിരിക്കുന്ന ഈ ആശുപത്രിയ്ക്ക് ഫ്രാന്‍സിസ് പാപ്പാ എല്ലാവിധ ആശംസകളും നേര്‍ന്നിരുന്നു. രോഗികളെ സുഖപ്പെടുത്തുക എന്ന ദൗത്യം നല്‍കി ക്രിസ്തു തന്റെ ശിഷ്യന്മാരെ അയച്ചതിനെയാണ് നദിയിലൂടെയുള്ള ഈ ആതുരശുശ്രൂഷയും ഓര്‍മ്മപ്പെടുത്തുന്നതെന്ന് പാപ്പാ പറഞ്ഞു.

വെള്ളത്തിനു മീതെ നടന്ന് കാറ്റിനെയും കടലിനെയും ശാന്തമാക്കിയ ക്രിസ്തുവിനെപ്പോലെ അനേകം രോഗികളിലെ അസ്വസ്ഥതകളാവുന്ന കാറ്റിനെയും കോളിനെയും ശാന്തമാക്കാന്‍ ഈ ഒഴുകുന്ന ആശുപത്രിയ്ക്ക് കഴിയട്ടെയെന്നും പാപ്പാ ആശംസിച്ചു. ആശുപത്രിയുടെ മുഖ്യആസൂത്രകനായ ബ്രസീലിലെ ഒബിഡോസ് ബിഷപ്പ്, ബെര്‍ണാഡോ ബല്‍മാനിന് അയച്ച കത്തിലാണ് പാപ്പാ ആശംസ അറിയിച്ചത്.