കൊറോണ ബാധിച്ചു ഇറ്റാലിയൻ ബിഷപ്പ് മരണമടഞ്ഞു

കൊറോണ ബാധിച്ചു ആദ്യ ബിഷപ്പ് മരണമടഞ്ഞു. എത്യോപ്യയിലെ മിഷനറി മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ബിഷപ്പ് ആഞ്ചലോ മൊറേഷി ആണ് മരണമടഞ്ഞത്. മാർച്ച് 25 നാണു അദ്ദേഹം മരിച്ചത്. സലേഷ്യൻ സഭംഗമാണ് അദ്ദേഹം.

എത്യോപ്യയിലെ പടിഞ്ഞാറൻ ഭാഗത്തുള്ള 25,000 കത്തോലിക്കർ താമസിക്കുന്ന  ഒരു മിഷനറി പ്രദേശമായ ഗാംബെല്ലയിലെ ബിഷപ്പ് ആയിരുന്നു 67 കാരനായ  ആഞ്ചലോ മോറെഷി. ഇറ്റാലിയൻ നഗരമായ ബ്രെസിയയിൽ വച്ചാണ് അദ്ദേഹം മരണമടയുന്നത്.

സലേഷ്യൻസ് ഓഫ് ഡോൺ ബോസ്‌കോ സന്യാസ സമൂഹത്തിലെ അംഗമായി 1991 മുതൽ എത്യോപ്യയിൽ ഒരു മിഷനറിയായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. 2010 ൽ ആണ് ബിഷപ്പായി നിയമിതനായത്. അദ്ദേഹത്തിന്റെ മരണത്തിൽ എത്യോപ്യൻ കത്തോലിക്കർ അനുശോചനം അറിയിച്ചു. യുവാക്കളുടെയും പാവപ്പെട്ടവരുടെയും ഇടയിലേക്ക് സ്നേഹത്തോടെ ഇറങ്ങിച്ചെന്നു അവരെ കൈപിടിച്ച് ഉയർത്തുവാൻ അദ്ദേഹം ശ്രമിച്ചിരുന്നു. എത്യോപ്യയിലെ കത്തോലിക്കാ സമൂഹം അദ്ദേഹത്തെ അബ്ബാ (പിതാവേ) എന്നാണ് വിളിച്ചിരുന്നത്.