ക്രിസ്തുമസ് ഗാനത്തിലൂടെ ക്രിസ്തുവിനെ അറിഞ്ഞ ചൈനക്കാരൻ

ക്രിസ്തുമസ് കരോള്‍ ആലപിച്ചുകൊണ്ട് ക്രിസ്തുവിനെ സ്നേഹിക്കാൻ പഠിച്ച ചൈനയിലെ ഷാങ്ഹായിൽ നിന്നുള്ള ഡലു എന്ന വിശ്വാസി താൻ ക്രിസ്തുവിനെ അനുഗമിക്കാൻ പഠിച്ചത് എങ്ങനെയെന്ന് വിവരിക്കുന്നു. ഷാങ്ഹായിലെ ഒരു കത്തോലിക്കാ പള്ളിയിൽ വെച്ച് മാമ്മോദീസ സ്വീകരിച്ചപ്പോൾ തൻ്റെ പാപങ്ങൾ കഴുകി കളയുന്ന അവസരമാണല്ലോ ഇതെന്നറിഞ്ഞുകൊണ്ട് അദ്ദേഹം ഒരു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിൻ്റെ വിശ്വാസത്തിലേക്കുള്ള യാത്ര ആരംഭിച്ചത് 2009 -ൽ ക്രിസ്മസ് കരോൾ ആലപിച്ചുകൊണ്ടായിരുന്നു.

“ഞാൻ ഒരു സംഗീത പ്രേമിയാണ്. ഒരിക്കൽ ഞാൻ ഒരു വെബ്‌സൈറ്റിൽ ഷാങ്ഹായ് കത്തോലിക്കാ ദൈവാലയത്തിൽ ഒരു ഗായകസംഘത്തിലേക്കുള്ള പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതായി ഉള്ള വാർത്ത കണ്ടു. ഞാൻ അവരെ കാണാൻ പോയി, അവർ എന്നെ സ്വീകരിച്ചു. ഈ ഗായകസംഘത്തിൽ ചേർന്നത് എൻ്റെ ജീവിതത്തിൽ വഴിത്തിരിവായി തീർന്നു.” – ഡലു പറയുന്നു. അവിടെവെച്ച് ഓരോ റിഹേഴ്‌സലിനും മുൻപ് വൈദികൻ അന്നത്തെ സുവിശേഷം വ്യാഖ്യാനിച്ച് കൊടുക്കും. അത് ഡലുവിനെ വല്ലാതെ ആകർഷിച്ചു. ആ ഗ്രൂപ്പിൽ ആലപിച്ച ക്രിസ്ത്യൻ ലാറ്റിൻ ഗാനങ്ങൾ ക്രിസ്തുവിനെ അറിയുവാൻ അദ്ദേഹത്തിന് കൂടുതൽ പ്രചോദനമായി. ഈ ഗാനങ്ങളുടെ അർത്ഥം മനസിലാക്കിയപ്പോൾ ക്രിസ്തുവിനെ കൂടുതൽ അറിയുവാനുള്ള ആഗ്രഹം അദ്ദേഹത്തിൽ ജനിച്ചു.

ഡലു ഇപ്പോൾ റോമിലാണ് താമസിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ കുടുംബം ചൈനയിൽ ആണ്. കുട്ടിക്കാലത്ത് തന്നെ കുടുംബത്തിൽ നിന്ന് സത്യം, സൗന്ദര്യം, നന്മ എന്നിവയോടുള്ള സ്നേഹം ജീവിതത്തിൽ പകർന്നിരുന്നു. കാരണം, വിശ്വാസം സ്വീകരിക്കുന്നതിന് മുൻപ് ആത്മീയമായി എല്ലാ തയ്യാറെടുപ്പുകളും അദ്ദേഹത്തിന് തന്റെ കുടുംബത്തിൽ നിന്നും അറിയാതെ തന്നെ ലഭിച്ചിരുന്നു. ഒരു അവസരത്തിനായി കാത്തിരിക്കുന്നതുപോലെയുള്ള അനുഭവം.

ഗായക സംഘത്തിൽ ചേർന്നതിനുശേഷം വൈദികൻ വിശ്വാസ പരിശീലനം നേടണമെന്ന് പറയുകയും അദ്ദേഹം അതിന് സന്നദ്ധനാവുകയും ചെയ്തു. ആറുമാസത്തെ പഠനത്തിന് ശേഷം അദ്ദേഹം കത്തോലിക്കാ സഭയെക്കുറിച്ച് കൂടുതൽ അറിയുകയും ചൈനയിലെ സഭയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് കൂടുതൽ മനസിലാക്കുകയും ചെയ്തു. ഒപ്പം ക്രിസ്തുവിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ബൈബിൾ വായിച്ചാൽ മതിയെന്ന നിർദേശത്തെ തുടർന്ന് അദ്ദേഹം ബൈബിളിൽ ക്രിസ്തുവിനെ കൂടുതൽ കണ്ടെത്താൻ തുടങ്ങി.

2010 ഡിസംബർ 20 -ന്  അദ്ദേഹത്തിന്റെ 47 – മത്തെ വയസിൽ ഷാങ്ഹായിൽ വെച്ച് മാമ്മോദീസ സ്വീകരിച്ചു. മാമ്മോദീസായ്ക്ക് ശേഷം അദ്ദേഹത്തിന് ജീവിതത്തിൽ തന്നെ വലിയ മാറ്റം സംഭവിച്ച് തുടങ്ങി. അദ്ദേഹത്തിന്റെ സ്വഭാവത്തിലെ മാറ്റം കണ്ട് ഭാര്യപോലും അതിശയപ്പെട്ടു. കത്തോലിക്കാ സഭയ്ക്ക് അനുകൂലമായി സംസാരിച്ചതിന് അദ്ദേഹത്തിന് തന്റെ ജോലി നഷ്ട്ടപ്പെട്ടു. ഒരു പത്രപ്രവർത്തകനായിരുന്ന അദ്ദേഹം സഭയ്ക്ക് അനുകൂലമായി പ്രവർത്തിക്കുവാൻ തുടങ്ങി. അങ്ങനെ ചൈനയിലെ ഏറ്റവും വലിയ സോഷ്യൽ മെസേജിംഗ് ആപ്ലിക്കേഷനായ വെചാറ്റിൽ സുവിശേഷ വായനകൾ, വ്യക്തിപരമായ ഭക്ത അഭ്യാസങ്ങൾ, വത്തിക്കാൻ വാർത്തകൾ എന്നിവ വീണ്ടും അച്ചടിക്കാൻ സഹായിച്ചു. എന്നാൽ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥർ അദ്ദേഹത്തെ വീണ്ടും ഭീഷണിപ്പെടുത്തി.

അങ്ങനെ ഒടുവിൽ അദ്ദേഹം ഇറ്റലിയിലെ അഭയാർത്ഥിയായി ജീവിക്കുവാൻ തീരുമാനിച്ചു. 2019 സെപ്റ്റംബറിൽ ഷാങ്ഹായിൽ നിന്ന് റോമിലേക്ക് പറന്ന അദ്ദേഹം ഇപ്പോൾ ഇറ്റലിയിൽ താമസിക്കുന്നു. ഡലു ഇറ്റലിയിലെ മാർഷെ മേഖലയിലാണ് താമസിക്കുന്നത്. അതായത് പതിനാറാം നൂറ്റാണ്ടിൽ ജെസ്യൂട്ട് മിഷനറിയായ മാറ്റിയോ റിച്ചിയുടെ ജന്മസ്ഥലമായിരുന്ന സ്ഥലം. ചൈനീസ് ഭാഷയിൽ ചൈനയിൽ സുവിശേഷവത്കരണം നടത്തിയ അദ്ദേഹത്തിന്റെ നാട്ടിൽ ജീവിക്കുന്നതും ഡലു ഒരു ദൈവനിയോഗമായി കാണുന്നു. ചൈനയില്‍ സ്വതന്ത്രമായി ക്രിസ്തുവിനെ പ്രഘോഷിക്കാനാവുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ഈ പുതിയ മിഷനറി.

വിവര്‍ത്തനം: സി. സൗമ്യ DSHJ  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.