സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവേശനത്തില്‍ സാമ്പത്തിക സംവരണം ഉറപ്പാക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

സംസ്ഥാനത്തെ പ്ലസ് വണ്‍, നഴ്‌സിങ്ങ് – പാരാമെഡിക്കല്‍ പ്രവേശനങ്ങളില്‍ ഈ അധ്യയനവര്‍ഷം തന്നെ പത്ത് ശതമാനം ഇ.ഡബ്ല്യു.എസ് സംവരണം നടപ്പിലാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത സമിതി യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം ഇ.ഡബ്ല്യു.എസ് സംവരണം ഉള്‍പ്പെടുത്താതെയാണ് ഈ അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍, നഴ്‌സിങ്ങ് – പാരാമെഡിക്കല്‍ പ്രവേശന വിജ്ഞാപനങ്ങളും പ്രോസ്‌പെക്ടസും അപേക്ഷ ഫോമുകളും പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തില്‍ ഇ.ഡബ്ല്യു.എസ് സംവരണം ഏര്‍പ്പെടുത്തിയിട്ട് ആറ് മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും ഇ.ഡബ്ല്യു.എസ് സംവരണം നടപ്പിലാക്കാത്തത് കടുത്ത അനാസ്ഥയും കൃത്യവിലോപവുമാണ്. ഇത് സംവരണേതര വിഭാഗങ്ങളിലെ ദരിദ്രരായ വിദ്യാത്ഥികളോടുള്ള കടുത്ത അവഗണനയും നീതിനിഷേധവുമാണ്.

മുന്നോക്ക സമുദായങ്ങളിലെ ദരിദ്രര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ പൊതുവിഭാഗത്തില്‍ നിലവിലുള്ള അവസരങ്ങള്‍ മുഴുവന്‍ മുന്നോക്ക സമുദായങ്ങളിലെ സമ്പന്നര്‍ കൈക്കലാക്കുന്നത് തടയാന്‍ കഴിയുമെന്നും യോഗം വിലയിരുത്തി. കേന്ദ്ര സര്‍ക്കാരും കേരളം ഒഴികെയുള്ള മറ്റ് വിവിധ സംസ്ഥാന സര്‍ക്കാരുകളും കഴിഞ്ഞ അധ്യയന വര്‍ഷം തന്നെ പത്ത് ശതമാനം ഇ.ഡബ്ല്യു.എസ് സംവരണം നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്ലസ് വണ്‍, നഴ്‌സിങ്ങ് – പാരാമെഡിക്കല്‍ പ്രവേശന വിജ്ഞാപനങ്ങളില്‍ ഭേദഗതി വരുത്തുവാന്‍ കേരളാ മുഖ്യമന്ത്രി ഉടന്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത സമിതി ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി വീഡിയോ കോണ്‍ഫറന്‍സ് യോഗം ഉദ്ഘാടനം ചെയ്തു. രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ജോസ് മുക്കട, സ്വപ്ന ജെയിംസ്, ഷേര്‍ളി റാവു സെക്രട്ടറിമാരായ ജെയിംസ് പോളക്കാട്ടില്‍, അഡ്വ. ബോബി പൂവ്വത്തിങ്കല്‍, അഡ്വ. റെജിമോന്‍ പെട്ടെനാല്‍, എക്‌സിക്യൂട്ടീവ് അംഗം ജെയിംസ് പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.