പരി. മാതാവിന്റെ സ്വർഗാരോപണ തിരുന്നാൾ

സാർവത്രിക സഭയിലെ ഏറ്റവും പുരാതന തിരുന്നാളുകളിൽ ഒന്നാണ് പരി. മാതാവിന്റെ സ്വർഗാരോപണ തിരുന്നാൾ. ദൈവപുത്രനായ ഈശോയ്ക്കു ജന്മം നൽകിയ പരി. കന്യകാമറിയത്തിന്റെ ശരീരം അഴിഞ്ഞു പോകാൻ ദൈവം തിരുമനസ്സായില്ല. അതുകൊണ്ടു ആത്മശരീരങ്ങളോടെ പരി. കന്യകാമറിയത്തെ സ്വർഗ്ഗത്തിലേക്കു എടുത്തു എന്ന സന്ദേശമാണ് ഈ തിരുന്നാൾ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനമാണ് മരണം. മറിയത്തെ സംബന്ധിച്ചിടത്തോളം മരണം അല്ല ഒരു പുതുജീവനാണ് അതുവഴി ഉണ്ടായത്. 1950 നവംബർ ഒന്നാം തീയതി പരി. കന്യകാമറിയത്തിന്റെ സ്വർഗാരോപണം ഒരു വിശ്വാസ സത്യമായി പന്ത്രണ്ടാം പിയൂസ് മാർപാപ്പ പ്രഖ്യാപിച്ചു. അതിനു അടിസ്ഥാനമായി മാർപാപ്പ ചൂണ്ടി കാണിക്കുന്നത് ഉത്പത്തി പുസ്തകം 3:15 ലെ വാചകങ്ങളാണ്. “നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും, അവൻ നിന്റെ തല തകർക്കും.” അങ്ങനെ ആദ്യപറുദീസയുടെ പശ്ചാത്തലത്തിലാണ് യഥാർത്ഥത്തിൽ ഈ സ്വർഗാരോപണതിരുന്നാൾ നിലനിൽക്കുന്നത്.

പൗരസ്ത്യ സഭാപിതാവായ മാർ അപ്രേം തന്റെ കീർത്തനങ്ങളിൽ പരി. കന്യകാമറിയത്തിന്റെ മഹത്വത്തെ വളരെ ദീർഘമായി പ്രദിപാദിക്കുന്നുണ്ട്. പ്രസിദ്ധമായ ‌’നിസീബിൻ ഹിംസിന്റെ (The Nisibene Hymns) ഇരുപത്തിയേഴാം ഹിമ്മിൽ അദ്ദേഹം എഴുതുന്നു. “ഈ ലോകത്തിൽ രണ്ടു പേർ മാത്രമേ പാപരഹിതരായി ഉള്ളൂ. ഒന്ന് ഈശോയും രണ്ടു ഈശോയുടെ അമ്മയായ പരി. കന്യകാമറിയവും.” ആദ്യപറുദീസയുമായി ബന്ധപ്പെടുത്തിയാണ് പരി. കന്യകാമറിയത്തെ മാർ അപ്രേം അവതരിപ്പിക്കുന്നത്. പാപത്തിനു മുൻപുണ്ടായിരുന്ന പറുദീസയുടെ പ്രതീകമാണ് പരി. കന്യകാമറിയം. ആ പറുദീസയിലേക്കാണ് ദൈവത്തിന്റെ പുത്രൻ ഇറങ്ങിവന്നത്. അവിടെ പാപത്തിന്റെ ലാഞ്ചനയില്ല; ആദ്യപാപത്തിന്റെ അനന്തരഫലങ്ങളുമില്ല. അതുകൊണ്ടുതന്നെ ആദ്യപാപത്തിന്റെ അനന്തരഫലങ്ങളായ മരണവും സാത്തന്റെ വിജയവും മാതാവിൽ ഉണ്ടായില്ല. പരിപൂർണ്ണ വിശുദ്ധി നിറഞ്ഞ മാതാവിനു സ്വർഗ്ഗത്തിലേക്കു, ആദ്യപറുദീസയിലേക്കു തന്നെ പ്രവേശിക്കാനുള്ള വലിയ വരം പരിശുദ്ധാത്മാവ് നൽകി.

ഈശോയുമായുള്ള ബന്ധമാണ് പരി. കന്യകാമറിയത്തെ ഏറ്റവും നിർമ്മലയാക്കി മാറ്റിയത്. ഈശോയെ തന്റെ ഹൃദയത്തിലും തന്റെ ശരീരത്തിലും മാതാവ് സ്വീകരിച്ചു. അതുപോലെ ഈശോയെ നമ്മുടെ ശരീരത്തിലും, ഹൃദയത്തിലും സ്വീകരിക്കാൻ സാധിച്ചാൽ നമുക്കും മാതാവിനെപ്പോലെ നിർമ്മലരായിത്തീരാൻ സാധിക്കും; സ്വർഗ്ഗപ്രവേശനവും നമുക്ക് സാധ്യമാകും എന്ന ചിന്തയാണ് ഈ തിരുന്നാൾ തരുന്നത്.

ഈശോയെ ഹൃദയത്തിൽ സ്വീകരിച്ചു, ഹൃദയം മുഴുവൻ ഈശോയെകൊണ്ട് നിറയ്ക്കുവാൻ പ്രാർത്ഥനയാണ് യഥാർത്ഥ വഴി. ഹൃദയശുദ്ധി വരുത്തുകയും അത് പ്രായശ്ചിത്തത്തിലൂടെ, പരിഹാരപ്രവർത്തിയിലൂടെ, നോയമ്പിലൂടെ ഉപവാസത്തിലൂടെ, ജാഗരണത്തിലൂടെ നമ്മുടെ ഹൃദയത്തെ ശുദ്ധീകരിച്ചു അത് ആദ്യ പറുദീസയുടെ പ്രതീകമാക്കിത്തീർക്കുക. രണ്ടാമത് വിശുദ്ധ കുർബാന സ്വീകരണത്തിലൂടെ ഈശോയെ നമ്മുടെ ശരീരത്തിലേക്ക് സ്വീകരിക്കുകയും നമ്മുടെ ഹൃദയത്തിൽ സ്ഥിരമായി ഈശോയെ വയ്ക്കുകയും ചെയ്യുന്ന ആ സാധ്യത, മാതാവിന് അന്ന് ലഭിച്ച ആ ദൈവാനുഗ്രഹം ഇന്ന് നമുക്ക് ലഭിക്കുകയാണ്. മാതാവിനെപോലെ ഈശോയുടെ അമ്മയാകാൻ സാധിക്കുക ഇല്ലെങ്കിലും നമുക്ക് ദൈവം ഒരു വലിയ അനുഗ്രഹം നൽകിയിരിക്കുകയാണ് – ഈശോയെ സ്വീകരിക്കുവാനും ശരീരത്തിന്റെ ഭാഗം ആക്കിത്തീർക്കാനും ‘ഈശോപ്രാത്ഥന’പോലെയുള്ള പ്രാർത്ഥനയിലൂടെ ഹൃദയത്തെ മുഴുവൻ ഈശോയെകൊണ്ട് നിറയ്ക്കുവാനും.

ഡോ. മാത്യു പായിക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.