കുമ്പസാര രഹസ്യം കാത്തുസൂക്ഷിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന വൈദികന്‍

വൈദികരായ എല്ലാവരും ജീവിതത്തിലെടുക്കുന്ന സുപ്രധാന വ്രതമാണ് കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുക എന്നത്. മരിക്കേണ്ടി വന്നാലും കുമ്പസാര രഹസ്യം വെളിപ്പെടുത്തുക എന്നത് അവരെക്കൊണ്ട് സാധിക്കില്ല. ഇത്തരത്തില്‍ കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുന്നതിനു വേണ്ടി വീരോചിതമായി നിലകൊണ്ട്, മരണം വരിച്ച നിരവധി വൈദികരില്‍ ഒരാളാണ് ഫാ. പീറ്റര്‍ മാരിലക്‌സ്.

1780-ല്‍ പെറുവിലാണ് ഫാ. മാരുലസ് ജനിച്ചത്. 1805-ല്‍ അദ്ദേഹം വൈദികനായി. പിന്നീട് സ്പാനിഷ് മിലിറ്ററിയുടെ ചാപ്പ്‌ലിനായി സ്പാനിഷ് സര്‍ക്കാര്‍ അദ്ദേഹത്തെ നിയമിച്ചു. 1811-ല്‍ പെറുവില്‍ സ്വാതന്ത്ര്യസമരം തുടങ്ങി. ആ സമയത്ത് വിമതര്‍ സൈനികകേന്ദ്രം ഉപരോധിക്കുകയും പട്ടാളക്കാരെ ക്രൂരപീഡനങ്ങള്‍ക്ക് വിധേയരാക്കിക്കൊണ്ട് പട്ടിണി തടങ്കലിലാക്കുകയും ചെയ്തു.

സൈനികരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും വിമതരെ അനുനയിപ്പിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കാനും ഫാ. മാരുലസ് ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും പലപ്പോഴും അത് ഫലം കണ്ടില്ല. ഡോണ്‍ റെയ്മണ്ട് റോഡിലായിരുന്നു കൈവല്‍ സൈന്യത്തിന്റെ കമാന്റന്റ്. ദിവസങ്ങള്‍ക്കുശേഷം സൈന്യത്തിലെ ഏതാനും പേരെ അദ്ദേഹം പിടിച്ചുകൊണ്ടു വന്ന് അവരുടെ നീക്കങ്ങളും രഹസ്യങ്ങളും ചോദിച്ചു. അവര്‍ സത്യം വെളിപ്പെടുത്താന്‍ തയ്യാറായില്ല. അതിന് അദ്ദേഹം ഒരു വഴി കണ്ടെത്തി. ‘നിങ്ങളെ കൊലപ്പെടുത്താന്‍ പോവുകയാണ് അതിനു മുമ്പായി കുമ്പസാരിച്ചുകൊള്ളൂ’ എന്നുപറഞ്ഞ് അവരെ ഫാ. മാരുലസിന്റെ അടുക്കലേയ്ക്ക് അയച്ചു. അദ്ദേഹത്തോട് അവര്‍ കുമ്പസാരിക്കുകയും ഉടനടി അവരെ കമാന്ഡന്റ് കൊലപ്പെടുത്തുകയും ചെയ്തു. പിന്നീട് വൈദികനോട് ചോദിച്ച് അവരുടെ രഹസ്യങ്ങള്‍ മനസിലാക്കാം എന്നതായിരുന്നു കമാന്റന്റിന്റെ ഉദ്ദേശ്യം. എന്നാല്‍, തന്നെ കൊലപ്പെടുത്തിയാലും അവരുടെ കുമ്പസാര രഹസ്യം താന്‍ വെളിപ്പെടുത്തില്ലെന്ന് ഫാ. മാരുലസ് തീര്‍ത്തുപറഞ്ഞു. അതു കേട്ട് കോപാകുലനായ കമാന്റന്റ് ആ വൈദികന്റെ നേരെ തുരുതുരാ വെടിയുതുര്‍ത്ത് അദ്ദേഹത്തെയും കൊലപ്പെടുത്തി.

വൈദികനും കമാന്റന്റും തമ്മിലുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്യപ്പെട്ടത് പിന്നീട് പുറത്തുവരികയും ചെയ്തിരുന്നു. ദൈവത്തെ ധിക്കരിച്ച് താന്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നത് ഓഡിയോ റെക്കോര്‍ഡില്‍ വ്യക്തമായി കേള്‍ക്കാം. ചുരുക്കിപ്പറഞ്ഞാല്‍ കൂദാശയുടെ പവിത്രത നഷ്ടപ്പെടുത്തുന്നതിനേക്കാള്‍, ദൈവത്തെ ധിക്കരിക്കുന്നതിനേക്കാള്‍, മരണമാണ് നേട്ടമെന്ന് ആ വൈദികന്‍ കരുതി. ഇതുപോലെ കുമ്പസാര രഹസ്യം കാത്തുസൂക്ഷിച്ചതിന്റെ പേരില്‍ മരണം സ്വീകരിക്കേണ്ടി വന്ന അനേക വിശുദ്ധരും രക്തസാക്ഷികളുമുണ്ട് സഭയ്ക്ക് മുതല്‍ക്കൂട്ടായി.