മരിക്കേണ്ടി വന്നാലും ആരും മയക്കുമരുന്ന് കടത്തരുത് – പുതിയ പദ്ധതി

ഹോങ്കോംഗ്: മയക്കുമരുന്ന് കള്ളക്കടത്ത് ചെയ്യുന്നതില്‍ നിന്നും വ്യക്തികളെ തടയാന്‍ നവപദ്ധതിയുമായി വൈദികനായ ഫാദര്‍ ജോണ്‍ വോതര്‍സ്പൂണ്‍. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒബ്ലേറ്റ് സഭാംഗമായ ഫാദര്‍ വോതര്‍സ്പൂണ്‍ ആഫ്രിക്കന്‍ തടവുകാരുടെ ചാപ്ലിനായി സേവനം ചെയ്യുകയാണ്. ഫാദര്‍ ജോണ്‍ നടപ്പിലാക്കിയ പദ്ധതി ഇപ്രകാരമാണ്; മയക്കുമരുന്ന് കടത്തി ആഫ്രിക്കന്‍ ജയിലിലായവര്‍ അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും തങ്ങളുടെ അവസ്ഥ വിവരിച്ച കത്തുകള്‍ അയയ്ക്കും. മയക്കുമരുന്ന് കള്ളക്കടത്തിന്റെ ശിക്ഷയെക്കുറിച്ചും  ജയിലിലെ അവസ്ഥയെക്കുറിച്ചും അതില്‍ വ്യക്തമായി പ്രതിപാദിക്കാന്‍ ഫാദര്‍ ജോണ്‍ എല്ലാ തടവുകാര്‍ക്കും  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ലഭിക്കുന്നവര്‍ ഈ കുറ്റകൃത്യത്തെക്കുറിച്ച് അവബോധമുള്ളവരാകുന്നു എന്ന് ഫാദര്‍ ജോണ്‍ സാക്ഷ്യപ്പെടുത്തുന്നു.

നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മയും ജീവിത പ്രാരാബ്ധങ്ങളുമാണ് പലപ്പോഴും ആഫ്രിക്കന്‍ ജനതയെ കള്ളത്തിലേക്കും മറ്റ് കുറ്റകൃത്യങ്ങളിലേക്കും ആകര്‍ഷിക്കുന്നത്. ആഫ്രിക്കയില്‍ നിന്നും ഹോങ്കോങ് വഴി ചൈനയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടക്കുന്നുണ്ട്. ആഫ്രിക്കന്‍ തടവുകാരുടെ സഹകരണത്തോടെയാണ് ഫാദര്‍ ജോണ്‍ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

വളരെ ശ്രദ്ധേയമായ മാറ്റം സൃഷ്ടിക്കാന്‍ ഈ പദ്ധതിക്ക് സാധിച്ചുവെന്ന് ഫാദര്‍ വോതര്‍സ്പൂണ്‍ കണക്കുകള്‍ സഹിതം വെളിപ്പെടുത്തുന്നു. 2012-13 വര്‍ഷത്തില്‍ ടാന്‍സാനിയായില്‍ നിന്നും മയക്കുമരുന്ന് കടത്തിയ കേസില്‍ 30-ല്‍ അധികം പേരെയാണ് ഹോങ്കോംഗ് പോലീസ് പിടികൂടിയത്. ഫാദര്‍ ജോണ്‍ ഈ പദ്ധതി ആരംഭിച്ച ശേഷം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തിന് വന്‍കുറവ് സംഭവിച്ചു.  വെറും മൂന്നു പേരെ മാത്രമാണ് കഴിഞ്ഞ വര്‍ഷം ഈ  കേസില്‍ പൊലീസ് പിടിച്ചത്.

അതുപോലെ തടവുകാര്‍ എഴുതുന്ന കത്തുകള്‍ തന്റെ വെബ്—സൈറ്റ് വഴി ഫാദര്‍ ജോണ്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ”എന്റെ ഈ എളിയ പ്രവര്‍ത്തി ആഫ്രിക്കയിലെ നൂറുകണക്കിന് യുവജനങ്ങളെയാണ് മയക്കുമരുന്ന് കടത്തുന്നതില്‍ നിന്നും തടഞ്ഞത്. മൂന്നു വര്‍ഷത്തിന് മുമ്പാണ് കത്ത് എഴുതിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. മയക്കുമരുന്ന് കടത്തുന്നത് 10 മുതല്‍ 12 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണെന്നു പല ആഫ്രിക്കന്‍ പൗരന്‍മാര്‍ക്കും അറിയില്ല.” ഫാദര്‍ ജോണ്‍ വോതര്‍സ്പൂണ്‍ പറയുന്നു.

ആഫ്രിക്കന്‍ ജനതയെ ചൂഷണം ചെയ്താണ് പലരും മയക്കുമരുന്ന് മാഫിയകളുടെ അടിമകളാകുന്നത്. ”അതിവേഗം പണമുണ്ടാക്കാം എന്ന ചിന്തയാണ് ഇത്തരം കുറ്റങ്ങള്‍ ചെയ്യുവാന്‍ എല്ലാവരേയും പ്രേരിപ്പിക്കുന്നത്. സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്നവരെ അവര്‍ ഇപ്രകാരം ചൂഷണം ചെയ്യുന്നു” എന്ന് വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റിയുടെ വൈസ് ചെയര്‍മാനായ ഡേവിഡ് ഷാന്‍ അഭിപ്രായപ്പെട്ടു.  ഫാദര്‍ ജോണ്‍ വോതര്‍സ്പൂണിന്റെ പദ്ധതി ഏറെ ഗുണം ചെയ്യുന്നതായും ഡേവിഡ് ഷാന്‍ കൂട്ടിച്ചേര്‍ത്തു.

40 -കാരിയായ ടന്‍സാനിയന്‍ സ്ത്രീ തന്റെ രാജ്യക്കാരോട് ഈ കത്തിലൂടെ പറയുന്ന കാര്യങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. സ്വന്തം നാട്ടില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ നേരിട്ടാലും പട്ടിണി കിടന്നു മരിക്കേണ്ടി വന്നാല്‍ പോലും ആരും മയക്കുമരുന്ന് കടത്തുവാന്‍ ഒരിക്കലും ശ്രമിക്കരുതെന്നാണ് അവര്‍ കത്തിലൂടെ വിവരിക്കുന്നത്.  ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആരും ഇത്തരം കുരുക്കുകളില്‍ ഉള്‍പ്പെടാതെയിരിക്കുന്നതിനുള്ള നടപടികളും ഫാദര്‍ വോതര്‍സ്പൂണ്‍ എന്ന ഓസ്—ട്രേലിയന്‍ മിഷ്ണറി വൈദികന്‍ സ്വീകരിക്കാനൊരങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.