നന്ദി റോമാ, ഞാന്‍ പോകുന്നു – പ്രാർത്ഥന പോലെ ഒരു സ്വിസ് ഗാർഡിന്റെ മടക്ക യാത്ര

ഫെയർവെൽ അല്ലെങ്കിൽ മടക്കയാത്ര എപ്പോഴും മനസ്സിൽ ഒരു പിടി വേദനയാണ് നിറയ്ക്കുക. വിദ്യാർത്ഥികളുടെ മനസ്സിൽ സൗഹൃദ കൂട്ടായ്മയിൽ നിന്നുള്ള ഒരു മടക്കമാണെങ്കിൽ ജോലിക്കാരുടെ ഇടയിൽ അത് തിരക്കുകളുടെ ലോകത്തു നിന്നും ഒരു തരം ശൂന്യതയിലേക്കുള്ള മടക്കമാണ്. പ്രവർത്തന മേഖലയിൽ നിന്ന്, സഹപ്രവർത്തകരുടെ ഇടയിൽ നിന്ന്, അതുവരെ ആസ്വദിച്ചു ചെയ്ത ജോലിയിൽ നിന്ന്… ഒക്കെയുള്ള മടക്കം. ഇത്തരം ഒരു മടക്കത്തിന്റെ വേദനയേയും മരവിപ്പിനെയും ആത്മീയ അനുഭവമാക്കി മാറ്റിയ വിൻസെന്റ് പെരിറ്റാസ് എന്ന  സ്വിസ് ഗാര്‍ഡിന്റെ അനുഭവമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

ഇരുപത്തിയാറുകാരനായ വിൻസെന്റ്, സ്വിസ് ആർമിയിൽ അംഗമായിരുന്നു. മൂന്നു വർഷത്തെ സേവനത്തിനു ശേഷം തിരികെ തന്റെ നാട്ടിലേയ്ക്ക്, ഫ്രിബോർഗിലേയ്ക്ക് മടങ്ങുമ്പോൾ വേദനയായിരുന്നു മനസ് നിറയെ. ” റോമിനെ വിട്ടു പോരുക എന്നത് അത്യന്തം വേദന ഉളവാക്കുന്നതായിരുന്നു.  സ്വിസ് ഗാർഡിനെയും പാപ്പായേയും….” തന്റെ ഫെയർവെൽ നിമിഷങ്ങൾ വിൻസെന്റ് പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. കഴിഞ്ഞ മൂന്നു വർഷം താൻ ആയിരുന്ന, സന്തോഷത്തോടെ ജോലി ചെയ്തിരുന്ന ഇടം വിട്ടു പോരുന്ന ആ സങ്കടത്തിന്റെ നിമിഷങ്ങളെ തരണം ചെയ്യുവാൻ അദ്ദേഹം തീരുമാനിച്ചു.

അതിനായി അദ്ദേഹം തിരഞ്ഞെടുത്തത് ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗത്തുള്ള കാന്റർബറിയെ റോമുമായി ബന്ധിപ്പിക്കുന്ന പുരാതന പാതയായ
ഫ്രാൻസിജെനയിലൂടെ കാൽനടയായി തിരികെ മടങ്ങുക എന്നതാണ്. വിമാനത്തിൽ ഏതാനും മണിക്കൂറുകൾ കൊണ്ട് തന്റെ നാട്ടിൽ, ഫ്രിബോർഗിൽ എത്താം. എന്നാൽ അത് വേണ്ട എന്ന് അദ്ദേഹം തീരുമാനിച്ചു. മുപ്പത്തേഴു ദിവസങ്ങൾ കൊണ്ടാണ് അദ്ദേഹം തന്റെ യാത്ര പൂർത്തിയാക്കിയത്. ഈ ദിവസങ്ങളിലെ യാത്ര ഒകെ വെറും ഒരു മടക്കയാത്ര മാത്രം ആയിരുന്നില്ല തനിക്കു. മറിച്ച് ഒരു തീർത്ഥാടനം, ഒരു ആന്തരികമായ തെറാപ്പി കൂടിയായിരുന്നു എന്ന് വിൻസെന്റ് വെളിപ്പെടുത്തുന്നു.

തടസങ്ങൾ ഏറെ നിറഞ്ഞ യാത്ര. ഈ യാത്രയിൽ വിൻസെന്റ് എന്ന ചെറുപ്പക്കാരന് പ്രചോദനം നൽകിയത്, ” ക്രിസ്തുവിനെ അനുഗമിക്കാൻ നിങ്ങൾക്ക് അൽപ്പം ധൈര്യം ആവശ്യമാണ്” എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ആയിരുന്നു. അങ്ങനെ ജൂൺ ഒന്നിന് അദ്ദേഹം യാത്ര തുടങ്ങി. അതും ഒറ്റയ്ക്ക്. തുടക്കത്തിൽ താൻ എടുത്ത തീരുമാനം തനിക്കു താങ്ങാൻ കഴിയുന്നതാണോ എന്ന ചിന്ത അദ്ദേഹത്തിൽ ഉണ്ടായിരുന്നു. എന്നാൽ വൈകാതെ അതൊക്കെ വഴിമാറുകയായിരുന്നു.

ദൈവിക പരിപാലനയിൽ ഒരു തീർത്ഥാടനം

990-ൽ റോമിലേക്ക് പോയ കാന്റർബറി അതിരൂപതാ മെത്രാൻ സിഗറിക് ഡി കാന്റർബറി എഴുതിയ കൈയെഴുത്തുപ്രതിയിൽ കണ്ടെത്തിയ വിവരണത്തെ അടിസ്ഥാനമാക്കിയാണ് ഫ്രാൻസിജെന വഴി നിർമ്മിച്ചിരിക്കുക. വഴികൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിന്സന്റിനെ സംബന്ധിച്ചിടത്തോളം ഭക്ഷണവും താമസ സ്ഥലവും ഒരു ബുദ്ധിമുട്ടായിരുന്നു. മൂന്നു വർഷം മുൻപ് അദ്ദേഹം റോമിലേക്ക് പോയതും ഈ വഴി തന്നെയായിരുന്നു. അന്ന്, മുന്നോട്ടു പോയാൽ ഭക്ഷണം കിട്ടില്ല എന്ന് ഓർമിപ്പിച്ചു കൊണ്ട് അദ്ദേഹത്തിന് ഭക്ഷണവും മറ്റും നൽകാൻ ഒരു ദമ്പതികൾ തയ്യാറായി. മൂന്നു വർഷങ്ങൾക്കു ശേഷം ഉള്ള മടക്കയാത്രയിലും ഇതു തന്നെ സംഭവിച്ചു.

ദൈവത്തോട് ചേർന്നുള്ള യാത്ര

ദീർഘ ദൂരം നടന്നു എത്തേണ്ടതുണ്ട്. ഈ അവസ്ഥയിൽ ഒരു യാത്രികന്റെ ബാഗ് എങ്ങനെ ആയിരിക്കും എന്ന് ഊഹിക്കാമല്ലോ. അത്യാവശ്യം സാധനങ്ങൾ മാത്രം. ആവശ്യത്തിന് വസ്ത്രങ്ങളും ഭക്ഷണവും വെള്ളവും അടങ്ങിയ ആ ബാഗിൽ അദ്ദേഹം തന്റെ ജപമാലയും വിശുദ്ധ ഗ്രന്ഥവും കരുതിയിരുന്നു. നടക്കുന്നതിനിടയിൽ പലപ്പോഴും ജപമാല ചൊല്ലിയിരുന്നു. അങ്ങനെ പ്രാർത്ഥിക്കുവാൻ എളുപ്പവുമാണ്. വിൻസെന്റ് പറയുന്നു. ഒപ്പം വിശുദ്ധരുടെ മാധ്യസ്ഥ്യം തേടി. വിശുദ്ധ ഗ്രന്ഥത്തെ ചേർത്തു പിടിച്ചു ആ യാത്ര തുടർന്നു.

ഒടുവിൽ, അദ്ദേഹം ഫ്രീബർഗിൽ എത്തിയപ്പോൾ വല്ലാത്തൊരു ഏകാന്തത അദ്ദേഹത്തെ പുൽകി. കൂട്ടുകാരുമൊത്ത് ദീർഘ ദൂരം യാത്ര ചെയ്ത ശേഷം വീട്ടിലേയ്ക്ക് മടങ്ങി എത്തുമ്പോൾ അനുഭവപ്പെടുന്ന ഒരു ഏകാന്തത. ആ ഏകാന്തത താനും ദൈവവുമായുള്ള അടുപ്പം ആ ദിവസങ്ങൾ കൊണ്ട് എത്രത്തോളം വർധിച്ചു എന്ന് അദ്ദേഹത്തെ ഓർമപ്പെടുത്തുകയായിരുന്നു.

ഈ യാത്രയിലുടനീളം വളരെ മനോഹരമായ ദൃശ്യങ്ങൾ അദ്ദേഹം കണ്ടു. ആ കാഴ്ചകൾ ഒക്കെയും അദ്ദേഹത്തിനു തിരികെ വീട്ടിലെത്തി മുന്നോട്ടുള്ള ജീവിതം സന്തോഷത്തോടെ തുടരുവാൻ ഉള്ള പ്രചോദനം നൽകുകയായിരുന്നു.  തിരികെ എത്തിയപ്പോൾ അതുവരെ താൻ ദൈവത്തിനായി തുറന്നിട്ട തന്റെ ഹൃദയത്തിന്റെ വാതിൽ പെട്ടന്ന് അടയുന്നത് പോലെ തോന്നി. ഈ പ്രലോഭനത്തെ ചെറുത്തു തോൽപ്പിച്ചു കൊണ്ട് ഹൃദയ വാതിൽ ദൈവത്തിനായി തുറക്കുവാൻ നമുക്ക് കഴിയണം. അദ്ദേഹം പറയുന്നു.

ജൂലൈ ഏഴാം തിയതി തന്റെ യാത്ര അവസാനിപ്പിക്കുമ്പോൾ അതുവരെ ഉണ്ടായിരുന്ന ഭയം മാറി ദൈവത്തിൽ കൂടുതൽ ആശ്രയിക്കുവാൻ അദ്ദേഹം തുടങ്ങിയിരുന്നു. ജീവിതത്തെ മുഴുവൻ മാറ്റിയ ഒരു തീർത്ഥാടനം വിൻസെന്റിന്റെ ജീവിതത്തിൽ പര്യവസാനിക്കുകയായിരുന്നില്ല. മറിച്ച് ഇനിയും തുടരും എന്ന ദൃഢനിശ്‌ചയത്തോടെ ആരംഭിക്കുകയായിരുന്നു.

മരിയ ജോസ്