മിഷന്‍ വചനവിചിന്തനം: ഒക്‌ടോബര്‍ 19, ലൂക്കാ 12: 8-12

‘മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പില്‍ മനുഷ്യപുത്രനും ഏറ്റുപറയും’ (ലൂക്കാ 12:8). പ്രേഷിതന്റെ കാതുകള്‍ക്ക് ആശ്വാസവും അവന്റെ ഹൃദയത്തിനും മനസ്സിനും വെല്ലുവിളിയും നല്‍കുന്ന യേശുവിന്റെ ഈ വാക്കുകളിലൂടെയാണ് ഇന്നത്തെ സുവിശേഷഭാഗം ആരംംഭിക്കുന്നത്.

ജയ്സൺ കുന്നേൽ

ഒരു പ്രേഷിതന്റെ/ പ്രേഷിതയുടെ ജീവിതലക്ഷ്യം അതാണ്. ദൈവത്തെ അംഗീകരിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക അല്ലെങ്കില്‍ ദൈവം അംഗീകരിക്കുന്നവരായി മാറുക. ദൈവത്തെ അംഗീകരിക്കുന്ന ഒരുവന്‍ ലോകത്തിന് പ്രകാശം നല്‍കുന്നു, അവന്‍ ജീവിതകാലം മുഴുവന്‍ അത്യുന്നതനായ ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു ജീവിക്കുന്നു. യേശുവിനെ അംഗീകരിക്കുക എന്നാല്‍ മൂന്ന് കാര്യങ്ങള്‍ അതിലടങ്ങിയിരിക്കുന്നു.

ഒന്നാമതായി യേശുവിലൂടെ വെളിപ്പെടുന്ന ദൈവപിതാവിന്റെ സ്‌നേഹസാന്നിധ്യവും പരിശുദ്ധാത്മശക്തിയും അംഗീകരിക്കുക. രണ്ടാമതായി യേശുവിന്റെ സ്‌നേഹം അംഗീകരിക്കുക. അവസാനമായി അവന്റെ അധികാരത്തെ അംഗീകരിക്കുക. അതായത്, അവന്റെ തുടര്‍ച്ചയായ സഭയെ അംഗീകരിക്കുക. ക്രൈസ്തവരെന്ന നിലയിലുള്ള വിളിയോട് വിശ്വസ്തത പുലര്‍ത്തി ജീവിക്കാന്‍ യേശു ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കുന്നു.

യേശുവിനെ പരസ്യമായി നമ്മുടെ രക്ഷകനും നാഥനുമായി അംഗീകരിക്കുമ്പോള്‍ യേശു നമ്മളെയും തന്റെ വിശ്വസ്ത ശിഷ്യരായി പരിഗണിക്കും. പീഡനങ്ങളുടെയും സഹനങ്ങളുടെയും സമയങ്ങളില്‍ യേശുവിനു സാക്ഷ്യം നല്‍കുക അല്‍പം ബുദ്ധിമുട്ടു നിറഞ്ഞ കാര്യമാണ്. പക്ഷേ, ശിഷ്യരെന്ന നിലയില്‍ യേശുവിനോടുള്ള കൂറ് എന്നും നിലനിര്‍ത്തണം. അവനോടുള്ള കൂറ് നിഷേധിക്കുമ്പോള്‍ ഈ ലോകത്തില്‍ ചിലപ്പോള്‍ താല്‍ക്കാലിക നേട്ടങ്ങള്‍ കിട്ടിയേക്കാം. പക്ഷേ, സ്വര്‍ഗ്ഗരാജ്യത്തില്‍ അവരുടെ പ്രതിഫലം ശൂന്യമായിരിക്കും. നമ്മളെ ബുദ്ധിമുട്ടിലാക്കുന്ന ഒരു വചനമാണ് യേശു അടുത്തതായി പറയുക. ‘മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോട് ക്ഷമിക്കപ്പെടും. എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോട് ക്ഷമിക്കപ്പെടുകയില്ല’ (ലൂക്കാ 12:10).

ഒരു പാപത്തിനു മാത്രം എന്തുകൊണ്ട് ക്ഷമ ലഭിക്കുകയില്ല? പുത്രനെതിരായി പറയുന്നത് ക്ഷമിക്കും. പക്ഷേ, പരിശുദ്ധാത്മാവിനെതിരായി പറയുന്നത് ക്ഷമിക്കുകയില്ല. എന്തുകൊണ്ട്? പുത്രനെതിരായി സംസാരിക്കുന്നത് തെറ്റാണ് എന്ന കാര്യം വ്യക്തമാണ്. എന്നാല്‍, പശ്ചാത്താപത്തോടെ തിരിച്ചുവന്നാല്‍ അനുരജ്ഞനം സാധ്യമാണ്. പരിശുദ്ധാത്മാവിനെതിരായ പാപം സത്യത്തിനെതിരായ പാപമാണ്. ഇതാണ് അടിസ്ഥാനപരമായി ഫരിസേയരുടെയും നിയമജ്ഞരുടെയും പാപം. അവര്‍ യേശുവിനെ വിമര്‍ശിക്കുക മാത്രമല്ല ചെയ്തത്. മറിച്ച്, സത്യത്തോട് യാതൊരു തുറവിയുമില്ലാത്ത രീതിയില്‍ യഥാര്‍ത്ഥ സത്യമായ യേശു തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കു മുമ്പിലും ദൃശ്യമായ രീതിയില്‍ സന്നിഹിതമായിട്ടും അവരുടെ ജീവിതങ്ങളെ അവരില്‍ത്തന്നെ അവര്‍ കൊട്ടിയടച്ചു. ഈ സാഹചര്യത്തില്‍ ആയിരിക്കുന്നിടത്തോളം അവര്‍ക്ക് അനുരജ്ഞനത്തിന് ഒരു സാധ്യതയുമില്ല. സുവിശേഷത്തിലെ ‘ക്ഷമ’ ഏകപക്ഷമായി ഒരുവന്റെ ഭാഗത്തു നിന്നു മാത്രം നടക്കേണ്ടതല്ല. രണ്ടു വ്യത്യസ്ത പക്ഷക്കാര്‍ ഒരുമിച്ചുവരുമ്പോഴേ അനുരജ്ഞനം സാധ്യമാകൂ.

പരിശുദ്ധാത്മാവിനെതിരായി പാപം ചെയ്യുന്നവന്‍ അനുരജ്ഞനത്തിന്റെ വാതിലുകള്‍ അടയ്ക്കുകയാണ് ചെയ്യുക. വിശ്വാസത്തിനെതിരായി ആക്രമണം നേരിടുന്ന ക്രിസ്ത്യാനികള്‍ക്കും ശുഭപ്രതീക്ഷ നല്‍കുന്ന വചനഭാഗമാണ് അടുത്തത്. സത്യത്തിന്റെ ആത്മാവിനെ നിഷേധിക്കാതിരുന്നാല്‍, ദൈവത്തിന് അവരുടെ അടുത്തു വരുവാനുള്ള സാധ്യത വ്യക്തമാക്കുകയാണിവിടെ. ‘വരാനുള്ള സമയങ്ങളില്‍ സിനഗോഗുകളിലും അധികാരികളുടെയും ഭരണാധിപന്മാരുടെയും മുമ്പിലും അവര്‍ നിങ്ങളെ കൊണ്ടുപോകുമ്പോള്‍ എങ്ങനെ, എന്ത് ഉത്തരം കൊടുക്കുമെന്നും എന്തു പറയുമെന്നും ഉത്കണ്ഠാകുലരാകേണ്ടാ’ (ലൂക്കാ 12:11) എന്ന് യേശു പഠിപ്പിക്കുന്നു. കാരണം, അവനെ രക്ഷകനായി അംഗീകരിക്കുന്നവര്‍ക്ക് പീഢനത്തിനു നടുവിലും ‘പരിശുദ്ധാത്മാവ്’ എന്ന വലിയ സഹായകന്റെ സഹായം ലഭിക്കും.

സത്യത്തിന് സാക്ഷ്യം വഹിക്കുന്ന ശുശ്രൂഷയാണ് സഭയുടെ പ്രേഷിതപ്രവര്‍ത്തനം. അവിടെ ഭയം കൂടാതെ സാക്ഷ്യം നല്‍കുക. യേശുവിനെ അംഗീകരിക്കുന്നവന്റെ ജീവിതത്തില്‍ ഭയത്തിനു സ്ഥാനമില്ല. ആദിമസഭയില്‍ യേശുവിനെ ‘സത്യമായി’ തിരിച്ചറിഞ്ഞ് അംഗീകരിച്ചപ്പോള്‍ പീഡനങ്ങളടെ നടുവിലും സഭാതരു തഴച്ചുവളര്‍ന്നു. 2019-ല്‍ World Watch List 150 രാജ്യങ്ങളില്‍ നടത്തിയ പഠനമനുസരിച്ച്, ക്രൈസ്തവരായതിന്റെ പേരില്‍ അമ്പതു രാജ്യങ്ങളില്‍ 245 മില്യണ്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നു. ഓരോ ദിവസവും പതിനൊന്നു പേര്‍ ക്രിസ്തുവിനു വേണ്ടി രക്തസാക്ഷികളാകുന്നു.

മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ വിശ്വാസത്തിന്റെ പേരില്‍ ഇതുവരെ നമുക്ക് അധികം പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടില്ല. പക്ഷേ, നമ്മുടെ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും പൊതുജനസമക്ഷം മറ്റുള്ളവര്‍ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുമ്പോള്‍ അതില്‍ എനിക്ക് വേദന തോന്നാറുണ്ടോ? അപ്പോഴും ഒരു ക്രൈസ്തവനാണ് എന്നതിന്റെ പേരില്‍ അഭിമാനിക്കാന്‍ സാധിക്കുന്നുണ്ടോ? സാധിക്കുന്നെങ്കില്‍ ഞാന്‍ യേശുവിനെ അംഗീകരിച്ചു, യേശു എന്നെയും അംഗീകരിക്കും. ഈ ദിനത്തില്‍ പീഡിതസഭകള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. ക്രൈസ്തവ വിശ്വാസം ലഭിച്ചതിന്റെ പേരില്‍ അഭിമാനിക്കാം.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS