എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ

ഓരോ ദിവസവും ആരംഭിക്കുന്നത് ദൈവ വിചാരത്തോടെ ആയിരിക്കുമ്പോൾ അന്നത്തെ ദിനം കൂടുതൽ അനുഗ്രഹ പ്രദവും സന്തോഷപ്രദവും ആയിരിക്കും. ഒന്നിച്ചു ചേർന്നുള്ള പ്രാർത്ഥന ഒരു കുടുംബത്തിന്റെ നിലനിൽപിന് തന്നെ അത്യാവശ്യം വേണ്ട ഒന്നാണ്. അനുദിനം സംഭവിക്കാവുന്ന എല്ലാ ജീവിതസാഹചര്യങ്ങളിലും സമചിത്തതയോടെ നേരിടുവാനുള്ള കൃപ പ്രാർത്ഥനയിലൂടെ നമുക്ക് ലഭിക്കും.

വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് വഴിയായി ഒരു ക്രൈസ്തവന്റെ കുടുംബത്തിലും വ്യക്തി ജീവിതത്തിലും അനേകം അനുഗ്രഹങ്ങളാണ് ലഭിക്കുന്നത്. അതിനാൽ വിശുദ്ധ കുർബാന മുടക്കാത്ത ഒരു കുടുംബം ആയിരിക്കട്ടെ നമ്മുടേത്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് വഴി ആത്മീയ ഉണർവ് മാത്രമല്ല ലഭിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലും മികച്ച വ്യക്തിയായി മാറുവാൻ നമ്മെ സഹായിക്കും.

കുടുംബാഗംങ്ങൾ എല്ലാവരും ഒന്നിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ കൈവരുന്ന സൗഭാഗ്യങ്ങൾ ഏവയെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. കുടുംബവുമായി പരസ്പരമുള്ള സ്നേഹബന്ധം

കുടുംബം ഒന്നിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് വഴിയായി പരസ്പരമുള്ള സ്നേഹബന്ധം കൂടുതൽ ശക്തിപ്പെടും. വ്യക്തിപരമായ പല പ്രശ്നങ്ങളിൽ നിന്നും നമുക്ക് മോചനം  ലഭിക്കും. മാതാപിതാക്കളും മക്കളും തമ്മിൽ ഒരു സ്നേഹ ഐക്യം രൂപപ്പെടും. ഒപ്പം കുട്ടികളിൽ നല്ല സ്വഭാവം രൂപപ്പെടാനും കാരണമാകുന്നു. ക്രമേണ അതൊരു ദിനചര്യയായി മാറും.

2. നേരത്തെ ഉണരുന്ന ശീലം

രാവിലെ എഴുന്നേറ്റ് പള്ളിയിൽ പോകുന്ന ശീലം രാവിലെ എഴുന്നേൽക്കുക എന്നത് ഒരു ദിനചര്യയായി ക്രമേണ രൂപപ്പെടുന്നതിന് ഇടയാകും. രാവിലെ എഴുന്നേറ്റ് ദൈവിക കാര്യങ്ങളിൽ വ്യാപൃതരായിരുന്നാൽ അത് ആ ദിവസത്തെ മുഴുവനും കൂടുതൽ ഉർജ്ജസ്വലമാക്കും. ബാക്കി സമയം കുടുംബാംഗങ്ങൾ ഒന്നിച്ച് ചെലവഴിക്കാനുള്ള പ്രേരണയും ഇതുവഴിയായി ലഭിക്കുന്നു.

3. സാമൂഹ്യപരമായ ബന്ധം

പള്ളിയിൽ പോകുന്നത് വഴിയായി ആ ഇടവകയിലെ മറ്റ് വ്യക്തികളുമായി നല്ല ബന്ധം ഉടലെടുക്കുന്നു. പരസ്പരമുള്ള സാഹോദര്യ ബന്ധം ക്രിസ്തുവിൽ പണിതുയർത്തുവാനുള്ള ഒരു അവസരവും കൂടിയാണിത്. അത് സാവധാനം നല്ലൊരു വ്യക്തി ബന്ധവും പരസ്പരം സ്വന്തമെന്ന അവബോധവും രൂപപ്പെടാൻ കാരണമാകുന്നു.

4. പുത്തൻ ഉണർവ്വ്

ഓരോ ദിവസവും പുത്തൻ ഉണർവോടെ തുടങ്ങുവാൻ അനുദിനമുള്ള ദിവ്യബലി അർപ്പണം നമ്മെ സഹായിക്കും. ഈ ആത്മീയ ഉണർവ്വ് നല്ലൊരു ദിവസം ആരംഭിക്കാൻ മാത്രമല്ല അന്നേദിവസം സംഭവിക്കാവുന്ന എല്ലാ അനുഭവങ്ങളെയും ധൈര്യത്തോടെ നേരിടുവാൻ നമ്മെ സഹായിക്കും.

5. നല്ല സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കുന്നു

നല്ല സുഹൃദ്ബന്ധങ്ങൾ ക്രിസ്തുവിന്റെ സ്നേഹം പങ്കുവയ്ക്കുവാൻ നമ്മെ സഹായിക്കുന്നു. വിശ്വാസത്തിൽ ഒന്നിച്ച് ഉള്ളവരും ആത്മീയമായി വളർന്നവരുമായ വ്യക്തികൾ തമ്മിലുള്ള സൗഹൃദം നല്ല ആത്മീയ ഉണർവ്വ് പ്രധാനം ചെയ്യും.