ഭിക്ഷാടകയുടെ കാലുകഴുകുന്ന സിസ്റ്റര്‍മാര്‍: വൈറലാകുന്ന വീഡിയോ ആരുടേതാണ്?

സി. സൗമ്യ DSHJ

അപരനില്‍ ക്രിസ്തുവിനെ കണ്ടെത്തിയാല്‍പ്പിന്നെ ജീവിതത്തില്‍ നിന്നും ആരെയും മാറ്റിനിര്‍ത്തുവാന്‍ സാധിക്കില്ല. അതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ. തെരുവില്‍ നിന്നും കിട്ടിയ മുഷിഞ്ഞ വേഷധാരിയായ ഒരമ്മ. ലക്ഷ്മി എന്നാണ് ആ അമ്മ പേരു പറഞ്ഞത്. കീറി പറഞ്ഞതും ചെളി പിടിച്ചതുമാണ് ആ അമ്മയുടെ വേഷം. ആ അമ്മയുടെ വേഷമോ ഭാവമോ ഒന്നും കാലു കഴുകി ചുംബിച്ച് പുതുതായി വരുന്നവരെ സ്വീകരിക്കണമെന്ന അവരുടെ പതിവ് ശൈലിക്ക് ഒരു തടസമേ അല്ലായിരുന്നു. കാലുകള്‍ ചുംബിച്ച് സ്വീകരിച്ചതാകട്ടെ മൂന്ന് സിസ്റ്റര്‍മാരും.

ചാലക്കുടിയിലെ കനകമലയിലാണ് സംഭവം. മാനസികരോഗികളായി തെരുവില്‍ നിന്നും കിട്ടുന്ന സ്ത്രീകളെ പരിപാലിക്കുന്ന ദിവ്യകാരുണ്യ ഉടമ്പടി സമൂഹം എന്ന സ്ഥലം ഇവിടെയാണ്‌. പനമ്പള്ളി കോളേജിന്റെ അടുത്ത് നിന്നും പ്രദേശവാസികള്‍ പ്രായമായ, മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഒരമ്മയെ കൊണ്ടുചെന്നാക്കുമ്പോള്‍ ആരും പ്രതീക്ഷിച്ചില്ല തെരുവില്‍ അലയുന്നവര്‍ക്ക് ഇത്തരമൊരു സ്വീകരണം ലഭിക്കുമെന്ന്.

ആ മുഷിഞ്ഞ വേഷധാരിയായ ആ അമ്മയെ ഈ സിസ്റ്റേഴ്സ് സ്വീകരിച്ചത് എങ്ങനെയാണെന്നോ? മാലയിട്ട് ബൊക്കെ കൊടുത്ത്, നിലംപറ്റെ കുനിഞ്ഞ് അവരുടെ രണ്ട് കാലുകളിലും ചുംബിച്ചുകൊണ്ട്. അടുത്ത് ചെന്ന് ഓരോരുത്തരും മാറിമാറി ഈ അമ്മയുടെ കാലുകള്‍ ചുംബിച്ചു. ലക്ഷ്മി എന്ന ആ അമ്മയെ ഇനി ദിവ്യകാരുണ്യ ഉടമ്പടി സമൂഹത്തിലെ അംഗങ്ങള്‍ പൊന്നുപോലെ നോക്കും. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ മൂന്ന് സിസ്റ്റേഴ്സ് ആണ് കാലുകള്‍ ചുംബിക്കുന്നത്. മരിയ വിയാനിയമ്മ, മോനിക്കാമ്മ, ദിവ്യകാരുണ്യ ആനന്ദാമ്മ എന്നിവര്‍.

ദിവ്യകാരുണ്യ മിഷനറി സഭാംഗമായ, ആകാശപ്പറവകളുടെ കൂട്ടുകാരന്‍ ഫാദര്‍ ജോര്‍ജ്ജ് കുറ്റിക്കല്‍ സ്ഥാപിച്ച സമര്‍പ്പിത സമൂഹമാണ് ദിവ്യകാരുണ്യ ഉടമ്പടി സമൂഹം. വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സമൂഹങ്ങള്‍! അവരുടെ ഇപ്പോഴത്തെ ഡയറക്ടര്‍ ഫാദര്‍ മാത്യു തുണ്ടത്തില്‍ ആണ്. കുറ്റിക്കല്‍ അച്ചന്‍ ഈ സഹോദരിമാരെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്ന ഒരു കാര്യമാണ് പുതുതായി ഈ സെന്ററിലേക്ക് ഒരാള്‍ വരുമ്പോള്‍ അവരെ മാലയിട്ട്, ബൊക്കെ കൊടുത്ത്, കാലുകള്‍ ചുംബിച്ച് സ്വീകരിക്കണം എന്ന്. ‘നിങ്ങള്‍ ഞങ്ങള്‍ക്ക് അത്രമേല്‍ പ്രധാനപ്പെട്ടതാണ്’ എന്നാണ് ഇതിലൂടെ അവര്‍ അര്‍ത്ഥമാക്കുന്നത്. ഈ ഒരു പ്രവര്‍ത്തിയിലൂടെ തന്നെ കടന്നുവരുന്ന ആളുടെ പേടിയും ആകുലതയും എല്ലാം മാറും.

നോമ്പുകാലത്ത് നമുക്ക് കിട്ടിയ സമ്മാനമാണ് ഈ അമ്മ എന്നുപറഞ്ഞുകൊണ്ടാണ് അവര്‍ ഈ അമ്മയെ സ്വീകരിക്കുന്നത്. ഈ നോമ്പുകാലത്ത് ആരെയും മാറ്റിനിര്‍ത്താതെ സ്നേഹിക്കുവാന്‍ നമ്മള്‍ക്കും സാധിക്കട്ടെ. പുറമേ കാണുന്ന ആകാരഭംഗിയിലല്ല, ഓരോരുത്തരുടെയും ഹൃദയത്തിലാണ് ക്രിസ്തു വസിക്കുന്നതെന്ന് ഈ സിസ്റ്റേഴ്സ് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്.

സി. സൗമ്യ DSHJ