ഇതുകൊണ്ട് എന്തു ഉപകാരം? 

”അക്കീഷ് ഭൃത്യന്മാരോട് ചോദിച്ചു: ഇവന്‍ ഭ്രാന്തനാണെന്ന് നിങ്ങള്‍ കാണുന്നില്ലേ? അവനെ നിങ്ങള്‍ എന്തിന് എന്റെ അടുക്കല്‍ കൊണ്ടുവന്നു?” (1സാമു.21:14)

ദാവീദുരാജാവ് ഒരിക്കല്‍ തന്റെ കിടക്കയില്‍ വിശ്രമിക്കവേ കൊട്ടാരത്തിന്റെ മേല്‍ക്കൂരയിലേക്ക് നോക്കി. മുകളിലിരുന്ന് വല നെയ്യുന്ന ഒരു ചിലന്തിയെ അദ്ദേഹം  കണ്ടു. അദ്ദേഹം ചിന്തിച്ചു, ഇതിനെക്കൊണ്ട് മനുഷ്യര്‍ക്ക് എന്തു ഉപകാരം? ഉടനെ അദ്ദേഹത്തിനു തോന്നി, ഇങ്ങനെയൊക്കെ ചിന്തിച്ചുകൂട്ടാന്‍ ഞാനൊരു ഭ്രാന്തനാണോ? അല്ല, ഇപ്പോഴാണ് വേറൊരു കാര്യം ഓര്‍ത്തത്, ഈ ഭ്രാന്തന്മാരെക്കൊണ്ട് ഈ ലോകത്തില്‍ എന്തു കാര്യം? അപ്പോഴാണ് അദ്ദേഹത്തെ ഒരു കൊതുക് കടിച്ചത്. ഉടനെ അദ്ദേഹത്തിന്റെ ചിന്ത അങ്ങോട്ടു തിരിഞ്ഞു. ഈ കൊതുകിനെക്കൊണ്ട് എന്താ ഉപകാരം? മനുഷ്യന്റെ ചോര കുടിക്കുക മാത്രം ചെയ്യുന്ന ഇവയെ ദൈവം എന്തിന് സൃഷ്ടിച്ചു? രാജാവിന്റെ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കാലം കരുതിവച്ചിരുന്നു.

സാവൂളിന്റെ മുന്നില്‍നിന്ന് ഒളിച്ചോടിപ്പോയ ദാവീദ് ഗത്ത് രാജാവായ അക്കീഷിന്റെ മുന്നിലെത്തി. അവന്റെ ഭൃത്യന്മാര്‍ തന്നെ തിരിച്ചറിയും എന്ന ഘട്ടമെത്തിയപ്പോള്‍ ദാവീദ് ഭാവം മാറ്റി, ഒരു ഭ്രാന്തനായി നടിച്ചു. അവന്‍ കതകുകളില്‍ കുത്തിവരക്കാന്‍ തുടങ്ങി. അവന്റെ താടിയിലൂടെ തുപ്പലൊഴുകി. അപ്പോള്‍ അക്കീഷ് രാജാവ് ഭൃത്യന്മാരോട് ചോദിച്ചു, ”ഇവനെ എന്തിന് ഇവിടെ കൊണ്ടുവന്നു? എന്റെ രാജ്യത്ത് ഭ്രാന്തന്മാര്‍ കുറവായിട്ടാണോ?”

മറ്റൊരിക്കല്‍ ദാവീദിന്റെ ഒളിവാസത്തിനിടയില്‍ അദ്ദേഹം ഒരു ഗുഹക്കുള്ളില്‍ അഭയം തേടി. അവന്റെ ശത്രുക്കള്‍ ഗുഹാമുഖത്തെത്തി. പക്ഷേ ഗുഹയുടെ വാതില്‍ക്കല്‍ ചിലന്തിവല കെട്ടിയിരിക്കുന്നതുകണ്ട് ശത്രുക്കള്‍ അകത്തുകയറിയില്ല. ആരും അകത്തുണ്ടാവുകയില്ല എന്നവര്‍ നിനച്ചു. ദൈവം കൂടെയുള്ളപ്പോള്‍ ചിലന്തിവല  കോട്ടപോലെ ശക്തമായ കാവലാണെന്ന് ദാവീദിനു മനസ്സിലായി.

ദാവീദ് തന്റെ എതിരാളിയായ സാവൂളിന്റെ വാള്‍ കൈക്കലാക്കാന്‍ അവന്റെ കൂടാരത്തില്‍ നുഴഞ്ഞുകയറി. അബ്‌നേര്‍ എന്ന ഭടന്റെ അരികിലൂടെ ദാവീദ് ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഉറക്കത്തില്‍ അയാള്‍ തന്റെ കാല്‍ ദാവീദിന്റെ ദേഹത്തേക്കിട്ടു. ദാവീദ് അവിടെ കുടുങ്ങി. അദ്ദേഹം അനങ്ങിയാല്‍ ഭടന്‍ ഉണരും. അതോടെ ദാവീദിന്റെ കഥ തീരും. നേരം വെളുക്കുവോളം അങ്ങനെ കിടന്നാലും പിടിക്കപ്പെടും. അപ്പോഴാണ് ഒരു കൊതുക് ആ ഭടനെ കടിച്ചതും അയാള്‍ കാല്‍ അനക്കിയതും. ഞൊടിയിടയില്‍ ദാവീദ് തെന്നിമാറി രക്ഷപെട്ടു.

ഇതുകൊണ്ട് എന്തു ഉപകാരം എന്ന് പല കാര്യങ്ങളെക്കുറിച്ചും നാം ചോദിച്ചിട്ടുണ്ടാകും. മനുഷ്യര്‍ ഉണ്ടാക്കുകയും കോര്‍ത്തിണക്കുകയും ചെയ്യുന്ന പല കാര്യങ്ങളും ഉപകാരമില്ലാത്തതാണെന്ന് നമുക്ക് തോന്നാം. പലപ്പോഴും വ്യക്തിപരമായി ഒരു ഗുണവും കാണാത്ത കാര്യങ്ങളെയാണ് നാം അങ്ങനെ വിധിക്കുന്നത്. അതില്‍ തെറ്റില്ല. എന്നാല്‍ വേറെ ചിലര്‍ക്ക് അവ ഉപകാരപ്പെടുന്നുമുണ്ടാകാം. എന്നാല്‍ ദൈവം ക്രമീകരിക്കുന്ന കാര്യങ്ങള്‍ അങ്ങനെയല്ല. ഒരു ഗുണവുമില്ലാത്ത കാര്യങ്ങള്‍ ദൈവത്തിന്റെ പദ്ധതിയില്‍ ഇല്ല. ഈ കൊതുകിനെ ദൈവം സൃഷ്ടിച്ചതെന്തിനാണെന്ന് ചോദിക്കുന്ന പലരുണ്ട്. കൊതുക് പലതരം പക്ഷികളുടെയും വവ്വാലിന്റെയും ഭക്ഷണമാണ്. (എന്നാല്‍പ്പിന്നെ, നമ്മളെ കൊതുകിനു വെറുതെ വിട്ടുകൂടെ? പറ്റില്ലല്ലോ. മുട്ടയിടാറാകുന്ന പെണ്‍കൊതുകിനു പ്രോട്ടീന്‍ വേണം. അത് നമ്മുടെ രക്തത്തില്‍നിന്നാണ് ശേഖരിക്കുന്നത്. അതുകൊണ്ട് നമ്മെ കടിക്കാതെ വയ്യ. പക്ഷേ ആണ്‍കൊതുക് മൂളിപ്പാട്ടും പാടി പറന്നു കളിച്ചോളും.) പുല്ലും പുല്‍ച്ചാടിയും തവളയും പാമ്പും തുടങ്ങി പരസ്പരം ആശ്രയിക്കുന്ന ആഹാരചക്രത്തില്‍ കൊതുകിനും സ്ഥാനമുണ്ട്. നമുക്ക് എല്ലാം മനസിലാകുന്നില്ല എന്നു മാത്രമേയുള്ളൂ.

ഗുണമില്ലെന്നു മാത്രമല്ല ദോഷമാണെന്ന് നാം നിനയ്ക്കുന്ന പല സംഗതികളും ജീവിതത്തില്‍ ഉണ്ടാകും. രോഗ പീഡകള്‍, ബന്ധത്തകര്‍ച്ചകള്‍, കടബാദ്ധ്യതകള്‍, ഒറ്റപ്പെടല്‍, പരാജയങ്ങള്‍, ഇരയാക്കപ്പെടല്‍ ഇവയൊന്നും ഒരു കൊതുകുകടി പോലെ നിസ്സാരമല്ല. പലതും ഹൃദയം പറിച്ചെടുക്കുന്ന തരം വേദനകള്‍ക്ക് കാരണമാകാം. പക്ഷേ അവ നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നുണ്ടെങ്കില്‍ അവയൊന്നും വെറുതെയല്ല. വേദനകള്‍ വെറുതെയല്ലെന്ന് തിരിച്ചറിയാനുള്ള ഉള്‍പ്രകാശം ലഭിക്കാന്‍തന്നെ അനേകതരം വേദനകളിലൂടെ ഒരാള്‍ കടന്നുപോകേണ്ടി വന്നേക്കാം. ദൈവത്തിന്റെ സജീവവും ശക്തവുമായ സാന്നിധ്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യാതൊന്നും–ഒരു അനുഭവവും–വെറുതെയല്ല. ഒരു ഉറുമ്പുകടി മുതല്‍, ഇന്ന് രാവിലെ കഴിച്ച ഭക്ഷണം, നമ്മുടെ ദൗര്‍ബല്യങ്ങള്‍, നാം നേരിടുന്ന അഗ്നിപര്‍വതങ്ങള്‍, നമ്മോട് ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തികള്‍ ഓരോരുത്തരും തുടങ്ങി, ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന ഈ കുറിപ്പുവരെ ഒന്നും വെറുതെയല്ല. ഇവയെ ദൈവസ്‌നേഹത്തിന്റെ ഇടപെടല്‍വേദികളായി മനസ്സിലാക്കാന്‍ പറ്റുന്നവര്‍ക്ക് ഇവകൊണ്ട് കാര്യമുണ്ടെന്ന് തോന്നും.

ഡോ. മാത്യു ഇല്ലത്തുപറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.