കുടുംബത്തിലെ എല്ലാവരും ഒന്നു ചേര്‍ന്നുള്ള ക്രിസ്തുമസ് പാചകം

ക്രിസ്തുമസ് ഇങ്ങെത്തി. 25 ദിവസത്തെ നോമ്പ് അങ്ങനെ തീരാറായി. ഈ ക്രിസ്തുമസ്സിന് നമുക്ക് ചിക്കന്‍ വിഭവങ്ങളിലെ രാജാവായ ചിക്കന്‍ കടായി പരീക്ഷിച്ചാലോ. ഇതു തയ്യാറാക്കുന്നത് അമ്മ ഒറ്റക്കല്ല. കുടുംബത്തിലെ എല്ലാവരും ഒന്നു ചേര്‍ന്നാണ്. അപ്പോള്‍ അതിന്റെ സ്വാദും കൂടും.

ചേരുവകള്‍

ചിക്കന്‍ – 1/2 കി.
സവാള – 2
തക്കാളി – 2
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – ഒരു ടേബിള്‍ സ്പൂണ്‍
നെയ്യ് – രണ്ട് ടീസ്പൂണ്‍
ഉലുവ – ഒരു ടീസ്പൂണ്‍
ജീരകം – ഒരു ടീസ്പൂണ്‍
ഏലക്കായ് – 4
ചിക്കന്‍മസാല – ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കുരുമുളക് പൊടി – ഒരു ടീസ്പൂണ്‍
ചുവന്ന മുളക് – 2
ഗരം മസാല പൊടിച്ചത് – ഒരു ടീസ്പൂണ്‍
മല്ലിയില, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ വാങ്ങിവരുന്നതോടെ തീരുന്നില്ല അപ്പന്റെ ഡ്യൂട്ടി. അത് ചെറിയ കഷണങ്ങളാക്കി, കഴുകി എടുക്കുന്നതും അപ്പന്‍ തന്നെ. ഈ സമയം സവോള, തക്കാളി, വെളുത്തുള്ളി, ഇഞ്ചി ഇതൊക്കെ അരിയുവാന്‍ അമ്മയുടെ കൈയ്യില്‍ എടുത്ത് കൊടുക്കുന്നത് മക്കള്‍. ശേഷം ചീനച്ചട്ടി മക്കള്‍ അമ്മയുടെ കൈയ്യില്‍ എടുത്തു കൊടുക്കുന്നു. അമ്മ അത് അടുപ്പില്‍ വച്ച് ചൂടാക്കുമ്പോള്‍, അതിലേക്ക് നെയ്യ് ഒഴിച്ച്, ഉലുവ പൊട്ടിച്ചശേഷം ജീരകം ഏലക്ക എന്നിവയിട്ടു പൊട്ടിക്കുക. ശേഷം ചുവന്നമുളകും ഇട്ടു മൂപ്പിക്കുക. മസാലപ്പൊടികളെല്ലാം അളവില്‍ എടുത്തുവച്ചത് അച്ഛന്‍ മസാലപ്പൊടികള്‍ ഇട്ടു വഴറ്റിയശേഷം, സവാള ഇട്ടുവീണ്ടും വഴറ്റി രണ്ടുമിനിറ്റിനകം ഇഞ്ചി, വെളുത്തുള്ളി, ചതച്ചതും ചേര്‍ക്കുക.

ഇനി ചിക്കന്‍ ഇട്ടശേഷം തീ കുറച്ചുവെച്ച് വേവിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. വെള്ളം ഒട്ടും ഒഴിക്കരുത്. ഇടക്കിടക്ക് ഇളക്കി കൊടുക്കാം അത് അച്ഛനും മക്കളും മാറി മാറി ചെയ്യാം. ഇരുപതു മിനിട്ടിനുശേഷം തക്കാളി മിക്‌സിയില്‍ അടിച്ചെടുത്ത് ചേര്‍ക്കുക. ഇനി മല്ലിയില ചേര്‍ക്കുക. അഞ്ചുമിനിട്ട് കഴിഞ്ഞ് അടപ്പുതുറന്ന് മല്ലിയില അലങ്കരിച്ച് വിളമ്പാം.

ഇത് ചോറിന്റെ കൂടെയോ, അപ്പത്തിന്റെ കൂടെയോ കഴിക്കുമ്പോള്‍ കുടുംബത്തിലെ എല്ലാവര്‍ക്കും അഭിമാനവും സന്തോഷവും തോന്നും കാരണം, അമ്മയോടൊപ്പം അപ്പനും മക്കളും അവരാല്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍ ഈ വിഭവം ഉണ്ടാക്കുവാന്‍ ചെയ്തിട്ടുണ്ട്. പരസ്പരം സംസാരിച്ചും സഹകരിച്ചും അടുക്കളയില്‍ ഒരു വിഭവം തയ്യാറാക്കുമ്പോള്‍, ഉണ്ടാകുന്ന സന്തോഷത്തില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങള്‍ നല്ല ജീവിതമൂല്യങ്ങള്‍ കൂടി ആര്‍ജ്ജിച്ചെടുക്കും.

സാധാരണ ആഘോഷ ദിവസങ്ങളില്‍ ടിവി പ്രോഗ്രാം കണ്ടു സമയം കളയുന്നവരാകും നമ്മുടെ കുഞ്ഞുങ്ങള്‍. അടുക്കളയില്‍ ഒരു വിഭവം തയ്യാറാക്കുവാന്‍ സഹായിക്കാന്‍ അവര്‍ തയ്യാറാകുമ്പോള്‍ അഥവാ നമ്മള്‍ അവരെ തയ്യാറാക്കുമ്പോള്‍, നസ്രത്തിലെ തിരുകുടുംബത്തില്‍ മാതാപിതാക്കള്‍ക്ക് വിധേയനായി ജീവിച്ച ഉണ്ണീശോയുടെ വിധേയത്വം നമ്മുടെ കുഞ്ഞുങ്ങളുടെയും ജീവിതത്തിലും ഉണ്ടാകും. അതിനുള്ള വേദിയാകട്ടെ ഈ ക്രിസ്തുമസ്.

രമ്യാ മാത്യു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.