ഫുള്‍ട്ടെന്‍ ജെ. ഷീനും ദിവ്യകാരുണ്യ അത്ഭുതവും

ഫുള്‍ട്ടണ്‍ ജെ. ഷീന്‍ നവവൈദികനായിരുന്ന കാലം. ഒരു സായംകാലത്ത് അദ്ദേഹം തന്റെ ഇടവകയിലെ ജനങ്ങളെ കുമ്പസാരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. അന്ന്, അക്കാലത്ത് പതിവിലും അധികം പേര്‍ വി. കുമ്പസാരമെന്ന കരുണയുടെ കൂദാശയ്ക്ക് അണഞ്ഞിരുന്നു. ഒരു യുവതിയും വന്ന് കുമ്പസാരക്കൂടിനടുത്ത് മുട്ടുകുത്തി. അച്ചന്‍ അവളെ ആശീര്‍വദിച്ചു. എന്നാല്‍ കുമ്പസാരം നടത്തുന്നതിനു പകരം അവള്‍ പറഞ്ഞത് ഇങ്ങനെയാണ്. “അച്ചാ, എനിക്ക് കുമ്പസാരത്തില്‍ വിശ്വാസമില്ല.” “അപ്പോള്‍ പിന്നെ എന്തിനാണു നീ കുമ്പസാരക്കൂടിനു സമീപം വന്നത്” അച്ചന്‍ തിരക്കി. “എന്റെ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി അമ്മയെ കബളിപ്പിച്ച്‌ തൃപ്തിപ്പെടുത്താനാണ് ഞാന്‍ വന്നത്” എന്ന് അവള്‍ പറഞ്ഞു. “നിനക്ക് കുമ്പസാരത്തില്‍ വിശ്വാസമില്ലെങ്കില്‍ നീ സമാധാനത്തില്‍ മടങ്ങിപ്പോവുക” അതായിരുന്നു ഫാ. ഫുള്‍ട്ടന്‍ അവള്‍ക്കു നൽകിയ നിര്‍ദ്ദേശം. ആ യുവതി കുമ്പസാരിക്കാതെ മടങ്ങിപ്പോയി.

ആ നല്ല വൈദികന്‍ പിന്നീട് താന്‍ കണ്ടുമുട്ടുന്ന ഓരോരുത്തരോടും ഇങ്ങനെ അഭ്യര്‍ത്ഥിക്കാന്‍ തുടങ്ങി. “നിങ്ങളുടെ സമയം അനുവദിക്കുമെങ്കില്‍ എന്റെ നിയോഗത്തില്‍ ഒരു മണിക്കൂര്‍ പരിശുദ്ധ കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ദിവ്യ ഈശോയെ ആരാധിക്കുക.” നിരവധി വിശ്വാസികള്‍ അച്ചന്റെ നിര്‍ദ്ദേശം ഗൗരവമായി എടുത്ത് അപ്പോള്‍ത്തന്നെ ആരാധന നടത്തുകയുണ്ടായി.

കുമ്പസാരമെല്ലാം കഴിഞ്ഞ് അച്ചനും മുട്ടിന്മേല്‍ നിന്ന് ദിവ്യകാരുണ്യ ഈശോയെ ആരാധിക്കാന്‍ തുടങ്ങി. കുമ്പസാരത്തില്‍ വിശ്വാസമില്ലെന്നു പറഞ്ഞുപോയ പെണ്‍കുട്ടിയുടെ മാനസാന്തരമായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. പല ദിവസങ്ങളിലും പാതിരാത്രി വരെ അദ്ദേഹം ദൈവാലായത്തില്‍ ആരാധനയില്‍ മുഴുകിയിരുന്നു. അധികം വൈകാതെ ഒരു ദിവസം പള്ളിയിലെ ലൈറ്റുകള്‍ അണച്ചിരുന്നു എങ്കിലും 11 മണി ആയപ്പോള്‍ പള്ളിയുടെ കവാടത്തില്‍ ആരോ ശക്തമായി മുട്ടുന്നത് അച്ചന്‍ ശ്രദ്ധിച്ചു. അദ്ദേഹം എഴുന്നേറ്റു ചെന്ന് കതക് തുറന്നു. ഒരു യുവതിയും അവളുടെ അമ്മയുമായിരുന്നു അച്ചനെ കാത്ത് പള്ളിക്കു പുറത്ത് നിന്നിരുന്നത്. യുവതി മുന്നിലും അമ്മ പിറകിലും.

“എന്താ മകളേ, ഈ സമയത്ത് നിങ്ങള്‍ ദൈവാലയത്തിലേയ്ക്കു വന്നത്” അദ്ദേഹം ചോദിച്ചു. “അച്ചാ, ഞാനാണ്. ഒരിക്കല്‍ കുമ്പസാരക്കൂട്ടില്‍ വന്ന് എനിക്ക് കുമ്പസാരത്തില്‍ വിശ്വാസമില്ലെന്ന് അച്ചനോടു പറഞ്ഞത്. അച്ചാ, എന്നോടു ക്ഷമിക്കണം. എന്റെ കുമ്പസാരം അച്ചന്‍ ഇപ്പോള്‍ത്തന്നെ കേള്‍ക്കണം. ഈശോയുടെ കാരുണ്യം അച്ചന്റെ നാവിലൂടെയും എനിക്ക് കരഗതമാവട്ടെ.”

ദിവ്യകാരുണ്യ ഈശോ പ്രവര്‍ത്തിച്ച അത്ഭുതമെന്നാണ് ഫുള്‍ട്ടെന്‍ ജെ. ഷീന്‍ പിന്നീട് ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ഇത്തരത്തില്‍ ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതല്‍ ചെയ്തുതരാന്‍ കഴിവുള്ള ദിവ്യകാരുണ്യത്തെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.