ഈ അടുത്ത കാലത്ത് സന്യാസിനി ആയ അനുജത്തിക്ക്, ജേര്‍ണലിസ്റ്റ് ആയ ചേച്ചി നല്‍കുന്ന ഉപദേശം: വായിച്ചിരിക്കേണ്ട ഒരു കുറിപ്പ്

ഈ അടുത്ത കാലത്ത് സന്യാസിനി ആയ അനുജത്തിക്ക്, ജേര്‍ണലിസ്റ്റ് ആയ ചേച്ചി നല്‍കുന്ന ഉപദേശം: വായിച്ചിരിക്കേണ്ട ഒരു കുറിപ്പ്.

“എന്താ നിന്റെ ആഗ്രഹം?” അതായിരുന്നു ചോദ്യം.

“എനിക്ക് വിശുദ്ധയാകണം, വിശുദ്ധയായ ഒരു സിസ്റ്റർ ആകണം.” എൽ.പി. ക്ലാസിൽ പഠിക്കുന്ന അവളുടെ ഉത്തരം ഉടനെ വരും.

ആ മറുപടി പലരുടെയും ഉള്ളിൽ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചിട്ടുണ്ട്. കുടുംബത്തിൽ ഒരുപാട് സന്യാസിനിമാരുള്ളതല്ലേ, കോൺവെന്റ് സ്‌കൂളിൽ പഠിക്കുന്നതല്ലേ, കുറച്ചു കഴിയുമ്പോ ഇതൊക്കെ മാറിക്കോളും എന്നു പറഞ്ഞവരായിരുന്നു അവളുടെ ഈ ആഗ്രഹത്തിന്റെ കേൾവിക്കാരിൽ ഭൂരിഭാഗവും. ആ മൂന്നാം ക്ലാസുകാരി വളർന്നു; പത്താം ക്‌ളാസ് കഴിഞ്ഞു; പ്ലസ്‌ടുവും ഡിഗ്രിയും കഴിഞ്ഞു. ഇന്ന് എസ്.ഡി. സന്യാസിനീ സമൂഹത്തിൽ അംഗമായി, ഒരു സന്യാസിനിയായി മാറി.”

ഈ  പറഞ്ഞുവരുന്നത് ആരെക്കുറിച്ചാണ്‌ എന്നു ചോദിച്ചാൽ എന്റെ അനിയത്തി സി. ആനി ജോസ് തയ്യിൽ കിഴക്കേതിൽ എന്ന ജീനയെ കുറിച്ചാണ്. ചെറുപ്പം മുതൽ അവൾ പറഞ്ഞുവന്നിരുന്ന ആഗ്രഹത്തെക്കുറിച്ചാണ്. ആ ആഗ്രഹം ജനുവരി ആറാം തീയതി പൂർത്തിയാക്കി ഒരു സന്യാസിനിയായി മാറിയ നിമിഷത്തെക്കുറിച്ചാണ്.

സഭാവസ്ത്ര സ്വീകരണത്തിനു മുൻപായി വീട്ടുകാരോട് അനുഗ്രഹം യാചിക്കുന്ന ഒരു കർമ്മം ഉണ്ട്. തങ്ങളെ വളർത്തി വലുതാക്കി സഭാശുശ്രൂഷയ്ക്കായി പ്രാപ്തരാക്കിയ മാതാപിതാക്കളോട് മക്കൾ യാത്ര ചോദിക്കുകയാണ്; ഒപ്പം അനുഗ്രഹവും. നിറകണ്ണുകളോടെ ആ കർമ്മത്തിൽ പങ്കെടുത്ത മാതാപിതാക്കൾ! ആ ഒരു നിമിഷം അവളുടെ ഇതുവരെയുള്ള ജീവിതം മുഴുവൻ എന്റെ മുന്നിൽ തെളിയുകയായിരുന്നു. ചെറുപ്പം മുതൽ ഒരു ആഗ്രഹമേ അവൾ പറഞ്ഞുകേട്ടിരുന്നുള്ളു. കുടുംബത്തിൽ തന്നെ കുറച്ചു സിസ്റ്റർമാർ ഉള്ളതുകൊണ്ട് അവരുടെ കൈപിടിച്ച മഠങ്ങളിൽ പോയ ശൈശവത്തിന്റെ ഓർമ്മകളിൽ നിന്നാവാം ഒരു സിസ്റ്റർ ആകണം എന്ന ആഗ്രഹം ഉദിച്ചതെന്നു കരുതുന്നു. പിന്നീട് ഇങ്ങോട്ട് അവൾ മറ്റൊരു ആഗ്രഹവും പറഞ്ഞുകേട്ടിട്ടില്ല. സിസ്റ്റർ ആകണം എന്ന് ചെറുപ്പത്തിൽ പറഞ്ഞ ആഗ്രഹത്തിൽ നിന്ന്, മുതിർന്നപ്പോൾ ചെറിയ ഒരു മാറ്റം സംഭവിച്ചിരുന്നു. മുതിർന്നശേഷം അവൾ പറഞ്ഞത് എനിക്ക് വിശുദ്ധയായ ഒരു സിസ്റ്റർ ആകണം എന്നായിരുന്നു.

സിസ്റ്റർ ആകണം എന്ന ആഗ്രഹം മൂലം പ്രാർത്ഥന മാത്രം ജീവിതമാക്കിയ ഒരാൾ ആയിരുന്നില്ല ജീന. പള്ളിയിലും സ്‌കൂളിലും സൺഡേ സ്‌കൂളിലും ഒക്കെ വളരെ സജീവമായിരുന്നു. സൺഡേ സ്‌കൂൾ ക്വിസ് കോമ്പറ്റീഷനുകളിലും മറ്റും സമ്മാനങ്ങൾ വാരിക്കൂട്ടി. എഴുത്ത്, പാട്ട്, ചിത്രരചന, ഡാൻസ്, പ്രസംഗം അങ്ങനെ കൈവയ്ക്കാത്ത മേഖലകളില്ല. എല്ലാ മേഖലകളിലും സമ്മാനങ്ങൾ. പള്ളിയിൽ ആനിചേച്ചി, ആനിച്ചേച്ചി എന്നുവിളിച്ച് ഒരു കുട്ടിക്കൂട്ടം തന്നെ അവളുടെ പിന്നാലെ ഉണ്ടായിരുന്നു. നല്ല സൗഹൃദങ്ങൾ സൃഷ്ടിച്ചു. തിരുത്തലുകളും ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി കോളേജ് ജീവിതം അടിച്ചുപൊളിച്ചു. അതിനിടയിലും അവൾ ‘ഈശോപ്പനെ’ നെഞ്ചോട് ചേർത്തു. ജീവിതത്തിൽ ലഭിച്ച എല്ലാ സന്തോഷങ്ങളുടെയും സൗഭാഗ്യങ്ങളുടെയും ഇടയിൽ നിന്ന് അവയോടെല്ലാം ‘നോ’ പറഞ്ഞാണ് സന്യാസജീവിതത്തിലേയ്ക്ക് അവൾ കാലെടുത്തു വയ്ക്കുന്നത്.

ഭക്ഷണം കഴിക്കാത്തപ്പോൾ, വഴക്കുണ്ടാക്കുമ്പോൾ ഇടയ്ക്കിടെ അവളുടെ ആഗ്രഹത്തെ ഞാനും ചെറിയ രീതിയിൽ മുതലെടുത്തിട്ടുണ്ട്. ഇങ്ങനെ ഒക്കെ ആയാൽ മഠത്തിൽ എടുക്കില്ല, കയറ്റില്ല എന്നൊക്കെ പറയുമ്പോൾ ഓടിവന്ന് ഭക്ഷണം കഴിക്കുന്നതു കാണുമ്പോൾ അവളുടെ ആഗ്രഹം എത്രത്തോളമാണെന്ന് മനസിലാക്കുകയായിരുന്നു. പിന്നീട് സന്യാസ പരിശീലനത്തിനിടയിൽ വീട്ടിൽ വരുമ്പോൾ എല്ലാവരോടും ഒന്നു മാത്രമേ ചോദിച്ചിരുന്നുള്ളു, പറഞ്ഞിരുന്നുള്ളൂ – “പ്രാർത്ഥിക്കണം; നല്ലൊരു സിസ്റ്റർ ആകാൻ.”

സന്യാസവസ്ത്രം സ്വീകരിച്ചശേഷം തിരികെ ദേവാലയത്തിലേയ്ക്ക് മടങ്ങിവരുമ്പോൾ സാധാരണയിലും അൽപം തല ഉയർത്തിപ്പിടിച്ചുകൊണ്ട് ‘കണ്ടോ, ഞാൻ എന്റെ ഏറ്റവും വലിയ സ്വപ്നം നേടി’ എന്ന വലിയ അഭിമാനം. ആഗ്രഹിച്ചു നേടിയ ഒരു വലിയ സമ്മാനം കൈപ്പിടിയിലാക്കിയ സന്തോഷം അവളുടെ കണ്ണുകളിൽ കാണാമായിരുന്നു.

ഉടുപ്പിടീലിനുശേഷം ഒരു ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം കുറെ സുഹൃത്തുക്കൾ വിളിച്ചു. അവർക്കൊക്കെ അത്ഭുതമായിരുന്നു. ചെറുപ്പത്തിൽ അവളുടെ ആഗ്രഹം കേട്ട്, കുറച്ചുകഴിയുമ്പോ മാറിക്കോളും എന്നുപറഞ്ഞ അവരൊക്കെ, അവളുടെ ആഗ്രഹം ഇത്ര ഉറപ്പുള്ളതായിരുന്നോ എന്ന അത്ഭുതത്തോടെയാണ് വിളികൾ ഭൂരിഭാഗവും അവസാനിപ്പിച്ചത്. വിളിച്ചവരിൽ ക്രൈസ്തവരും അക്രൈസ്തവരും ഉണ്ടായിരുന്നു. അവരിൽ ചിലരെങ്കിലും പറഞ്ഞ ഒരു കാര്യമുണ്ട്. ‘ഇതാണ് വിളി’. അതെ, ഇതു തന്നെയാണ് ദൈവവിളി. ദൈവത്തിന്റെ വിളിയുടെ മഹത്വവും മൂല്യതയും ലോകത്തിനു മനസിലാക്കാൻ കഴിയില്ലല്ലോ.

അമ്മയുടെ ഉദരത്തിൽ ഉരുവായ നിമിഷം മുതൽ ദൈവം നടത്തിയ വലിയ ഒരു വിളിക്കുള്ള ഉത്തരമാണ് സി. ആനി ജോസ് എസ്.ഡി. ഉടുപ്പിടീൽ ചടങ്ങിനുശേഷം തിരികെ യാത്രയാക്കിയ നിമിഷവും കൈപിടിച്ചുകൊണ്ട് പറഞ്ഞു, പ്രാർത്ഥിക്കണം. എനിക്കുവേണ്ടി മാത്രമല്ല ഞങ്ങൾക്കുവേണ്ടി മുഴുവനും. അതെ, ഇനി പ്രാർത്ഥന മാത്രമാണ്. അവൾക്കും ഒപ്പം ലോകം മുഴുവനുമുള്ള സമർപ്പിതർക്കുമായുള്ള പ്രാർത്ഥന. ലോകത്തിന്റെ പ്രലോഭനങ്ങളെ അതിജീവിച്ച് വിശുദ്ധിയിലേയ്ക്ക് മുന്നേറുന്നതിന് ഓരോ സന്യാസിനിയേയും ശക്തിപ്പെടുത്തണമേ എന്നുള്ള പ്രാർത്ഥന.  അനുജത്തിക്കുള്ള ഉപദേശവും അതുതന്നെ –  ലോകത്തിന്റെ പ്രലോഭനങ്ങളെ അതിജീവിച്ച് വിശുദ്ധിയിലേയ്ക്ക് മുന്നേറുക.

(മരിയ ജോസ്  2017 –  ല്‍ ചങ്ങനാശ്ശേരി സെന്റ്‌ ജോസഫ്‌സ്‌ കോളേജ് ഓഫ് കമ്യൂണിക്കേഷന്‍സില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം നേടി. ലൈഫ് ഡേ ഓണ്‍ലൈന്‍ പത്രത്തില്‍ സബ് എഡിറ്റര്‍ ആണ് ഇപ്പോള്‍.)

6 COMMENTS

  1. ദൈവത്തിന്റെ പദ്ധതിയെ ആർക്കും മാറ്റാനാവില്ല എന്നതിന് ഉത്തമ ഉദാഹരണം.🙏പ്രാർത്ഥന നേരുന്നു. But, captionil പറഞ്ഞിരിക്കുന്ന ചേച്ചിയുടെ ഉപദേശം…

  2. God bless you and sis. Annie. പുണ്യം ചെയ്ത മാതാപിതാക്കൾക്ക് മാത്രമേ ദൈവ വിളിയുള്ള കുഞ്ഞുങ്ങളെ കിട്ടൂ.

  3. എന്റെ സഹപാഠി …ആദരം…
    സഹോദരി.. അഭിമാനം. എളിമയോടെ.

  4. എപ്പോഴും ജപമാല ചെല്ലണം, 🙏🙏🙏മാതാവിന്റെ സംരക്ഷണം എപ്പോഴും ഉണ്ടാകും.💞💞💞. എന്ത്‌ പ്രതിബന്തം ഉണ്ടായാലും സന്യാസ ബ്രതം നഷ്ട പെടുത്തരുത്. ഈ ബ്രദർ എന്നും പ്രാർഥിക്കാം ❤❤

Leave a Reply to Joji FrancisCancel reply