എട്ട് നോമ്പ് എട്ടാം ദിവസം: പരിശുദ്ധ മറിയം – സർവ്വമനുഷ്യരുടെയും മാതാവ്

ഫാ. ആല്‍വിന്‍ കൊട്ടുപ്പള്ളില്‍ എം.സി.ബി.എസ്.

മാതാവ് എന്ന് വിളിക്കപ്പെടുന്നതിൽ സ്ത്രീത്വം എന്നും അഭിമാനിക്കുന്നു. ഒന്നോ, രണ്ടോ, അതോ കുറച്ചു പേരുടെ മാതാവ് എന്നതിനേക്കാൾ ലോകം മുഴുവന്റെയും മാതാവ് എന്ന് വിളിക്കപ്പെടുമ്പോൾ എത്രമാത്രം വിശാലമായ ഹൃദയത്തിനുടമയായിരിക്കും ആ സ്ത്രീ. ഇപ്രകാരം സർവ്വലോകത്തിന്റെയും മാതാവായി ഉടയതമ്പുരാനാൽ മാറ്റിനിർത്തപ്പെട്ടവളാണ് പരിശുദ്ധ മറിയം.

പരിശുദ്ധ മറിയം സർവ്വലോകത്തിന്റെയും മനുഷ്യരുടെയും മാതാവായി തീർന്നത്, ദൈവത്തിന് ഭൂമിയിൽ പിറക്കാൻ തന്നെത്തന്നെ വിട്ടുകൊടുത്ത് ദൈവമാതാവ് ആയിത്തീർന്നുകൊണ്ടാണ്. ദൈവത്തിന്റെ ഇഷ്ടമായിരുന്നു ലോകത്തിന് സകല മനുഷ്യർക്ക് എപ്പോഴും ഓടിയണയാൻ ഒരു മാതാവ് വേണം എന്നുള്ളത്. ആ മാതാവിനു വേണ്ടിയുള്ള അന്വേഷണമാണ് നസ്രത്തിലെ കൊച്ചുഭവനത്തിൽ സദാസമയം ദൈവവിചാരത്തിൽ ജീവിച്ച മറിയത്തെ കണ്ടുമുട്ടുമ്പോൾ അവസാനിക്കുന്നത്. അവിടെ ദൈവപുത്രന്റെ അമ്മയായിത്തീരാനുള്ള ദൈവത്തിന്റെ മറിയത്തോടുള്ള സമ്മതം ചോദിക്കൽ ലോകം മുഴുവന്റെയും അമ്മയായിത്തീരാനുള്ളതായിരുന്നു. ഇതിന്റെ പൂർത്തീകരണമായിരുന്നു കുരിശിൽ കിടന്ന് മരണമുഖത്ത് വച്ച് യോഹന്നാനും മറിയത്തിനും പരസ്പരം “ഇതാ നിന്റെ അമ്മ, ഇതാ നിന്റെ മകൻ” എന്ന് പറഞ്ഞ് ഏൽപ്പിച്ചുകൊടുത്തു കൊണ്ട്  ഈശോ നിർവ്വഹിച്ചത്. അന്നു മുതൽ ജാതിമതഭേദമെന്യേ പരിശുദ്ധ മറിയം ഒറ്റവാക്കിൽ “മാതാവ്” എന്ന് വിളിക്കപ്പെടുന്നു.

മാതാവിനെ പോലെ ലോകം മുഴുവന്റെയും മാതാവ് ആകാൻ പറ്റിയില്ലെങ്കിലും നമ്മുടെ കുടുംബത്തിലും നാട്ടിലും ചുറ്റുവട്ടത്തിലുള്ളവർക്കെങ്കിലും മറിയത്തിന്റെ ആ മാതൃഭാവം പകർന്നുകൊടുക്കാൻ സാധിച്ചാൽ ജീവിതം എത്ര ധന്യമായിരിക്കും.

ഫാ. ആല്‍വിന്‍ കൊട്ടുപ്പള്ളില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.