ഉയിര്‍പ്പ് – ജീവന്റെ ആഘോഷം

ബിഷപ്പ് തോമസ് മാര്‍ യൗസേബിയൂസ്

ക്രിസ്തുനാഥന്റെ ഉയിര്‍പ്പ് മനുഷ്യജീവിതത്തിന്‍റെ ആത്യന്തിക സാദ്ധ്യതയാണ് വെളിവാക്കുന്നത്. ക്രിസ്തുപറഞ്ഞു, ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ് (യോഹ. 10:10). ക്രൈസ്തവ മീമാംസയിലെ ഏറ്റവും കാതലായ പദം ജീവന്‍ തന്നെയാണ്. സംഗതമായ, സമൃദ്ധമായ ജീവന്‍ ഈ ലോകത്തില്‍ സാദ്ധ്യമാക്കുകയും, അതിന്‍റെ ലോകാതീതപൂര്‍ണ്ണതയായ നിത്യജീവനായി പരിശ്രമിക്കുകയുമാണ് ക്രൈസ്തവരുടെ ജീവിതധര്‍മ്മം. ഈ ലോകത്തിലെ, അര്‍ത്ഥപൂര്‍ണ്ണമായ, സമൃദ്ധമായ ജീവന്‍റെ ന്യായമായ തുടര്‍ച്ചയും പൂര്‍ണ്ണതയുമാണ് നിത്യജീവന്‍. ക്രിസ്തുനാഥന്‍റെ ഉയിര്‍പ്പ് ഈ മനുഷ്യജീവിത സാദ്ധ്യതയുടെ സ്ഥിരീകരണമാണ്. ഒരു ക്രൈസ്തവന്‍റെ അടിസ്ഥാന ധര്‍മ്മം, ലോകാതീത കാഴ്ച്ചപ്പാടില്‍, ഈ ലോകത്തില്‍ തന്നെ ജീവന്‍ അതിന്‍റെ അര്‍ത്ഥപൂര്‍ണ്ണതയിലും സമൃദ്ധിയിലും ജീവിക്കുവാന്‍ ശ്രമിക്കുക എന്നതാണ്.

സമകാലീന സംസ്ക്കാരത്തില്‍ ഏറ്റവും അധികം പ്രഹരമേല്‍ക്കുന്ന യാഥാര്‍ത്ഥ്യം ജീവന്‍ തന്നെയാണ്. അതിനാലാണ് ക്രിസ്തുനാഥന്‍റെ ഉയിര്‍പ്പ് ഉയര്‍ത്തിപ്പിടിക്കുന്ന ജീവന്‍റെമൂല്യം നമ്മുടെ പ്രധാന വിചിന്തന വിഷയമാകുന്നത്. ജീവനെ അവഹേളിക്കുന്ന, നിഷേധിക്കുന്ന, ഹനിക്കുന്ന ധാരാളം ആഭിമുഖ്യങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍, പ്രസ്ഥാനങ്ങള്‍ ഇന്ന് വ്യാപകമാണ്. മനുഷ്യജീവന്‍റെ മൂല്യം, പരിപാവനത, ലക്ഷ്യം മുതലായവ ഈ ശക്തികളുടെ അധിനിവേശത്തില്‍ ദാരുണമായി വിസ്മരിക്കപ്പെടുന്നു.
ക്രിസ്തുനാഥന്‍ മരണത്തെ തോല്പിച്ച് പുതുജീവനില്‍ ഉയിര്‍ക്കുന്നു. ഈ ലോകത്തില്‍ മനുഷ്യജീവനേല്‍ക്കാവുന്ന അവസാനത്തെ പ്രഹരമാണല്ലോ ജീവഹത്യ. ഒരു മനുഷ്യായുസ്സില്‍ സാദ്ധ്യമായ സകല സഹനവും, വൈരുദ്ധ്യങ്ങളും അതിന്‍റെ പാരമ്യതയില്‍ ഏറ്റുവാങ്ങുന്ന ക്രിസ്തുനാഥന്‍റെ ജീവന്‍ നിത്യമായി നിശ്ചലമാക്കുവാനുള്ള മരണസംസ്ക്കാരശക്തിയുടെ ശ്രമമായിരുന്നു ക്രിസ്തുവിന്‍റെ ക്രൂശാരോഹണം.

പക്ഷേ, ഈ സര്‍വ്വ ജീവനിഷേധയത്നങ്ങളെയും പരാജയപ്പെടുത്തുന്ന സംഭവമായിരുന്നു ക്രിസ്തുവിന്‍റെ ഉയിര്‍പ്പ്. ഈ ലോകത്തില്‍ മനുഷ്യജീവന് സഹിക്കോണ്ടിവരുന്ന തിന്മകളും, വേദനകളും പരാജയങ്ങളും മനുഷ്യജീവനെ സംബന്ധിച്ച അവസാനയാഥാര്‍ത്ഥ്യമല്ല എന്ന ഏറ്റവും വലിയ മനുഷ്യജീവിത സത്യത്തിന്‍റെ സ്ഥിരീകരണവും അച്ചാരവുമാണ് ക്രിസ്തുനാഥന്‍റെ ഉയിര്‍പ്പ്. മരണശക്തികള്‍ക്കല്ല, ജീവന്‍റെ ശക്തികള്‍ക്കാണ് ആത്യന്തികവിജയം എന്ന പ്രത്യാശയാണ് ഉയിര്‍പ്പ് നമ്മില്‍ നിറയ്ക്കേണ്ടത്. ജീവസംസ്ക്കാര സംരക്ഷകരും സാക്ഷികളുമാകാനുള്ള നമ്മുടെ സുവിശേഷാത്മകമായ ദൗത്യനിര്‍വ്വഹണത്തിനുള്ള ആഹ്വാനമാണ്, ക്രിസ്തുനാഥന്‍റെ ഉയിര്‍പ്പ്.

ജീവനിഷേധമനോഭാവങ്ങള്‍ നമ്മുടെ വ്യക്തിപരവും കുടുംബപരവും, സംഘാത്മകവുമായ ജീവിതതലങ്ങളില്‍ വിവിധരീതികളില്‍ പ്രതിഫലിക്കാം. അത് ഇന്ന് വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന കൊലപാതകം, ആത്മഹത്യ, ഭ്രൂണഹത്യ, ദയാവധം മുതലായ കൊടുംതിന്മകളില്‍ മാത്രം പരിമിതപ്പെടുത്തുവാനാവില്ല. ജീവനെയും ജീവന്‍റെ മാഹാത്മ്യത്തെയും പ്രത്യക്ഷമായോ പരോക്ഷമായോ നിഷേധിക്കുന്ന സര്‍വ്വമനോഭാവങ്ങളും, പ്രവര്‍ത്തികളും ക്രിസ്തുനാഥന്‍റെ ഉയിര്‍പ്പിന്‍റെ എതിര്‍സാക്ഷ്യമാണ്, മനുഷ്യ ഹൃദയത്തിലെ വിദ്വേഷം, വിഷാദം, നിരാശ, വിവിധ തലങ്ങളിലും രീതിയിലുമുള്ള മനുഷ്യത്വവിവേചനം, ജീവനെ അവമതിക്കുന്ന, അപായപ്പെടുത്തുന്ന ആര്‍ത്തികള്‍, ആസക്തികള്‍, അടിമത്തങ്ങള്‍ ഇവയെല്ലാം മരണസംസ്ക്കാര മുദ്രകളാണ്. ഇതിനെ പ്രതിരോധിക്കുന്ന ഒരു സംസ്ക്കാരത്തിന്‍റെ സാക്ഷ്യമാണ് ക്രിസ്തുവിന്‍റെ ഉയിര്‍പ്പ് നമ്മില്‍ നിന്നും ആവശ്യപ്പെടുന്നത്.

ക്രിസ്തുവിന്‍റെ ഉയിര്‍പ്പ് നമുക്ക് സമ്മാനിക്കുന്നത് ജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാന പ്രത്യാശയാണ്. ജീവന്‍റെ അമൂല്യതയും ജീവിതത്തിന്‍റെ ആത്യന്തിക അര്‍ത്ഥവും സാംഗത്യവുമാണ് ഉയിര്‍പ്പ് ഉറപ്പാക്കുന്നത്. മനുഷ്യജീവിതത്തില്‍ നിത്യമായ പ്രത്യാശയുടെ ഏക സ്രോതസ് ഇതുമാത്രമാണെന്നതാണ് സത്യം. ഈ പ്രത്യാശയുടെ പ്രകാശത്തില്‍ പ്രകാശിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് ജീവിതം എന്നും അന്ധകാരാവൃതമായിരിക്കും. സംഗതമായ മനുഷ്യാസ്തിത്വത്തിന്‍റെ അച്ചുതണ്ട് ക്രിസ്തുവിന്‍റെ ഉയിര്‍പ്പിലൂന്നിയ പ്രത്യാശയാണ്. ഈ പ്രത്യാശയാകട്ടെ, അഭൗമകമായ സ്വാതന്ത്ര്യാനുഭവത്തിലേക്കും ശാന്തിയിലേക്കും ക്രിസ്തു വിശ്വാസിയെ നയിക്കുന്നു.

ക്രിസ്തുവിന്‍റെ ഉയിര്‍പ്പില്‍ വിശ്വസിക്കുന്ന വ്യക്തിയുടെ സവിശേഷത ഉള്ളില്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സമാധാനവുമാണ്. ഈ ലോകത്തില്‍ ഒരു വ്യക്തി അനുഭവിക്കുന്ന സര്‍വ്വപാരതന്ത്ര്യങ്ങല്‍നിന്നും സ്വതന്ത്രനാകുവാന്‍ ഉയിര്‍പ്പിലുള്ള വിശ്വാസവും അത് സമ്മാനിക്കുന്ന പ്രതായാശയും ആ വ്യക്തിക്ക് ശക്തിനല്‍കുന്നു, കാരണം മാനുഷികമായ എല്ലാ ചങ്ങലകളേയും തിരര്‍ത്ഥകമാക്കുന്ന ചരിത്രാതീതസംഭവമാണ് ക്രിസ്തുവിന്‍റെ പുനരുത്ഥാനം. ഇനിമേല്‍ മനുഷ്യജീവിതത്തില്‍ ഭയത്തിന് സ്ഥാനമില്ല. ക്രിസ്തുവിന്‍റെ ഉത്ഥാനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഭയത്തിന് അടിമകളാകാനാവില്ല. മനുഷ്യജീവിതത്തെ ആത്യന്തികമായി പരാജയപ്പെടുത്തുന്ന ഒരു ശക്തിയും ഈ ലോകത്തിലില്ല.

ഈ ആന്തരികസ്വാതന്ത്ര്യമാണ്, ഉത്ഥിതനായ ക്രിസ്തുനാഥന്‍ തന്‍റെ ശിഷ്യഗണത്തിന് സമ്മാനമായി നല്‍കിയ അഭൗമകമായ സമാധാനത്തിന്‍റെ അടിസ്ഥാനം. ഈ സമാധാനത്തിന്‍റെ ഉറവിടം മാനുഷികമായ നേട്ടങ്ങളോ, താല്കാലികമായ വിജയങ്ങളോ, ഭൗതികമായ സമ്പന്നതയോ, ലൗകികമായ ആനന്ദങ്ങളോ, ഒന്നുമല്ല. പിന്നെയോ, ജീവന്‍റെ ലക്ഷ്യത്തെക്കുറിച്ചും ആത്യന്തികമായ വിജയത്തെക്കുറിച്ചും ക്രിസ്തുവിന്‍റെ ഉയിര്‍പ്പു നല്‍കുന്ന പ്രത്യാശ ഒരുവന്‍റെ ഉള്ളില്‍ സംജാതമാക്കുന്ന സ്വാതന്ത്ര്യാനുഭവമാണ്. ജീവന്‍റെ ആഘോഷവും സമൃദ്ധിയും നാം കണ്ടെത്തേണ്ടത് ക്രിസ്തുവിന്‍റെ ഉയിര്‍പ്പുനല്‍കുന്ന പ്രത്യാശയിലും സ്വാതന്ത്ര്യാനുഭവത്തിലും സമാധാനത്തിലുമാണ്. ഇവ സ്വന്തമാക്കുവാന്‍ സാധിക്കുന്ന ജീവിതമാണ് ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ, സംഗതമായ, സമൃദ്ധമായ ജീവിതം.

ഈ പ്രത്യാശയുടെ സ്വാതന്ത്ര്യവും സമാധാനവും നമ്മെ നയിക്കേണ്ടത് ഒരു പുതിയ ആത്മസമര്‍പ്പണത്തിലേക്കാണ് – ജീവന്‍ അതിന്‍റെ സര്‍വ്വമാനങ്ങളിലും സമൃദ്ധരാക്കുവാനുള്ള ഒരു ആത്മസമര്‍പ്പണത്തിലേക്ക്. ജീവനെ അവമതിക്കുന്ന ഒരു പ്രവര്‍ത്തിയോടും സ്വജീവിതത്തില്‍ സമരസപ്പെടാതിരിക്കുക, ജീവനെ നിഷേധിക്കുന്ന സര്‍വ്വയത്നങ്ങളെയും ശക്തിയുക്തം പ്രതിരോധിക്കുക. മനോഭാവത്തിലും വാക്കിലും പ്രവര്‍ത്തിയിലും ജീവന്‍റെ ഔന്നത്യത്തെ ഉയര്‍ത്തിപ്പിടിക്കുക.

കടപ്പാട്: മലങ്കര നാദം
ധര്‍മ്മപീഠം, മലങ്കര കാത്തലിക്ക് ബിഷപ്സ് ഹൗസ്
സുല്‍ത്താന്‍ ബത്തേരി പി.ഒ., വയനാട്, കേരള -673 592
ഫോണ്‍ – 9446293293

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.