ഭൂമി നമ്മുടെ അമ്മ: ഫ്രാൻസിസ് പാപ്പായുടെ പുതിയ പുസ്തകം

നമ്മുടെ പൊതു ഭവനമായ ഭൂമിയെ സംരക്ഷിക്കുവാൻ നവമായ ചിന്തകളുമായി ഫ്രാൻസിസ് പാപ്പായുടെ പുതിയ പുസ്തകം “ഭൂമി നമ്മുടെ അമ്മ” ഒക്ടോബർ 24-ന് പ്രകാശനം ചെയ്യും. ഇന്ന് ലോകം അനുഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനവും, അതുവഴിയുണ്ടാകുന്ന പ്രകൃതിയിലെ കെടുതികളും, മനുഷ്യർ പരസ്പരമുള്ള  സ്നേഹരാഹിത്യവുമെല്ലാം പുസ്തകത്തിൽ ചർച്ചയാകുന്നു.

ദൈവത്തിന്റെ ദാനമായ ഭൂമിയെ  സ്വാർത്ഥതയാൽ ഉപയോഗിച്ചു നശിപ്പിച്ചതിന് ദൈവത്തോട് മാപ്പപേക്ഷിക്കണം. അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിചലനം, മരുവത്കരണം, പാരസ്ഥിക കാരണങ്ങളാലുള്ള കുടിയേറ്റം, ജൈവ വൈവിധ്യങ്ങളുടെ വംശനാശം എന്നിവ, വർദ്ധിച്ചു വരുന്ന സാമൂഹിക പാരസ്ഥിതിക തിന്മകളാണ്.

ദൈവത്തിന്റെ ദാനമായ ഈ ഭൂമിയെ ഭാവിതലമുറയ്ക്കായി സംരക്ഷിക്കുവാൻ നമുക്ക് കടമയുണ്ട്. ഈ നൂറ്റാണ്ടിൽ ജീവിക്കുന്ന സ്ത്രീ-പുരുഷ, ജാതിമത ഭേദമന്യേ സകലരും യഥാർത്ഥമായ അനുതാപവും ക്ഷമയും ഉള്ളവരായിരിക്കണമെന്നും പാപ്പ തൻ്റെ  ഗ്രന്ഥത്തിൽ കുറിക്കുന്നു. ഇറ്റാലിയൻ ഭാഷയിൽ പുറത്തിറങ്ങുന്ന ഈ പുസ്തകത്തിന്റെ മറ്റു ഭാഷാ പതിപ്പുകളും ഉടൻ പുറത്തിറങ്ങും.