ഓരോ സഭയും പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നവരാകണം: മാര്‍പാപ്പ

റോമില്‍ സന്ദര്‍ശനത്തിനെത്തിയ 18 ഓര്‍ത്തഡോക്‌സ് വൈദികരുമായും സന്യാസികളുമായും ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോട്ടിംഗ് ക്രിസ്ത്യന്‍ യൂണിറ്റിയുടെ ക്ഷണപ്രകാരമാണ് ഓര്‍ത്തഡോക്‌സ് സംഘം വത്തിക്കാനില്‍ എത്തിയത്.

ഫ്രാന്‍സിസ് പാപ്പാ ഓര്‍ത്തഡോക്‌സ് സംഘത്തെ വത്തിക്കാനിലേയ്ക്ക്‌ സ്വാഗതം ചെയ്തു. ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ തലവന്മാര്‍ക്ക് പാപ്പാ പ്രത്യേകം ആശംസകള്‍ നേര്‍ന്നു.

“ഓരോ സന്ദര്‍ശനത്തിലും നാം പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്നു. മറിയവും എലിസബത്തും ചെയ്തതുപോലെ. ഓരോ സഭയും പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ സംവഹിക്കുന്നുണ്ട്. അത് പരസ്പരമുളള നന്മയ്ക്കും സന്തോഷത്തിനുമായി പങ്കുവയ്ക്കണം” പാപ്പാ പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭയുടെ റോം സന്ദര്‍ശനം കത്തോലിക്കാ സഭയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനുള്ള ഒരു അവസരമാണെന്നും പാപ്പാ പറഞ്ഞു. കത്തോലിക്കര്‍ക്കാകട്ടെ, ഇത് അവര്‍ കൊണ്ടുവരുന്ന പരിശുദ്ധാത്മാവിന്റെ സമ്മാനങ്ങള്‍ സ്വീരിക്കാനുള്ള ഒരു അവസരവും – പാപ്പാ കൂട്ടിച്ചേര്‍ത്തു.