നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണം നിര്‍ത്തലാക്കാനുള്ള നടപടിയില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം: ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍

കൊച്ചി: നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണം നിര്‍ത്തലാക്കാനുള്ള നടപടിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു. ഇത് ഭാരതത്തിലെ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തോടുള്ള കടുത്ത അനീതിയാണ് എന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്കു പരിരക്ഷ നല്‍കുന്നതിന് ഭരണഘടന നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ ഗവണ്‍മെന്റ് എടുത്തുകളയരുത്. അവരുടെ പിന്നോക്കാവസ്ഥ ഗവണ്‍മെന്റ് കണ്ടില്ലെന്ന് നടിക്കരുത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലോക്‌സഭയിലും രാജ്യസഭയിലും ആഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ അതിരൂപതയുടെ പ്രതിഷേധം അദ്ദേഹം അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അധികാരത്തില്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും, ആഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും നിയമനിര്‍മ്മാണ സഭകളില്‍ സംവരണം ഉറപ്പു നല്‍കുന്നത്. ഈ സംവരണം നിഷേധിക്കുന്നത് കടുത്ത അനീതിയാണ്.