കോവിഡ് കാലത്ത് പഴിചാരൽ അവസാനിപ്പിക്കാം: പകരം പരമാവധി പരസ്പരം കരുതാം

നമ്മുടെ പ്രതീക്ഷകൾക്കുമപ്പുറം കോവിഡ് നമുക്കിടയിൽ വ്യാപിച്ചിരിക്കുന്നു എന്നത് സത്യസന്ധമായ കാര്യമാണ്. ഈ സമയത്ത് രാഷ്ട്രീയനേതാക്കൾ, ആരോഗ്യമേഖലയിലെ വ്യക്തികൾ തുടങ്ങി എല്ലാവരെയും കുറ്റപ്പെടുത്തുന്ന നിരവധി വാർത്തകളും പോസ്റ്റുകളും അനുദിനം നമ്മൾ കാണുകയും വായിക്കുകയും ചെയ്യുന്നുമുണ്ട്; നമ്മളും കുറ്റപ്പെടുത്താറുണ്ട്. കോവിഡ് രോഗത്തെ മുതലെടുക്കുന്ന നിരവധി സാഹചര്യങ്ങൾക്കും നമ്മളിൽ പലരും നേരിട്ട് സാക്ഷികളുമാണ്; അല്ലെങ്കിൽ മാധ്യമങ്ങളിലൂടെ സാക്ഷികളാകുന്നുണ്ട്. പക്ഷേ, ഇതൊക്കെയാണോ നമ്മൾ ഈ മഹാവ്യാധിയുടെ കാലത്ത് ചെയ്യേണ്ടത്? തീർച്ചയായും അല്ല എന്നാണ് ഉത്തരം. ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്ക് നമ്മൾ ഓരോരുത്തരും ചെയ്യേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. അത്തരം സാഹചര്യങ്ങളേയും ഉത്തരവാദിത്വങ്ങളെയും പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. കാരണം നമ്മൾ ഒരുമിച്ചു ശ്രമിച്ചാലേ ഇതിനെ അതിജീവിക്കാൻ സാധിക്കുകയുള്ളൂ.

‘പാണ്ഡമിക്’ സാഹചര്യവും വിവിധ ‘വേവു’കളും 

കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഒന്നാം വേവ്, രണ്ടാം വേവ്, മൂന്നാം വേവ് എന്നിങ്ങനെയാണ് പകർച്ചവ്യാധിയുടെ വരവിനെ നാം വിശേഷിപ്പിക്കുന്നത്. ഈ വിശേഷണങ്ങൾ പലപ്പോഴും സാധാരണക്കാരനിൽ ആശങ്ക ജനിപ്പിക്കുന്നു. പകർച്ചവ്യാധിയുടെ ഈ വേവുകളെക്കുറിച്ച് – തരംഗങ്ങളെക്കുറിച്ച് – അറിയണമെങ്കിൽ ആദ്യം എന്താണ് പാണ്ഡമിക് എന്ന് മനസിലാക്കേണ്ടതുണ്ട്.

ലോകം മുഴുവൻ വ്യാപിക്കുന്ന പകർച്ചവ്യാധിക്കാണ് പാണ്ഡമിക് എന്ന് പറയുന്നത്. ആദ്യം ഒന്ന് വന്നുപോകും എന്നത് പാണ്ഡമിക്കുകളുടെ – പകർച്ചവ്യാധികളുടെ – പൊതുസ്വഭാവമാണ്. പകർച്ചവ്യാധിയുടെ ആദ്യവരവ് കഴിയുമ്പോഴേയ്ക്കും ഈ രോഗത്തിനെതിരെ കുറച്ച് ആളുകൾക്ക് പ്രതിരോധശക്തി ലഭിക്കും. കുറച്ച് ആളുകൾ മരണമടയുന്നതിനും ഈ രോഗാവസ്ഥ കാരണമാകും.

രണ്ടാം വേവ് വരുന്നതെപ്പോൾ?

കുറച്ച് ആളുകളിൽ രോഗപ്രതിരോധശേഷി ഉണ്ടാകുന്നതിനു കാരണമായതിനുശേഷം ഈ വൈറസുകൾക്ക് വീണ്ടും ജനിതകമാറ്റം സംഭവിക്കുകയും ഇത് പകർച്ചവ്യാധിയുടെ രണ്ടാം വേവിനു കാരണമാകുകയും ചെയ്യുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസുകൾ ആദ്യത്തേതിനേക്കാൾ കൂടുതൽ അപകടകാരിയാകുകയോ അല്ലെങ്കിൽ അതിന്റെ വ്യാപനശേഷി വർദ്ധിക്കുകയോ ചെയ്യുന്ന അവസ്ഥയിൽ എത്തുന്നു. സാധാരണഗതിയിൽ പകർച്ചവ്യാധിയുടെ രണ്ടാം വരവിൽ അതിന്റെ ഇൻഫെക്ടിവിറ്റി അതായത് കൂടുതൽ ആളുകളിലേക്ക്‌ പടർന്നുപിടിക്കുന്നതിനുള്ള കഴിവ് കൂടുന്നതായിട്ടാണ് കാണുന്നത്. എന്നാൽ ആളുകൾ മരിക്കുവാനുള്ള സാധ്യത ആദ്യത്തേതിനേക്കാൾ കുറവായിരിക്കും. സാധാരണ ഗതിയിൽ ഒരു വർഷമാണ് രണ്ടാം വരവിന്റെ ദൈർഘ്യം.

നാം ഇപ്പോൾ രണ്ടാം വേവിൽ 

ഇന്ന് നാം കടന്നുപോകുന്നത് കോവിഡിന്റെ രണ്ടാം വേവിൽ കൂടിയാണ്. രണ്ടാം വേവിൽ നമുക്ക് കോവിഡിൽ നിന്നും പൂർണ്ണമായ രക്ഷ ലഭിക്കണമെങ്കിൽ സമൂഹത്തിൽ ഈ പകർച്ചവ്യാധിക്കെതിരെ ഒരു പ്രതിരോധശേഷി ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തിൽ പ്രതിരോധം ഉണ്ടാക്കിയെടുക്കുന്നതിനാണ് നമ്മൾ വാക്സിൻ സ്വീകരിക്കുന്നത്. വാക്സിൻ സ്വീകരിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ കോവിഡിന് എതിരായുള്ള ആന്റിബോഡി ഉൽപാദിപ്പിക്കുന്നു. അതുവഴി വൈറസിനെതിരായ പ്രതിരോധശക്തി നമ്മിൽ ഉണ്ടാകുകയും രോഗം കൂടുതൽ മാരകമായി ബാധിക്കുന്നതിൽ നിന്ന് നമ്മെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.

രണ്ടു ഡോസ് വാക്സിൻ

നമ്മുടെ സമൂഹത്തിൽ രണ്ടു ഡോസ് വാക്സിൻ ആണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. പുറംരാജ്യങ്ങളിൽ മൂന്നാമത്തെ ഡോസും അതായത് ബൂസ്റ്ററും ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ, രണ്ടു ഡോസ് വാക്സിൻ എടുത്തുകഴിയുന്ന ആളുകളിൽ പൂർണ്ണമായ പ്രതിരോധശക്തി ഉണ്ടാവുകയും തന്മൂലം മൂന്നാമത്തെ തരംഗത്തിൽ ഈ പകർച്ചവ്യാധി വളരെ കുറച്ചു ആളുകളെ മാത്രം ബാധിച്ച് നശിക്കുകയും ചെയ്യും എന്നാണ് കണക്കുകൂട്ടുന്നത്‌. പിന്നീട് പുതിയതായി വരുന്ന വൈറസുകൾക്ക് സമയാസമയങ്ങളിൽ വാക്സിനുകൾ കണ്ടുപിടിക്കുകയും അവയെ ഇല്ലാതാക്കുകയും ചെയ്യും. അങ്ങനെയാണ് ഈ പകർച്ചവ്യാധിയെ തടയുന്നത്.

രണ്ടാം വരവും കേരളീയ പശ്ചാത്തലവും

കേരളം ഇപ്പോൾ രണ്ടാമത്തെ വരവിന്റെ ഏറ്റവും പീക്ക് ടൈമിലേക്കാണ് എത്തുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ഒരു ദിവസം പോസിറ്റീവ് ആകുന്ന കാലയളവിനെയാണ് പീക്ക് ടൈം എന്ന് വിളിക്കുന്നത്. നിലവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് മൂന്നിൽ ഒരാൾക്ക് കോവിഡ് ബാധിക്കുന്നു. ഇപ്പോൾ ലഭ്യമായ പഠനങ്ങൾ അനുസരിച്ച് മെയ് പകുതിക്കു ശേഷമോ മെയ് അവസാനത്തോടു കൂടിയോ കോവിഡ് കേസുകൾ അതിന്റെ പീക്ക് ലെവലിലേയ്ക്ക് കടക്കും. ചിലപ്പോൾ അത് ജൂണിലേയ്ക്കും നീണ്ടുപോകാം. ഇങ്ങനെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ എത്തിയ ശേഷമേ പതിയെ രോഗവ്യാപനം കുറഞ്ഞുവരുകയുള്ളൂ. അതാണ് ഈ പകർച്ചവ്യാധിയുടെ ഒരു അവസ്ഥ.

ലോക്ക് ഡൌൺ എന്തിനാണ്?

കോവിഡ് പകർച്ചവ്യാധി വ്യാപിക്കുവാൻ തുടങ്ങിയതു മുതലാണ് നാം ‘ലോക്ക് ഡൗൺ’ എന്ന വാക്ക് കേൾക്കാൻ തുടങ്ങിയത്. എല്ലാ സ്ഥാപനങ്ങളും അടച്ചിടുന്ന, വീട്ടിൽ തന്നെ ആയിരിക്കാൻ നിർബന്ധിതരാകുന്ന അവസ്ഥ. ഇത്തരത്തിൽ ഒരു ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലൂടെ കടന്നുപോകുന്ന നാം, എന്തിനാണ് ഇതെന്ന് മനസിലാക്കണം.

ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മുടെ തൊട്ടടുത്തുള്ളവര്‍ക്കും അയൽക്കാർക്കും ഒക്കെയായി, ധാരാളം ആളുകൾക്ക് കോവിഡ് ബാധിക്കുന്നുണ്ട്. കുറെയധികം പേരിൽ വലിയ പ്രശ്നങ്ങളില്ലാതെ കൊറോണ വന്നുപോകുന്നു. ഇത് കൊറോണ ഒരു ജലദോഷം പോലെ വന്നുപോകുന്ന ഒരു രോഗമാണെന്നുള്ള അബദ്ധധാരണയിലേയ്ക്ക് ചിലരെയെങ്കിലും നയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ലക്ഷണങ്ങളെ അവഗണിക്കുവാനും സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങളും മുൻകരുതലുകളും നിസാരവൽക്കരിക്കുവാനും ഇടയാക്കും.

ചിലരിൽ രോഗാവസ്ഥ അപകടകരമാകും

കുറച്ചു പേരെ നിസാരമായി ബാധിച്ചു കടന്നുപോകുമെങ്കിലും മറ്റുള്ളവരിൽ ഈ രോഗാവസ്ഥ അപകടകരമായ രീതിയിൽ പ്രകടമാകുന്നു. രോഗം ഗുരുതരമായി ബാധിക്കുന്നതിൽ വലുപ്പച്ചെറുപ്പമോ പ്രായവ്യത്യാസമോ ഒന്നും ഒരു തടസമല്ല. ആരെ വേണമെങ്കിലും രോഗം ഗുരുതരാവസ്ഥയിൽ എത്തിക്കാം. എന്നാൽ രോഗം ആരെയാണ് കൂടുതൽ ഗുരുതരമായി ബാധിക്കുന്നത് എന്ന് നമുക്ക് പറയുവാനും സാധിക്കില്ല.

രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ അസുഖം ബാധിച്ച് ചികിത്സ ആവശ്യമായ, വെന്റിലേറ്ററും മറ്റു സൗകര്യങ്ങളും ആവശ്യമായ ആളുകളുടെ എണ്ണം കൂടിവരും. ഇങ്ങനെ രോഗികളുടെയും ചികിത്സ ആവശ്യമായവരുടെയും എണ്ണം ഗണ്യമായി വർദ്ധിക്കുമ്പോൾ പലപ്പോഴും സൗകര്യങ്ങൾ മതിയാകാതെ വരും. അതായത്, മറ്റു സംസ്ഥാനങ്ങളിൽ വഴിയരികിലും മറ്റും കിടക്കേണ്ടിയും ചികിത്സ നിഷേധിക്കേണ്ടതായും വരുന്ന രോഗികളുടെ അവസ്ഥയ്ക്കു തുല്യമാകും നമ്മുടെ സംസ്ഥാനവും. അത് ഉണ്ടാകാതിരിക്കുന്നതിനും രോഗവ്യാപനം പിടിച്ചുനിർത്തുന്നതിനും വേണ്ടിയാണ് ലോക്ക് ഡൗൺ നടപ്പിലാക്കുന്നത്. ലോക്ക് ഡൗൺ നടപ്പിലാക്കുന്നതിലൂടെ രോഗവ്യാപനം തടയുവാനും പകർച്ചവ്യാധിയുടെ കണ്ണി പൊട്ടിക്കുവാനും നമുക്ക് കഴിയും.

പകർച്ചവ്യാധി പിടിമുറുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

പകർച്ചവ്യാധി പിടിമുറുക്കുമ്പോൾ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്ന സംശയം എല്ലാവർക്കുമുണ്ട്. ഒരു വർഷമായി തുടർന്നുവരുന്ന മുൻകരുതൽ പ്രവർത്തങ്ങൾ ഒക്കെയും നാം തുടരുക തന്നെ വേണം. അതായത് സാമൂഹിക അകലം പാലിക്കുക, ഇടയ്‌ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, അണുനാശിനി ഉപയോഗിക്കുക, മാസ്ക് ധരിക്കുക (തുണി മാസ്ക് ഉപയോഗിക്കുന്നവർ രണ്ടെണ്ണവും അല്ലെങ്കിൽ എൻ-95 മാസ്‌കോ ഉപയോഗിക്കാം) തുടങ്ങിയവ നിർബന്ധമായും പാലിക്കണം. കഴിയുന്നതും മാസ്കിലോ മാസ്ക് മാറ്റി മൂക്കിലോ തൊടാതിരിക്കുവാൻ ശ്രദ്ധിക്കണം.

മൂന്നിൽ ഒരാൾക്ക് എന്ന നിലയിൽ രോഗവ്യാപന നിരക്ക് കാണുന്ന ഈ സമയത്ത് കൂടിച്ചേരലുകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. അടച്ചിട്ട മുറികളിൽ കൂടുതൽ ആളുകൾ ഇരിക്കുന്നതുമൂലം രോഗവ്യാപനം വർദ്ധിക്കുന്നതിനാൽ അത് ഒഴിവാക്കുക. കൂടാതെ ധാരാളം വെള്ളം കുടിക്കുക, എട്ടു മണിക്കൂർ എങ്കിലും ഉറങ്ങുക, വ്യായാമം ചെയ്യുക തുടങ്ങിയവ വഴി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും നമുക്ക് സാധിക്കും. പുറത്തുപോയി വരുന്നവർ കൃത്യമായി വസ്ത്രം മാറി വ്യക്തിശുചിത്വം പാലിക്കുവാനും കഴിയുമെങ്കിൽ അതിനുശേഷം മാത്രം വീടിനുള്ളിലേക്ക് കയറുവാനും പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ചും വായുവിൽ വൈറസിന്റെ സാന്നിധ്യമുള്ള ഈ സാഹചര്യത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്  ഉചിതമായിരിക്കും.

ഇനി പുറത്തുപോയി വരുന്ന ഒരാൾക്ക്, താൻ മറ്റൊരാളുമായി അടുത്തിടപെഴകേണ്ട സാഹചര്യം ഉണ്ടായി എന്ന് സംശയമുണ്ടെങ്കിൽ കുടുംബാംഗങ്ങൾക്കൊപ്പം ഇരുന്നു ഭക്ഷണം കഴികാതിരിക്കുക എന്നുവരെ നിർദ്ദേശിക്കേണ്ട ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ കാര്യങ്ങളൊക്കെയാണ് കൊറോണ കാലത്ത് നാം പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്.

വാക്സിൻ സ്വീകരണം

കൊറോണയുമായി ബന്ധപ്പെട്ട സാധാരണക്കാരുടെ മറ്റൊരു സംശയം വാക്സിൻ സ്വീകരണത്തെക്കുറിച്ചാണ്. പലതരത്തിലുള്ള ദുഷ്പ്രചരണങ്ങൾ വഴി വാക്സിനേഷൻ കൃത്യമായി സ്വീകരിക്കാൻ പലർക്കും കഴിഞ്ഞില്ല. പലരും തെറ്റിദ്ധാരണ കൊണ്ടാണ് വാക്സിൻ ആദ്യസമയങ്ങളിൽ സ്വീകരിക്കാതിരുന്നത്. അത് പിന്നീട് വാക്സിൻ സ്വീകരണത്തിലെ വൻ തിരക്കിൽ കൊണ്ടെത്തിച്ചു. വാക്സിൻ എടുത്തവർക്കും കോവിഡ് വരും എന്ന പ്രചാരണവും ശക്തമാണ്. വാക്സിൻ എടുത്ത ആളുകൾക്കും രോഗം വരുവാനുള്ള സാധ്യതയുണ്ട്. വാക്സിൻ എടുത്തതുകൊണ്ട് രോഗബാധ പൂർണ്ണമായും തടയാനാകില്ല എങ്കിലും രോഗം അപകടകരമാകുന്ന സാഹചര്യത്തെ – മരണം സംഭവിക്കുക, വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം വരുക – തടയാൻ വാക്സിൻ സ്വീകരണത്തിലൂടെ കഴിയും.

രണ്ടാമത്തെ സംശയമാണ് ഏതു വാക്സിൻ എടുക്കണം എന്നത്. അതിനുള്ള ഉത്തരം, ഏതു വാക്സിൻ ആണോ ആദ്യം ലഭ്യമാകുന്നത് അത് എടുക്കുക എന്നതു തന്നെയാണ്. തങ്ങൾ ആഗ്രഹിക്കുന്ന വാക്സിൻ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നു വാശിപിടിച്ച് സമയം പാഴാക്കരുത്. എല്ലാ വാക്സിനും സുരക്ഷിതം തന്നെയാണ് എന്ന് ബോധവാന്മാരാകുക. മറ്റൊരു സംശയമാണ്, കൊറോണ വന്നവർക്ക് വാക്സിൻ എടുക്കുവാൻ സാധിക്കുമോ എന്നത്. കൊറോണ വന്നു എന്നതിന്റെ പേരിൽ വാക്സിൻ സ്വീകരിക്കാതിരിക്കരുത്. കോവിഡ് നെഗറ്റീവ് ആയി നാലാഴ്ചയ്ക്കു ശേഷം വാക്സിൻ സ്വീകരിക്കാവുന്നതാണ്. അത് സുരക്ഷതവുമാണ്.

അതുപോലെ തന്നെ ഉയർന്നുവരുന്ന മറ്റൊരു ചോദ്യമാണ് കാൻസർ ബാധിച്ചവരിൽ വാക്സിൻ സ്വീകരിക്കേണ്ടത് എങ്ങനെ എന്നത്. കാൻസർ ചികിത്സയിൽ ആയിരിക്കുന്നവർക്ക് സർജറിക്കു ശേഷമോ, റേഡിയേഷനിടയ്ക്കോ വാക്സിൻ സ്വീകരിക്കാവുന്നതാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ചശേഷം വാക്സിൻ എടുക്കുവാൻ കഴിയും. തീരെ വയ്യാതിരിക്കുന്നവരോ കീമോതെറാപ്പി നിലവിൽ എടുത്തുകൊണ്ടിരിക്കുന്നവരോ മാത്രമേ കൊറോണ വാക്സിൻ എടുക്കുന്നതിനെ കുറിച്ച് സംശയിക്കേണ്ടതുള്ളൂ.

കോവിഡ് കാലത്തെ രക്തദാനം

ഈ അടുത്ത നാളുകളിൽ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ പ്രചരിച്ച ഒരു സന്ദേശമാണ്, വാക്സിൻ സ്വീകരിക്കുന്നതിനു മുൻപ് രക്തദാനം നടത്തുക എന്നത്. ഇതിന്റെ പിന്നിലെ കാരണങ്ങളെക്കുറിച്ച് പലർക്കും വ്യക്തമായി അറിയില്ല.  കോവിഡ് വാക്സിൻ സ്വീകരണത്തിനു മുൻപുള്ള രക്തദാനം ഏറെ പ്രോത്സാഹിപ്പിക്കപ്പെടുന്നതിനു കാരണം, രക്തത്തിന് അനുഭവപ്പെടുന്ന ലഭ്യതക്കുറവ് പരിഹരിക്കുക എന്നതു തന്നെയാണ്.

നമുക്കറിയാം, കോവിഡിനു മാത്രമല്ല മറ്റു രോഗങ്ങൾക്കുള്ള ചികിത്സകളും നടക്കുന്നുണ്ട്. കൊറോണയോട് അനുബന്ധിച്ച് ആളുകൾ ആശുപത്രികളിൽ എത്തുവാൻ ഭയപ്പെടുന്നതുമൂലം ബ്ലഡിന് ലഭ്യതക്കുറവ് അനുഭവപ്പെടുന്നു. കൂടാതെ വാക്സിൻ സ്വീകരിച്ചതിനുശേഷം മൂന്നാഴ്ച്ച കഴിഞ്ഞേ രക്തദാനം സാധിക്കുകയുമുള്ളൂ. ഈ സമയത്ത് രക്തത്തിന് ഉണ്ടാകാവുന്ന ലഭ്യതക്കുറവ് പരിഹരിക്കുന്നതിനാണ് വാക്സിൻ സ്വീകരിക്കുന്നതിന് മുൻപ് രക്തദാനം നടത്തുവാൻ ആവശ്യപ്പെടുന്നത്. എല്ലാവരും ഒരുമിച്ച് വാക്സിനേഷനു പോകുമ്പോൾ കഴിയുന്നത്ര ആളുകൾ സമീപ ആശുപത്രികളിലെത്തി രക്തം ദാനം ചെയ്യുന്നത് നല്ല കാര്യമായിരിക്കും. അതുവഴി ആശുപത്രികളിലെ ബ്ലഡിന്റെ ആവശ്യകത പരിഹരിക്കാനും ബ്ലഡ് ലഭ്യമല്ലാത്ത അവസ്ഥ ഒഴിവാക്കുവാനും സാധിക്കും.

കൊറോണ കാലത്തെ കാൻസർ ചികിത്സ

കാൻസർ രോഗം വളരെ അപകടകരമാണെന്ന് നമുക്ക് അറിയാം. കോവിഡിനെ പേടിച്ച് ആശുപത്രിൽ പോകാതിരിക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് കൊറോണ കാലത്തും കാൻസർ ചികിത്സ തുടരേണ്ടത് തന്നെയാണ് എന്ന വസ്തുത. കീമോ തെറാപ്പി എടുക്കുന്നവരും പുതിയതായി കീമോ തെറാപ്പി ചെയ്യുവാൻ പ്ലാൻ ഇടുന്നവരും ആന്റിജൻ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെങ്കിൽ ചികിത്സ തുടരാവുന്നതാണ്. റേഡിയേഷൻ ചികിത്സ എടുക്കുന്നവരിൽ പ്രത്യേകിച്ച് രോഗലക്ഷണം ഒന്നുമില്ലെങ്കിൽ ചികിത്സ തുടരുന്നതിൽ കുഴപ്പം ഒന്നുമില്ല. പുതുതായി റേഡിയേഷൻ തുടങ്ങുന്നവരാണെങ്കിൽ ആന്റിജൻ ടെസ്റ്റിനു ശേഷവും റേഡിയേഷൻ നടത്താം. കാൻസർ ശസ്ത്രക്രിയകൾ  മാറ്റിവയ്ക്കാൻ പറ്റുന്നതല്ലാത്തതിനാൽ തന്നെ ഈ കോവിഡ് കാലത്തും അവ നടക്കുന്നുണ്ട്. ആന്റിജൻ ടെസ്റ്റോ ആർടിപിസിആറോ ചെയ്ത് നെഗറ്റീവ് ആണെങ്കിൽ സർജറി നടത്താൻ കഴിയും. കോവിഡ് ബാധിച്ചുവെങ്കിൽ തന്നെയും നെഗറ്റീവ് ആയ ശേഷവും കാൻസർ സർജറിക്ക് വിധേയമാകാവുന്നതാണ്.

കോവിഡ് കാലത്തും പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു വിഭാഗം ആളുകളാണ് കാൻസർ ഫോളോ അപ്പിൽ ഉള്ളവർ. കാൻസർ ചികിത്സാകേന്ദ്രങ്ങളിൽ ഒക്കെയും ടെലി കൺസൾട്ടേഷൻ സൗകര്യം ഇപ്പോൾ നിലവിലുണ്ട്. ഈ സൗകര്യം ഉപയോഗപ്പെടുത്തി തിരക്ക് ഒഴിവാക്കുകയും കൊറോണ കുറഞ്ഞുവരുന്ന സമയത്ത് നേരിട്ടു ചെന്ന് ചെക്ക് അപ്പ് ചെയ്യുകയും വേണം. ഈ കോവിഡ് കാലത്തും കാൻസർ സംശയിക്കപ്പെടുന്ന ആളുകൾ അതിന്റെ പരിശോധനകൾക്ക് തയ്യാറെടുക്കുവാൻ മടി കാട്ടരുത്. ശരീരത്തിൽ വേദനയില്ലാത്ത മുഴകൾ ഉണ്ടാകുക – പ്രത്യേകിച്ച് സ്ത്രീകളിൽ ബ്രസ്റ്റിൽ ഉണ്ടാകുന്ന മുഴകൾ – നിപ്പിൾ ഡിസ്ചാർജ് ഉണ്ടാകുക, നിപ്പിൾ അകത്തേയ്ക്കു വലിയുക, സ്തനങ്ങളിലെ തൊലിയിൽ തടിപ്പ് കാണപ്പെടുക, കക്ഷത്തിൽ മുഴകൾ ഉണ്ടാവുക, മലത്തിലും മൂത്രത്തിലും ചുമയ്ക്കുമ്പോഴും രക്തം വരുക, വിശപ്പില്ലായ്മ അനുഭവപ്പെടുക, പത്തു കിലോയിൽ കൂടുതൽ ശരീരഭാരം കുറയുക, കുടൽ സ്‍തംഭനം ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അവർ തീർച്ചയായും ആശുപത്രിയിൽ പോവുകയും തങ്ങൾക്കു ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയും വേണം. അതിനായി കോവിഡ് കഴിയുന്നത് വരെ കാത്തിരിക്കരുത്. ഇതാണ് കോവിഡ് കാലത്തെ കാൻസർ ചികിത്സ.

കൊറോണ വരാതിരിക്കാൻ എന്തെങ്കിലും മരുന്ന് കഴിക്കണോ?

കോവിഡ് പകർച്ചവ്യാധിയുടെ സംഹാരതാണ്ഡവം ആരംഭിച്ചപ്പോൾ മുതൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും കോവിഡ് തടയാൻ എന്ന രീതിയിൽ പല പൊടിക്കൈകളും പ്രചരിച്ചിരുന്നു. പെരുംജീരകവും കരിംജീരകവും തുടങ്ങി പലതും കോവിഡിന് എതിരെയുള്ള മരുന്നുകൾ എന്ന രീതിയിൽ പ്രചരിക്കുന്നുണ്ട്.

കൊറോണയ്ക്കെതിരെ പ്രത്യേകിച്ച് മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ആവശ്യത്തിന് ഉറങ്ങുക, ധാരാളം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, കൂട്ടം കൂടൽ ഒഴിവാക്കുക, മാസ്ക് ധരിക്കുക തുടങ്ങിയവയൊക്കെയാണ് കൊറോണ വരാതിരിക്കുവാൻ നമുക്ക് ചെയ്യുവാൻ കഴിയുന്ന കാര്യങ്ങൾ. കഴിവതും വാക്സിൻ എടുത്ത് രോഗത്തിനെതിരെ ഒരു പ്രതിരോധശേഷി നമ്മിൽ ഉണ്ടാക്കിയെടുക്കുവാൻ ശ്രമിക്കുകയും വേണം. ഇവയൊക്കെ കൊറോണ വരാതിരിക്കുവാൻ ഒരു പരിധി വരെ നമ്മെ സഹായിക്കും. അല്ലാതെ എന്തെങ്കിലും പ്രത്യേക മരുന്നോ മന്ത്രമോ കൊറോണയെ ഇല്ലാതാക്കുവാൻ ലഭ്യമായിട്ടില്ല.

ഈ കോവിഡ് കാലം ഏറ്റവും സുരക്ഷിതമായി നമുക്ക് ആയിരിക്കാം. അധികൃതർ നൽകുന്ന കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഈ പ്രതിസന്ധി കാലത്തെ നമുക്ക് അതിജീവിക്കാം. ജാഗ്രത പുലർത്താം കോവിഡിനെ അകറ്റിനിർത്താം. കോവിഡ് കാലത്ത് പഴിചാരൽ അവസാനിപ്പിക്കാം: പകരം പരമാവധി പരസ്പരം കരുതാം

ഡോ. ജോജോ ജോസഫ്, ഓങ്കോളജി സർജൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.