DOCAT യുവജനങ്ങളുടെ സാമൂഹിക മനസ്സാക്ഷി 

കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളടെ ഒരു യുവജന പതിപ്പാണ് DOCAT. ബനഡിക്ട് പതിനാറാമൻ പാപ്പ യുവജനങ്ങൾക്കു നൽകിയ സമ്മാനമാണ് YOUCAT എങ്കിൽ ഫ്രാന്‍സീസ് പാപ്പയുടെ യുവജനങ്ങൾക്കുള്ള സമ്മാനമാണ് DOCAT. എന്താണ് DOCAT? അതിന്റെ ഉത്ഭവം, ഉള്ളടക്കം, പ്രാധാന്യം, ഇവ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണിത്.

എന്താണ്  DOCAT?

കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ സംഗ്രഹമാണ് ‘DOCAT’ (ഡുക്യാറ്റ്), to do എന്ന ക്രിയയിൽ നിന്നുമാണ് DO എന്ന വാക്കു വരുന്നത് Catechism – മതബോധനം എന്നവാക്കിന്റെ ചുരുക്കെഴുത്താണ് CAT എന്നത് സഭയുടെ സാമൂഹിക പ്രബോധനങ്ങൾക്കു പുറമേ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ചാക്രിക ലേഖനങ്ങളായ ദൈവം സ്നേഹമാകുന്നു, സത്യത്തിൽ സ്നേഹം   എന്നിവയിൽ നിന്നും ഫ്രാൻസീസ് പാപ്പായുടെ അങ്ങേക്കു സ്തുതി എന്നീ  ചാക്രിക ലേഖനത്തിൽ നിന്നുള്ള ഉൾക്കാഴ്ചകൾ യുവജനങ്ങൾക്കു സഹായകരമായ ഈ മതബോധനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  YOUCAT യൂക്യാറ്റിന്റെ  രചനാശൈലി തന്നെയാണ് DOCAT   അവലംബിച്ചിരിക്കുന്നത്. പോളണ്ടിലെ ക്രാക്കോവിൽ വച്ചു നടന്ന ലോകയുവജന സമ്മേളനത്തിൽ (26 July 2016 to 31 July 2016) പങ്കെടുത്ത എല്ലാവർക്കും DOCAT സമ്മാനമായി നൽകിയിരുന്നു. നവ സുവിശേഷവത്കരണത്തിനുള്ള പൊന്തിഫിക്കൽ കമ്മീഷൻ (Pontifical Council for the Promotion of the New Evangelisation) അംഗീകരിച്ചിരിക്കുന്ന DOCAT പ്രകാശനം ചെയ്തിരിക്കുന്നത് ഓസ്ട്രിയൻ മെത്രാൻ സംഘമാണ്.

കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ സംഗ്രഹം 

ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നിർദ്ദേശമനുസരിച്ച് നീതിക്കും സമാധാനത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ 2004 ൽ സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ സംഗ്രഹം പ്രസദ്ധീകരിച്ചു. ലെയോ പതിമൂന്നാമൻ മാർപാപ്പ മുതൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വരെയുള്ള മാർപാപ്പമാരുടെ സാമൂഹിക പ്രബോധനങ്ങളുടെ ഒരു ആകെത്തുകയായിരുന്നു  ഈ സംഗ്രഹം. മൂന്നു ഭാഗങ്ങളായാണ് ഇതു തിരിച്ചിരിക്കുന്നത്. ഓരോ ഭാഗവും 12 അധ്യായങ്ങൾ വീതം ഉൾക്കൊള്ളുന്നു. ദൈവീക പരിപാലന, സഭ യേശു ക്രിസ്തുവിന്റെയും സാമൂഹിക പ്രബോധനങ്ങളുടെയും ദൗത്യവാഹകർ, മനുഷ്യ വ്യക്തിയും അവകാശങ്ങളും, സമൂഹത്തിലുള്ള കുടുംബം, മനഷ്യന്റെ അധ്വാനവും സാമ്പത്തികവും, രാഷ്ട്രീയവും അന്തർദ്ദേശീയവുമായ സമൂഹങ്ങൾ, പരിസ്ഥിതി, ലോക സമാധാനം, അൽമായരുടെ അജപാലന പരമായ പ്രവർത്തികൾ, സ്നേഹ സംസ്കാരം പണിതുയർത്താനുള്ള ജോലികൾ എന്നിവ ഈ സംഗ്രഹത്തിൽ വിവരിക്കുന്നുണ്ട്.

സഭയുടെ പ്രധാന സാമൂഹിക പ്രബോധനങ്ങൾ

ഇതുവരെ 12 സാമൂഹിക ചാക്രിക ലേഖനങ്ങളാണുള്ളത്. അതിൽ പുറമേ സാമൂഹിക പ്രബോധനങ്ങളെപ്പറ്റി രണ്ടാം വത്തിക്കാൻ കൗൺസിലിന്റേതായി രണ്ട്  ഡോക്യുമെന്റുകൾ ഉണ്ട്. 1891 മെയ് പതിനഞ്ചിനു  മഹാനായ ലെയോ പതിമൂന്നാമൻ മാർപാപ്പ എഴുതിയ റേരും നൊവാരും ( പുതിയ കാര്യങ്ങളെ കുറിച്ച്) അണ് ആദ്യത്തെ സാമൂഹിക ചാക്രിക ലേഖനം. തൊഴിലാളികളും അവരെ വേലയ്ക്കെടുക്കുന്ന മുതലാളികളും തമ്മിലും, ഭരണകൂടങ്ങളും പൗരന്മാരും തമ്മിലുമുള്ള ബന്ധത്തെ ഇതു ചർച്ച ചെയ്യുന്നു. ഇതിന്റെ മുഖ്യവ്യഗ്രതയായി കാണപ്പെട്ടത്, “തൊഴിലാളിവർഗ്ഗത്തിൽ ബഹുഭൂരിപക്ഷത്തിന്റെ മേലും നീതിരഹിതമായി ചുമത്തപ്പെട്ടിരിക്കുന്ന കഷ്ടപ്പാടും ദുരിതാവസ്ഥയും” ആയിരുന്നു.തൊഴിലാളികളുടെ സംഘടനാവകാശത്തെ പിന്തുണച്ച ചാക്രികലേഖനം, വർഗ്ഗസമരം അനിവാര്യമാണെന്നു വാദിച്ച കമ്മ്യൂണിസത്തേയും ലാഭക്കൊതിയിൽ ഊന്നിയ കടിഞ്ഞാണില്ലാത്ത മുതലാളിത്തത്തേയും എതിർത്തെങ്കിലും സ്വകാര്യസ്വത്തിനുള്ള അവകാശത്തെ പിന്തുണച്ചു. 

ഈ ചാക്രികലേഖനത്തിന്റെ നാൽപതാം വാർഷികത്തിൽ 1931 ൽ പീയൂസ് പതിനൊന്നാമൻ പാപ്പ ക്വാദ്രഗേസിമോ അന്നോ    Quadtagesimo Anno  ( നാൽപതാം വർഷം) എന്ന ചാക്രിക ലേഖനം പുറപ്പെടുവിച്ചു. ഈ പ്രബോധനം ഒരു കുടുംബം നിലനിൽക്കുന്നതിനാവശ്യമായ  ജീവിക്കാനുള്ള വേതനത്തെക്കുറിച്ചു സംസാരിക്കുകയും  അനിയന്ത്രിതമായ സ്വതന്ത്രമായ  സംരംഭങ്ങളെ എതിർക്കുകയും ചെയ്തു.  ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ 1961 മാതാവും ഗുരുനാഥയും Mater et Magistra എന്ന ചാക്രിക ലേഖനത്തിൽ, ഓരോ വ്യക്തികളെയും ബഹുമാനിക്കുകയും അവരുടെ ആവശ്യങ്ങൾ തൃപ്തി വരുത്തുകയും ചെയ്യുന്ന യഥാർത്ഥ സമൂഹ നിർമ്മതിക്കുവേണ്ടി  ആഹ്വാനം ചെയ്തു. രണ്ടു വർഷങ്ങൾക്കു ശേഷം 1963 ൽ  ഭൂമിയിൽ സമാധാനം (Pacem in Terris) എന്ന മറ്റൊരു ചാക്രിക ലേഖനം അദ്ദേഹം പുറത്തിറക്കി. ഈ പ്രബോധനം സാതന്ത്ര്യവും മനുഷ്യവകാശങ്ങളും  സംരക്ഷിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും സഭയുടെ സവിശേഷ ശ്രദ്ധ പതിയേണ്ട മേഖലകളായി കണക്കാക്കി.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ  സഭ ആധുനീക ലോകത്തിൽ  Gaudium et Spes (1965) എന്ന കോൺസ്റ്റിറ്റ്യൂഷൻ  സഭ ആധുനിക സംസ്കാരം, സാമ്പത്തികം, സമൂഹം എന്നിവയുമായി സമഗ്രമായ ഒരു സംവാദത്തിൽ ഏർപ്പടണമെന്നു പഠിപ്പിക്കുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തന്നെ മനുഷ്യമഹത്വത്തെക്കുറിച്ചു പ്രതിപാദിക്കുന്ന Dignitatis Humanae (1965) എന്ന ഡിക്ലറേഷനിൽ  മത സാതന്ത്ര്യം വ്യക്തി സ്വാതന്ത്രത്തിലധിഷ്ഠിതമാണന്നു പഠിപ്പിക്കുന്നു. 1967ൽ പോൾ ആറാമൻ പാപ്പ എഴുതിയ ജനങ്ങളുടെ പുരോഗതി Populorum Progressio എന്ന ചാക്രിക ലേഖനം എല്ലാ മനുഷ്യരുടെയും വികസനത്തിനും ലോകസമാധാനത്തിനും വേണ്ടി പരിശ്രമിക്കാൻ ലോകത്തെ ഉദ്ബോധിപ്പിക്കുന്നു. തൊട്ടടുത്ത വർഷം മനുഷ്യ ജീവൻ Humanae Vitae (1968) എന്ന പേരിൽ പുറത്തിറങ്ങിയ ചാക്രിക ലേഖനം  മനഷ്യ ജീവന്റെ ഉത്ഭവത്തെപ്പറ്റിയും വിവാഹത്തിന്റെ മഹത്വത്തെപ്പറ്റിയും പ്രതിപാദിക്കുന്നു.

റേരും നൊവാരും എന്ന ചാക്രിക ലേഖനത്തിൽ എൺപതാം വാർഷികത്തിൽ ഒക്ടോജേസിമാ  അഡ്വെനിയൻസ്   Octogesima Adveniens എന്ന പേരിൽ 1971 ൽ ഒരു അപ്പസ്തോലിക പ്രബോധനം പുറത്തിറക്കി.ഇതിൽ തൊഴിലില്ലായ്മ, പരിസ്ഥിതി പ്രശ്നങ്ങൾ, ജനസംഖ്യ വർദ്ധനവ് തുടങ്ങിയ വിഷയങ്ങൾ പഠന വിഷയമാക്കി.  1981 ജോൺ പോൾ രണ്ടാമൻ പാപ്പ മനുഷ്യന്റ അധ്വാനത്തെക്കുറിച്ച് Laborem-Exercens (On Human Labor) എന്ന പേരിൽ  പ്രസിദ്ധീകരിച്ച തീരുവെഴുത്തിൽ മനുഷ്യന്റെ അധ്വാനം വഴി ജീവസന്തരണത്തിനാവശ്യമായതു മാത്രമല്ല വ്യക്തി എന്ന നിലയിലും ക്രൈസ്തവനെന്ന നിലയിലും ദൈവ  മഹത്വത്തിൽ പങ്കുപറ്റുമെന്നു പഠിപ്പിക്കുന്നു. ജനങ്ങളുടെ പുരോഗതി എന്ന ചാക്രിക ലേഖനത്തിന്റെ ഇരുപതാം വാർഷികത്തിൽ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചു ജോൺ പോൾ രണ്ടാമൻ പാപ്പ 1987 ൽ  Sollicitudo Rei Socialis എന്ന പേരിൽ മറ്റൊരു സാമൂഹിക ചാക്രികലേഖനമെഴുതി.  മൂന്നാം ലോകരാജ്യങ്ങളുടെ വികസനത്തിനു പ്രാധാന്യം നൽകുന്ന ഈ അപ്പസ്തോലിക പ്രബോധനം വികസനത്തെ അതിന്റെ സമഗ്രതയിൽ മനസ്സിലാകുന്നു. യാർത്ഥ വികസനം സാമ്പത്തികമായ പുരോഗമനം മാത്രമല്ല ധാർമ്മികതയിലുള്ള വികാസവും ഉൾപ്പെടുന്നുവെന്ന് ജോൺ പോൾ രണ്ടാമൻ പാപ്പാ അടിവരയിട്ടു പഠിപ്പിക്കുന്നു. റേരും നൊവാരത്തിന്റെ നൂറാം വാർഷികവും കമ്മ്യൂണിസത്തിന്റെ  അധപതനത്തിന്റെയും പശ്ചാത്തലത്തിൽ 1991 ൽ ചേന്തേസീമൂസ് ആനൂസ് Centesimus Annus എന്ന ചാക്രിക ലേഖനം  മാർപാപ്പ പുറത്തിറക്കി. ജനാധിപത്യത്തിന്റെ മൂല്യങ്ങളെയും സ്വതന്ത്ര സാമ്പത്തിക രംഗത്തെയും ഈ പ്രബോധനം ഊന്നിപ്പറയുന്നു. ബനഡിക്ട് പതിനാറാമൻ പാപ്പയുടെ ദൈവം സ്നേഹമാകുന്നു Deus Caritas Est (2005)  എന്ന പ്രഥമ ചാക്രിക ലേഖനം സ്നേഹത്തെ വിവിധ സാമൂഹിക  തലങ്ങളിൽ നിന്നു നോക്കിക്കാണുന്നു. 2009 ൽ ബനഡിക്ട് പാപ്പാ എഴുതിയ സത്യത്തിൽ സ്നേഹം Caritas in Veritate വലിയ രീതിയിൽത്തന്നെ ആഗോളവത്ക്കരണത്തിന്റെ വിവിധ ഭാവങ്ങൾ നമുക്കു കാണിച്ചു തരുന്നു. അവസാനമായി ഫ്രാൻസീസ് പാപ്പയുടെ അങ്ങേയ്ക്കു സ്തുതി  Laudato SÍ (2015) എന്ന ചാക്രിക ലേഖനവും DOCAT അപഗ്രഥിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എല്ലാ മനുഷ്യ വ്യക്തികളുടെയും കടമയാണന്നു ഫ്രാൻസീസ് പാപ്പാ പഠിപ്പിക്കുന്നു.

DOCATന്റ ഉത്ഭവം

യഥാർത്ഥത്തിൽ DOCAT എന്ന ആശയം ഒരു പറ്റം അമേരിക്കൻ യുവജനങ്ങളുടേതാണ്. 2011 സ്പെയിനിലെ മാഡ്രിഡിൽ വച്ചു നടന്ന ലോകയുവജന സമ്മേളനത്തിൽ  ഈ യുവജനങ്ങൾ പങ്കെടുത്തിരുന്നു. തദവസരത്തിൽ എല്ലാവർക്കും YOUCAT ന്റെ സൗജന്യ കോപ്പി എല്ലാ യുവജനങ്ങൾക്കും സമ്മാനമായി നൽകിയിരുന്നു.  YOUCAT വായിച്ച ഈ യുവജനങ്ങൾ Youcat Foundation നു 2011 ഇപ്രകാരം എഴുതി :” ഇപ്പോൾ വിശ്വാസം എന്താണന്നു ഞങ്ങൾക്കറിയാം പക്ഷേ ഞങ്ങൾ എന്തു ചെയ്യണം? ഒരു   DOCAT നെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് “സഭയുടെ സാമൂഹിക പ്രബോധനം ലോക കാര്യങ്ങളിൽ പങ്കുചേരാൻ മനുഷ്യനെ ക്ഷണിക്കുന്നു. ഇക്കാര്യം പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായി കർദ്ദിനാളുമാരായ ക്രിസ്‌റ്റോഫ് ഷോൺബോർൺ, റെയ്ൻഹാർഡ് മാക്സ് എന്നിവരുടെ നേതൃത്വത്തിൽ  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതരുടെയും യുവജനങ്ങളുടെയും  ഒന്നിച്ചുള്ള പരിശ്രമത്തിന്റെ  ഫലമാണ് DOCAT. വിഷയങ്ങൾ ക്രമീകരിക്കുന്നതിലും ചോദ്യങ്ങൾ രൂപീകരിക്കുന്നതിലും  യുവജനങ്ങൾ വഹിച്ച പങ്ക് ശ്ലാഘനീയമാണ്.

DOCAT  – YOUCAT  വ്യത്യാസങ്ങൾ 

യുവജനങ്ങളുടെ വിശ്വാസ പരിപോഷണത്തിനായി യുവജനങ്ങൾക്കനുയോജ്യമായ രീതിയിൽ അവരുടെ ഭാഷയിൽ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം സംഗ്രഹിച്ചതാണ് YOUCAT. എന്നാൽ DOCAT കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ യുവജനങ്ങൾക്കു ചേർന്ന രീതിയിൽ അണിയിച്ചൊരുക്കിയതാണ്. രണ്ടു മതബോധന ഗ്രന്ഥങ്ങളും യുവജനങ്ങളുടെ പരിശ്രമത്തിന്റെ ഫലമാണ് “യുവജനങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നെകിൽ അതു നമ്മൾ അവരോടൊപ്പം ചെയ്യണം”കാർഡിനൽ ഫോൺബോർണിന്റെ വാക്കുകൾ  സത്യമാണ്. DOCATന്റെ ആമുഖത്തിൽ ഫ്രാൻസീസ് പാപ്പ ഇപ്രകാരം എഴുതി : “ഇത് ഒരു യൂസർ മാനുവൽ പോലെയാണ് അതു ആദ്യം നമ്മളെ സുവിശേഷത്തിലേക്കു മാറ്റുന്നു. പിന്നെ നമുക്കു ചുറ്റുമുള്ള ഇടങ്ങളിലേക്കു അവസാനം ലോകം മുഴുവനിലേക്കും. സുവിശേഷത്തിന്റെ ശക്തിയാൽ നമുക്കു ലോകത്തിൽ ശരിയായ മാറ്റം വരുത്താൻ കഴിയും .ഈ പ്രബോധനങ്ങൾ ഏതെങ്കിലും ഒരു മാർപാപ്പായിൽ നിന്നോ പണ്ഡിതന്മാരിൽ നിന്നോ വന്നതല്ല. ഇതു സുവിശേഷത്തിന്റെ ഹൃദയത്തിൽ നിന്നു പിറവി കൊണ്ടതാണ്. ഇതു യേശുവിൽ നിന്നു തന്നെ വരുന്നതാണ്.  ദൈവത്തിന്റെ സാമൂഹികപാഠമാണ് യേശു.”

DOCAT പ്രധാന ഭാഗങ്ങൾ  

DOCAT ൽ 328 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും പന്ത്രണ്ടു അധ്യായങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. സ്നേഹം, സഭയുടെ സാമൂഹിക ഉത്തരവാദിത്വം, മനുഷ്യ വ്യക്തി, സഭയുടെ സാമൂഹിക പഠനങ്ങളുടെ തത്വങ്ങൾ, കുടുംബം, ജോലി, സാമ്പത്തിക ജീവിതം, രാഷ്ട്രീയ സമൂഹം, അന്തർദേശീയ സമൂഹം, പാരിസ്ഥിതി, സമാധാനവും സ്നേഹവും പ്രവർത്തിയിൽ എന്നി ശീർഷകങ്ങളിൽ DOCAT ചിട്ടപ്പെടുത്തിയിരിക്കുന്നു.  ഇവയെ കൂടാതെ ഫ്രാൻസീസ് പാപ്പയുടെ ആമുഖവും  വിശുദ്ധ ഗ്രന്ഥ  സൂചികകളും വിഷയങ്ങളും പേരുകളും ചേർത്ത   അനുക്രമണികകളും (indices) DOCAT ൽ ഉണ്ട്.

DOCAT മറ്റു പ്രത്യേകതകൾ 

രീതിയിലും രൂപകല്പനയിലിലും DOCAT –  YOUCAT തമ്മിൽ വ്യത്യാസമില്ല. ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും പുറമേ ഓരോ പേജിലും ബൈബിൾ ഉദ്ധരണിൾ, എഴുത്തുകാരുടെ ഉദ്ധരണികൾ, സഭാ പഠനങ്ങളുടെ വിലയിരുത്തലുകൾ,  ചിത്രങ്ങൾ എന്നിവയുണ്ട്.  കൂടുതൽ പഠനത്തിനും വിചിന്തനത്തിനുമായി സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ സംഗ്രഹം, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, YOUCAT തുടങ്ങിയവയുടെ നമ്പറുകളും ഇതിൽ ചേർത്തിട്ടുണ്ട്. ഫ്രാൻസീസ് പാപ്പയുടെ എൺപതു ഉദ്ധരണികൾ DOCAT  ഉൾപ്പെടുത്തിയിരിക്കുന്നു. ഓരോ അധ്യായത്തിന്റെയും അവസാനം ചർച്ച ചെയ്ത വിഷയത്തെ സംബന്ധിച്ച സഭയുടെ പഠനങ്ങൾ പ്രത്യേകം പരാമർശിച്ചട്ടണ്ട്.  DOCAT ൽ ഉൾപ്പെടുത്തിയിരിക്കുന്ന യുവജനങ്ങളുടെ ഫോട്ടോകളിൽ ലോകത്തെ എല്ലാ ഭാഗത്തു നിന്നുള്ള യുവജനങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നു. കത്തോലിക്കാ സഭയുടെ നിറങ്ങളായ വെള്ളയും മഞ്ഞയുമാണ്  YOUCAT ൽ ധാരാളം ഉപയോഗിച്ചിരിക്കുന്നതെങ്കിൽ. പ്രത്യാശയുടെ നിറമായ നീലയാണ് DOCAT ൽ ഉള്ളത്. ബെഗ്ലരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ATC (Asian Trading Corporation) ആണ് DOCAT ഏഷ്യയിൽ  ഓദ്യോഗികമായി പ്രസദ്ധീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.