ഇവിടെ ഞങ്ങള്‍ വിശുദ്ധ കുര്‍ബാനയിലെ ഈശോയെ അനുഭവിച്ച് അറിഞ്ഞു – കണ്ണുകള്‍ നിറഞ്ഞ് അവര്‍ അനുഭവം പങ്കുവച്ചു

    രക്ഷാധികാരി റവ. ഫാ. ഡോമിനിക് മുണ്ടാട്ട്, ഡയറക്ടര്‍ ഫാ. ജോര്‍ജ് കടൂപ്പാറയില്‍, കോര്‍ഡിനേറ്റര്‍ ഫാ. വിവേക് കളരിത്തറ എന്നിവര്‍ക്കൊപ്പം ആദ്യ ബാച്ച്

    വിശുദ്ധ കുർബാനയെ അനുഭവവേദ്യമാക്കുവാൻ വഴിതെളിച്ച വിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്സ്

    ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ എത്രത്തോളം സ്നേഹിക്കാൻ കഴിയും?കൊക്കിന് ജീവനുള്ളിടത്തോളം കാലം എന്നതായിരിക്കും ഈ ചോദ്യത്തിന്റെ ഉത്തരം. മനുഷ്യന്, മനുഷ്യനെ സ്നേഹിക്കാൻ അത്രമാത്രമേ കഴിയുകയുള്ളൂ. എന്നാൽ, സൃഷ്ടാവായ ദൈവത്തിനോ? അതിനുള്ള ഉത്തരം നാം കണ്ടെത്തുക വിശുദ്ധ
    കുർബാനയിലാണ്.

    മനുഷ്യനെ വീണ്ടെടുക്കാനായി അപമാനത്തിന്റെ, അപഹാസ്യത്തിനെ അടയാളമായ കുരിശോളം താഴ്ത്തപ്പെട്ട ദൈവപുത്രൻ. പീഡകൾ സഹിച്ചു കുരിശിൽ മരിച്ചു
    മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ അവിടുന്ന് മനുഷ്യർക്കൊപ്പം ആയിരിക്കാൻ വേണ്ടി തന്റെ ശരീര-രക്തങ്ങൾ വിഭജിച്ചു നൽകുന്ന വിശുദ്ധ കുർബാന സ്ഥാപിച്ചു. ഓരോ ദിവസവും വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന അനേകായിരം ബലിപീഠങ്ങളിലൂടെ, അവിടുന്ന് തന്റെ ജനത്തോടൊപ്പം ആയിരിക്കുന്നു.

    വിശുദ്ധ കുർബാന എന്നാൽ ഒറ്റവാക്കിൽ നിർവ്വചിക്കുക ‘സ്നേഹത്തിന്റെ കൂദാശ’ എന്നാണ്. അപ്പത്തിന്റെ രൂപത്തിൽ നമ്മോടു ഒന്നായവന്റെ സ്നേഹം അനുഭവേദ്യമാക്കുന്ന കൂദാശ. ഈ കൂദാശയെ അതിന്റെ പൂർണ്ണതയിൽ അനുഭവിക്കുവാൻ വിശ്വാസികളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എംസിബിഎസ് എമ്മാവൂസ് പ്രൊവിൻസിന്റെ കീഴിലുള്ള ദിവ്യകാരുണ്യ പഠനകേന്ദ്രം വടവാതൂർ പൗരസ്‌ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടു കൂടി വിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ് സംഘടിപ്പിച്ചത്. ഒരു വർഷത്തെ പഠനം പൂർത്തിയാക്കി 2018 -2019 ബാച്ച് 37 പേര്‍ പുറത്തിറങ്ങുമ്പോൾ എല്ലാവർക്കും സന്തോഷം. കാരണം, വിശുദ്ധ കുർബാനയെ കൂടുതൽ അടുത്തറിയുവാൻ ഈ കോഴ്സ് കാരണമായി എന്നതു തന്നെ.

    കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അവര്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചത്. 37 പേരുണ്ടായിരുന്നു അവര്‍. അന്ന് ഉച്ചവരെ അവര്‍ തങ്ങളുടെ അനുഭങ്ങള്‍ പങ്കുവച്ചു. പലരും തങ്ങള്‍ അറിഞ്ഞ ഈശോയെക്കുറിച്ചു പറഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് കരഞ്ഞു. അത്യപൂര്‍വമായ ഒരു അനുഭവം പങ്കുവയ്ക്കല്‍ വേദിയായിരുന്നു അത്. രക്ഷാധികാരി റവ. ഫാ. ഡോമിനിക് മുണ്ടാട്ട്, ഡയറക്ടര്‍ ഫാ. ജോര്‍ജ് കടൂപ്പാറയില്‍, കോര്‍ഡിനേറ്റര്‍ ഫാ. വിവേക് കളരിത്തറ എന്നിവരും അവരുടെ കൂടെ ഉണ്ടായിരുന്നു.

    ഒരു വൈദികൻ എന്ന നിലയിൽ വിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്സ്, തന്റെ ശുശ്രൂഷയെ കൂടുതൽ ഉജ്ജ്വലപ്പെടുത്തുവാൻ സഹായിച്ചു എന്ന് കോഴിക്കോട്
    നിന്നുള്ള ഫാ. തോമസ് പെരുമ്പെട്ടിക്കുന്നേൽ എംസിബിഎസ് വ്യക്തമാക്കുന്നു.

    “നൊവേനകൾക്കോ മറ്റു തിരുനാൾ ആഘോഷങ്ങൾക്കോ നൽകുന്ന പ്രാധാന്യംപോലും വിശുദ്ധ കുർബാനയ്ക്കു നൽകാത്ത ഒരു കാലമാണ് ഇന്നത്തേത്. ഇത്തരം സാഹചര്യങ്ങളിൽ, വിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ് ആരംഭിക്കുകയും പണ്ഡിതരായ ആത്മീയോപദേശകരിലൂടെ വിശുദ്ധ കുർബാനയുടെ
    ദൈവശാസ്ത്രത്തിൽ വ്യക്തമായ അറിവ് നൽകുവാനും ദിവ്യകാരുണ്യ പഠനകേന്ദ്രത്തിനു കഴിഞ്ഞു. ഈ ക്ലാസ്സു്കൾ വിശുദ്ധ കുർബാനയോടുള്ള ഭക്തി വർദ്ധിപ്പിക്കുന്നതിനും പ്രാധാന്യം മനസിലാക്കുന്നതിനും സഹായിച്ചു” – ലത്തീൻ സഭാംഗമായ പുഷ്പ അലക്സ് വെളിപ്പെടുത്തി.

    “വിശുദ്ധ കുർബാനയുടെ അതീവഗഹനമായ തലങ്ങളെ ഒരു
    സാധാരണക്കാരന്റെലാളിത്യത്തിലേയ്ക്ക് ചുരുക്കികൊണ്ടു ശരിയായ അറിവ് പകരുവാനും തികഞ്ഞ സഭാസ്നേഹികൾ ആകുവാനും ഈ കോഴ്സ് സഹായകമായി. ഒപ്പംതന്നെ പഠനത്തോടൊപ്പം ലഭിച്ച ആരാധനവേളകളും വിശുദ്ധ കുമ്പസാരത്തിന്റെ അവസരങ്ങളും വിശുദ്ധ കുർബാനയെ കൂടുതൽ അനുഭവവേദ്യമായി പഠിക്കുവാനും പരിശീലിക്കുവാനും ഇടയാക്കി” – ആരാധാനാ സന്യാസിനീ സമൂഹത്തിൽ നിന്നുള്ള ഡോ. ജ്യോതി കൊടിക്കുളം പറഞ്ഞു.

    “ഈ കോഴ്സിലേയ്ക്ക് കടന്നുവരുമ്പോൾ ഒരു സാധാരണ വിശ്വാസിക്ക് ഉള്ളതിലപ്പുറം വിശുദ്ധ കുർബാനയെക്കുറിച്ച് കാര്യമായ അറിവൊന്നും തനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ, പ്രഗത്ഭരായ വൈദികരിലൂടെ ലളിതമായ ഭാഷയിൽ ലഭിച്ച അറിവുകൾ നമ്മുടെ യുക്തിക്കും ബുദ്ധിക്കുമപ്പുറം നടക്കുന്ന അത്ഭുതമായ വിശുദ്ധ കുർബാനയെ കൂടുതൽ ഭക്തിയോടെ വീക്ഷിക്കുവാനും അതിൽ പങ്കെടുക്കുവാനും എന്നെ പ്രാപ്തനാക്കി” എന്ന് മുണ്ടക്കയത്ത് നിന്ന് ഈ കോഴ്സിൽ പങ്കെടുത്ത പയസ് സെബാസ്റ്റിയൻ പങ്കുവെച്ചു.

    “ദിവ്യകാരുണ്യത്തിലൂടെ വെളിപ്പെടുന്ന അനന്തമായ സ്നേഹത്തെ അനുഭവിച്ചറിയുവാൻ, ആ സ്നേഹാനുഭവത്തിലേയ്ക്ക് എന്നെ നയിക്കുവാൻ ഈ കോഴ്‌സിന് കഴിഞ്ഞു” എന്ന് മേരി ഗ്രെയിസും, “വിശുദ്ധ കുർബാന എന്താണെന്നു ഒരു സാധാരണ അല്മായനു മനസിലാകുന്ന തരത്തിൽ വിശദീകരിക്കുവാനും അങ്ങനെ
    മഹത്തായ കൂദാശയുടെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കുവാനും കുർബാനയുടെ ക്ലാസ് സഹായകമായി” എന്ന് മധു മാർട്ടിനും വ്യക്തമാക്കി. “വിശുദ്ധ കുർബാനയിൽ ലാഘവത്തോടെ പങ്കെടുത്തിരുന്ന തന്നെ ഭയഭക്തിയോടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പ്രാപ്തയാക്കിയത് ഈ കുർബാനയുടെ ക്ലാസ് ആയിരുന്നു” എന്ന് ഡിഗ്രി വിദ്യാർത്ഥിനിയായ അമലു മേരി ബാബു വെളിപ്പെടുത്തി.

    “സഭയും വിശ്വാസവും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ വിശുദ്ധ കുർബാനയിലൂടെ സഭയെ മനസിലാക്കുന്നതിന് ഈ ക്ലാസ് നൽകിയ സംഭാവന മഹനീയമാണ്” എന്ന് ജോസഫീന പങ്കുവെച്ചു. “പരിശുദ്ധ കുർബാനയുടെ ആഴങ്ങളെപ്പറ്റി ഗ്രഹിക്കുവാനും വിവിധ റീത്തുകളുടെ വിശുദ്ധ കുർബാനയെക്കുറിച്ച് മനസിലാക്കുവാനും സാധിച്ചു” എന്ന് ജാസ്മിൻ സെബാസ്റ്റ്യൻ പറഞ്ഞു.

    ഡിപ്ലോമ കരസ്ഥമാക്കിയ 37 പേര്‍ക്കും പറയാനുള്ളത് ദൈവനുഭവത്തിന്റെ അനുഭവങ്ങള്‍ മാത്രം. ഇങ്ങനെ ഒരു കുർബാനയുടെ കോഴ്സ് തങ്ങൾക്കായി ഒരുക്കിയ എംസിബിഎസ് സന്യാസ സമൂഹത്തിനും ഡയറക്ടര്‍ ആയ ബഹു. ജോർജ്ജ് കടൂപ്പാറയിൽ അച്ചനും കോര്‍ഡിനേറ്റര്‍ ആയ വിവേക് കളരിത്തറ അച്ചനും നന്ദി പറഞ്ഞുകൊണ്ടാണ് ഈ ബാച്ച് പടിയിറങ്ങുന്നത്. വടവാതൂര്‍ പൌരസ്ത്യ‍പീഠത്തേയും പ്രസിഡന്‍റ്  റവ. ഫാ. ആന്ധ്രൂസ് മേക്കാട്ടുകുന്നേല്‍ അച്ചനേയും ഇവര്‍ ആദരവോടെ ഓര്‍ക്കുന്നു.

    ഇവർക്കെല്ലാം പറയാനുള്ളത് നന്ദി മാത്രം.വിശുദ്ധ കുർബാനയെ സാധാരണക്കാരന് മനസിലാക്കുവാൻ സഹായിച്ചതിന്… കുർബാന അനുഭവവേദ്യമാക്കുവാൻ കാരണമാകും വിധത്തിൽ ലളിതമായ രീതിയിൽ ക്ലാസുകൾ ക്രമീകരിച്ചതിന്.

    പുതിയ ബാച്ച് 50 പേരാണ്. അവരോട്പഴയ ബാച്ചുകര്‍ക്ക് പറയാനുള്ളത് ഒന്ന് മാത്രം – ഈ നന്മ നിങ്ങള്‍ അനുഭവിച്ച് അറിയുക.