പാലക്കാട് രൂപതയുടെ നിയുക്ത സഹായമെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പിതാവിന് കത്തോലിക്ക കോണ്‍ഗ്രസിന്റെ സ്‌നേഹാദരം

ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനാശംസകളോടെ പാലക്കാട് രൂപതയുടെ നിയുക്ത സഹായമെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പിതാവിന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി സ്‌നേഹാദരം നല്‍കി. പാലക്കാട് രൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ – ഫൊറോനാ ഭാരവാഹികള്‍ ഒന്നുചേര്‍ന്ന് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പിതാവിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നത്.

കത്തോലിക്ക കോണ്‍ഗ്രസ്, ഒരു സംഘടന എന്നതിനേക്കാള്‍ കൂടുതല്‍ സഭയെ സ്‌നേഹിക്കുന്ന ഉത്തരവാദിത്വമുള്ളവരുടെ ഒരു കൂട്ടായ്മയാണെന്ന് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സഭയിലെ അംഗമെന്ന നിലയിലുള്ള കര്‍ത്തവ്യങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടുകൂടി ചെയ്യുവാന്‍ സ്വയം സന്നദ്ധരായി വന്നിരിക്കുന്നവരുടെ പ്രവര്‍ത്തനവേദി കൂടിയാണ് കത്തോലിക്ക കോണ്‍ഗ്രസ്. വളരെയേറെ പക്വതയുള്ളവരും അങ്ങേയറ്റം ഉത്തരവാദിത്വമുള്ളവരുടേതുമായ ഈ കൂട്ടായ്മ നമ്മുടെ സമുദായത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൈവീകപദ്ധതിയുടെ ഭാഗമായിട്ടാണ് സഭാസമൂഹത്തിലും രൂപതാസമൂഹത്തിലും കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ദൈവം പ്രചോദിപ്പിച്ചു കൊണ്ടുവന്നിരിക്കുന്ന ഈ പ്രസ്ഥാനവും ഇതിന്റെ പ്രവര്‍ത്തനങ്ങളും ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും. ദൈവത്തിന്റെ ജനത്തിനുവേണ്ടിയാണ് നാം ഇത് മുന്നോട്ട് കൊണ്ടുപോകുക. ദൈവത്തിന്റെ ജനത്തിനുവേണ്ടി ദൈവം പ്ലാന്‍ ചെയ്യുന്ന ഒരു കാര്യവും ഒരിക്കലും പുറകോട്ട് പോവുകയില്ല. സമുദായസ്‌നേഹത്തില്‍ നിലനിന്നു കൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതയില്‍ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നല്ല മതിപ്പുള്ള ഒരു വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. സമുദായ അംഗങ്ങള്‍ക്കായി കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതയില്‍ രൂപീകരിക്കുന്ന പഞ്ചാത്തുതല ഹെല്പ് ഡെസ്‌കിന്റെ ഉദ്ഘാടനവും മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ നിര്‍വ്വഹിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് തുരുത്തിപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ട്രഷറര്‍ മാത്യു കല്ലടിക്കോട് നന്ദി പറഞ്ഞു.

മുന്‍ രൂപത ജനറല്‍ സെക്രട്ടറി ബെന്നി കിളിരൂപ്പറമ്പില്‍, വൈസ് പ്രസിഡന്റുമാരായ ജോസ് മുക്കട, സ്വപ്ന ജെയിംസ്, ഷേര്‍ളി റാവു, സെക്രട്ടറിമാരായ അഡ്വ. റെജിമോന്‍ ജോസഫ്, അഡ്വ. ബോബി പൂവ്വത്തിങ്കല്‍, ജോസ് വടക്കേക്കര, സണ്ണി ഏറനാട്ട്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ.സി. കലങ്ങോട്ടില്‍, ജെയിംസ് പാറയില്‍, ജോമി മാളിയേക്കല്‍, സാനി ആന്റെണി, ഫിലിപ്പ് വാലേച്ചിറയില്‍, കാഞ്ഞിരപ്പുഴ ഫൊറോന പ്രസിഡന്റെ് ബാബു പ്രാക്കുഴിയില്‍, പൊന്നംകോട് ഫൊറോന പ്രസിഡന്റെ് ബെന്നി ചിറ്റേട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.