ഡിജിറ്റൽ സിഗ്നേച്ചറിൽ ‘ഈശോ നിന്നെ സ്നേഹിക്കുന്നു’ എന്ന എഴുത്ത്: വനിതാ റിയൽ എസ്റ്റേറ്റ് ഏജന്റിനെതിരെ നടപടിയുമായി വെർജീനിയൻ ഭരണകൂടം 

ഡിജിറ്റൽ സിഗ്നേച്ചറിൽ ക്രിസ്തീയമായ സന്ദേശം ഉപയോഗിച്ചു എന്ന് ആരോപിച്ച് വെർജീനിയയിൽ വനിതാ റിയൽ എസ്റ്റേറ്റ് ഏജന്റിനെതിരെ കേസ് എടുത്തു. ഹഡസ്സ കാർട്ടർ എന്ന യുവതിക്കു മേലാണ് കേസ് എടുത്തിരിക്കുന്നത്. പൊതു കത്തിടപാടുകളിൽ വിശ്വാസ-പ്രമേയ സന്ദേശങ്ങൾ ചേർക്കരുത് എന്ന റിയൽ എസ്‌റ്റേറ്റ് ചട്ടം ലംഘിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി റിയൽ എസ്റ്റേറ്റ് ബോർഡാണ് പരാതി നൽകിയിരിക്കുന്നത്.

“യേശു നിങ്ങളെ സ്നേഹിക്കുന്നു; ദൈവത്താൽ എല്ലാം സാധ്യമാണ്” എന്നാണ് എന്റെ ഡിജിറ്റൽ സിഗ്നേച്ചറിൽ ഹഡസ്സ ചേർത്തിരിക്കുന്നത്. ഇതുകൂടാതെ, തന്റെ വെബ്സൈറ്റിൽ “എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ. 3:16) എന്ന വചനവും ‘നിങ്ങൾക്ക് എന്നെ ആവശ്യമുള്ളപ്പോൾ ഞാൻ നിങ്ങൾക്ക് ഒപ്പമുണ്ടാകും’ എന്നും ചേർത്തിരുന്നു.

ഈ രണ്ട് സന്ദേശങ്ങളും വെർജീനിയൻ ഫെയർ ഹൗസിങ് കോഡിന് എതിരാണെന്ന് റിയൽ എസ്റ്റേറ്റ് ബോർഡ് ചൂണ്ടിക്കാട്ടി. ”അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയോ മതത്തെയോ നിയന്ത്രിക്കാൻ ആർക്കും കഴിയില്ല. തന്റെ വിശ്വാസം പ്രകടിപ്പിച്ചു എന്ന കാരണത്താൽ അവരെ ജോലിയിൽ നിന്ന് ഭീഷണിപ്പെടുത്തുകയും അവരുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന കാര്യങ്ങളിൽ നാം പ്രതികരിക്കേണ്ടിയിരിക്കുന്നു” – ജോർദാൻ സെകുലോ ഈ വാർത്തയോട് പ്രതികരിച്ചു.