ദൈവദാസൻ ഡാർവിൻ റാമോസ്: വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനുള്ള നടപടികൾ ആരംഭിച്ച് ഫിലിപ്പീൻസ് സഭ 

ക്രിസ്തുവിലുള്ള ആഴമായ വിശ്വാസത്തെപ്രതി തന്റെ ജീവിതത്തിലെ സഹനങ്ങളെല്ലാം ഏറ്റെടുത്ത ആഴമായ വിശ്വാസത്തിന്റെ മാതൃകയായ ദൈവദാസൻ ഡാർവിൻ റാമോസിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനുള്ള നടപടികൾക്ക് ഫിലിപ്പീൻസിലെ സഭ തുടക്കം കുറിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അമലോത്ഭവ മാതാവിന്റെ നാമത്തിലുള്ള കത്തീഡ്രലിൽ നടന്ന കുർബാന മദ്ധ്യേ ഉണ്ടായി.

28-ാം തീയതി നടന്ന ഔദ്യോഗിക പ്രഖ്യാപനചടങ്ങുകൾക്ക് മുൻപ് മനിലയിലെ ക്യൂബാവോ രൂപതാധികൃതർ ഇതു സംബന്ധിച്ച വിവരങ്ങൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. പ്രസ്തുത സമ്മേളനത്തിൽ റാമോസിന്റെ അമ്മയും പങ്കെടുത്തിരുന്നു.

ലളിതവും വിശുദ്ധവുമായ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു റാമോസ്. ഈ ബാലന്റെ ജീവിതവും വിശുദ്ധിയിലേയ്ക്ക് ഉയർത്തുന്നതിനുള്ള നടപടികളും നിങ്ങൾക്കു മുൻപിൽ വിശുദ്ധിയിൽ ജീവിക്കുന്നതിനുള്ള വലിയ ഒരു ഉത്തരവാദിത്വം വയ്ക്കുന്നു എന്ന് ക്യൂബാവോ രൂപതയുടെ ബിഷപ്പ് മോൺ. ഹോണസ്റ്റോ ഫ്ലോറിസ് വ്യക്തമാക്കി. “ഒരു ലളിതമായ കൗമാരക്കാരനായിരുന്നു റാമോസ്. ദൈവവുമായുള്ള അവന്റെ ബന്ധം, ആത്മീയജീവിതം ഒക്കെ വളരെ ശ്രദ്ധേയമായിരുന്നു. കഷ്ടതകൾക്കിടയിലും അവൻ യേശുക്രിസ്തുവിനോട് അർപ്പണ ബോധമുള്ളവനായിരുന്നു” എന്ന് റാമോസിന്റെ വിശുദ്ധീകരണ നടപടികൾക്കായുള്ള പ്രീഫെക്റ്റും അവസാന സമയങ്ങളിൽ റാമോസിനെ സന്ദർശിച്ച വ്യക്തിയുമായി ഫാ. തോമസ് ദേ ഗബോറെ വെളിപ്പെടുത്തി.

റാമോസിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചത് മെയ് 31-ാം തീയതിയായിരുന്നു.