സെപ്റ്റംബര്‍ 28: വി. വെഞ്ചെസ്ലാസ്

എ.ഡി. 907 -ല്‍ ബൊഹീമിയായിലാണ് വി. വെഞ്ചെസ്ലാസ് ജനിച്ചത്. ഒരു ഉത്തമക്രിസ്ത്യാനിയും അവിടുത്തെ നാടുവാഴിയുമായിരുന്ന യൂറാടിസ്‌ളാസായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ക്രൈസ്തവ മതവിരോധം ഉള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു ഡ്രഹോമീറ എന്ന വീജാതീയ സ്ത്രീയായിരുന്നു മാതാവ്. അവര്‍ക്കുണ്ടായ രണ്ടുമക്കളില്‍ മൂത്തവനായിരുന്നു വെഞ്ചെസ്ലാസ്; രണ്ടാമന്‍ ബൊലെസ്ലാവ്.

വെഞ്ചെസ്ലാസിനെ വളര്‍ത്തിയിരുന്നത് അദ്ദേഹത്തിന്റെ അമ്മൂമ്മയായ ലുഡ്മില്ലയാണ്. അവള്‍ അവനെ ക്രൈസ്തവഭക്തിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. വിശുദ്ധന്റെ ബാല്യത്തില്‍തന്നെ അദ്ദേഹത്തിന്റെ പിതാവ് മരണമടഞ്ഞു. അതോടെ ഭാര്യ ഡ്രഹോമീറ നാട്ടുഭരണം ഏറ്റെടുത്തു. ഇത്രനാള്‍ ഉള്ളില്‍ സൂക്ഷിച്ചിരുന്ന ക്രൈസ്തവ വിരോധം പ്രകടിപ്പിക്കാന്‍കിട്ടിയ അവസരം അവള്‍ തെല്ലും പാഴാക്കിയില്ല.

ഒരു സ്വേച്ഛാധിപതിയായിരുന്ന അവള്‍ ക്രൈസ്തവദേവാലയങ്ങളെല്ലാം പൂട്ടിച്ചു. മാത്രമല്ല, മതപ്രബോധനങ്ങളെല്ലാം അവള്‍ നിർത്തലാക്കി; ഇതുംപോരാഞ്ഞിട്ട് അനേകരെ ക്രൂരമായി വധിക്കുകയും ചെയ്തു. ഇതില്‍ അതീവദുഃഖിതയായ ലുഡ്മില്ല, വിശുദ്ധനോട് രാജ്യഭരണം ഏറ്റെടുക്കാന്‍ അഭ്യർഥിച്ചു. പിതാമഹിയുടെ ഈ അപേക്ഷയും പ്രജകളുടെ ഏകകണ്ഠമായ അഭ്യര്‍ഥനയും രാജ്യഭരണം ഏറ്റെടുക്കാന്‍ വെഞ്ചെസ്ലാസിനെ പ്രേരിപ്പിച്ചു. എന്നാല്‍ സഹോദരനുമായി ഒരു കലഹം ഉണ്ടാകാതിരിക്കുന്നതിനായി അദ്ദേഹം രാജ്യത്തെ രണ്ടായി വിഭജിച്ച് വലിയൊരുഭാഗം സഹോദരനു നല്‍കി.

എന്നാല്‍ ഭരണകാര്യങ്ങളിലുണ്ടായ ഈ വ്യത്യാസം വിശുദ്ധന്റെ മാതാവിനെ കൂടുതല്‍ കോപിഷ്ഠയാക്കി. ക്രിസ്തുമതവിരോധിയായ അവള്‍, വളര്‍ത്തുമകനെ ഉപയോഗിച്ച് ക്രിസ്ത്യാനികള്‍ക്കെതിരെ കൂടുതല്‍ മര്‍ദ്ദനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ വിശുദ്ധന്‍, തനിക്ക് ബാല്യത്തില്‍ കിട്ടിയ വിശ്വാസത്തില്‍ ഉറച്ചുനിന്ന് നീതിയോടും സമാധാനത്തോടുംകൂടി സ്വപ്രജകളെ പരിപാലിച്ചു. ഭാരിച്ച രാജ്യഭരണ ചുമതലകള്‍ക്കിടയിലും പ്രാര്‍ഥനയ്ക്കായി അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. രാത്രിയിലെ ഏറെ ഭാഗവും പ്രാര്‍ഥനയ്ക്കും പ്രായശ്ചിത്തപ്രവൃത്തികള്‍ക്കുമായി വിനിയോഗിച്ച അദ്ദേഹം രാജ്യഭരണത്തേക്കാള്‍ ഇഷ്ടപ്പെട്ടിരുന്നത് സന്യാസമാണ്.

ഇതിനിടയില്‍ മതഭ്രാന്ത് പിടിച്ച വിശുദ്ധന്റെ മാതാവ് അദ്ദേഹത്തിന്റെ വല്യമ്മയെ അതിക്രൂരമായി വധിച്ചു. ക്രൈസ്തവ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നത് ലുഡ്മില്ലയാണ് എന്നതായിരുന്നു കാരണം. എന്നിട്ടും അവരുടെ കോപം ശമിച്ചില്ല. അവള്‍ തന്റെ ഇളയമകനെ വശീകരിച്ച് വിശുദ്ധനെ വധിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഈ കാലത്താണ് വിശുദ്ധന്റെ സഹോദരന് ഒരു പുത്രന്‍ ജനിച്ചത്. ശിശുവിന്റെ ജന്മം ആഘോഷിക്കാന്‍ ക്ഷണിക്കപ്പെട്ട വിശുദ്ധന്‍ ആ ക്ഷണം സസന്തോഷം സ്വീകരിച്ച് സഹോദരന്റെ വീട്ടിലെത്തി. അന്നുരാത്രി പ്രാര്‍ഥനയിലായിരുന്ന വിശുദ്ധനെ സ്വമാതാവിന്റെ പ്രേരണയാല്‍ സ്വസഹോദരന്‍ കുത്തിക്കൊന്നു. 930 സെപ്റ്റംബര്‍ 28 -നായിരുന്നു ആ ക്രൂരസംഭവം അരങ്ങേറിയത്.

വിചിന്തനം: ”എല്ലായ്‌പ്പോഴും ദൈവത്തിന് കീഴ്‌പ്പെട്ടുകൊണ്ട് സ്വന്തം ഇഷ്ടത്തേക്കാളുപരിയായി അവിടുത്തെ ഇഷ്ടം നിറവേറ്റുക.”

ഇതരവിശുദ്ധര്‍: അന്നെമുന്ത് (+657) ലിയോണ്‍സിലെ മെത്രാപ്പോലീത്താ/വില്ലിഗോഡും മാര്‍ട്ടിനും (ഏഴാം നൂറ്റാണ്ട്)/ കോണ്‍വാള്‍(+630) ഐറിഷ് വൈദികന്‍/മര്‍ക്കോസ്(+300)/റോസ് വാങ്ങ് (+1900) ചൈനീസ് രക്തസാക്ഷി/തെറ്റാ (+772) ബനഡിക്‌റ്റൈന്‍ ആബെസ്/ലോറന്‍സ്(1600-1637) മാര്‍ഷ്യല്‍ സൈമണ്‍(1552-1624)/ദുക്ലായിലെ ജോണ്‍(1414-1484)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.