സെപ്റ്റംബര്‍ 27: വി. വിന്‍സെന്റ് ഡി പോള്‍

അഗതികളുടെ പിതാവ് എന്നറിയപ്പെടുന്ന വി. വിന്‍സെന്റ് ഡി പോള്‍ 1576 ഏപ്രില്‍ 24 -ാം തീയതി ഫ്രാന്‍സിലെ ‘പോ’ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സമ്പന്നരല്ലായിരുന്നെങ്കിലും വിന്‍സെന്റിന് ആവശ്യമായ വിദ്യാഭ്യാസം നൽകാൻ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിശുദ്ധന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ ഡാക്‌സിലെ ഫ്രാന്‍സിസ്‌കന്‍ വിദ്യാലയത്തില്‍ അദ്ദേഹത്തെ ചേര്‍ത്തു. ഈ കാലഘട്ടത്തില്‍ സ്വയം ജോലിചെയ്ത് പഠനത്തിനുള്ള വക കണ്ടെത്താന്‍ വിശുദ്ധന്‍ പരിശ്രമിച്ചിരുന്നു.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം 1600 -ല്‍ അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു. ഏതാണ്ട് ഈ കാലഘട്ടത്തിലാണ് വിശുദ്ധന്‍ കടല്‍ക്കൊള്ളക്കാരുടെ കൈകളിലകപ്പെട്ടത്. അവര്‍ അദ്ദേഹത്തെ ടൂണിഷ്യയിലെ ചന്തയില്‍ കൊണ്ടുപോയി വിറ്റു. പലര്‍ക്കും മാറിമാറി വിൽക്കപ്പെട്ടതിനുശേഷം അദ്ദേഹം, വിശ്വാസത്യാഗിയായിരുന്ന ഒരു ക്രിസ്ത്യാനിയുടെ അധീനതയിലായി. വിശുദ്ധന്‍ പ്രാര്‍ഥനയിലൂടെ അദ്ദേഹത്തെ മാനസാന്തരപ്പെടുത്തുകയും യജമാനനോടൊപ്പം ഫ്രാന്‍സില്‍ തിരിച്ചെത്തുകയും ചെയ്തു.

തിരിച്ചെത്തിയ അദ്ദേഹത്തെ ഒരു കപ്പലിലെ തടവുകാരുടെ ചാപ്ലിന്‍ ജനറലായി നിയമിച്ചു. ജീവിതത്തിലെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട, കഠിനമായി പീഡിപ്പിക്കപ്പെട്ടിരുന്ന അവരുടെ ഇടയിലേക്ക് ഒരു ദൈവദൂതനെപ്പോലെയാണ് വിശുദ്ധന്‍ കടന്നെത്തിയത്. ഒരിക്കല്‍ കപ്പലില്‍ ബന്ധിതനായ തന്റെ പുത്രന്റെ ദുരവസ്ഥയെ ഓര്‍ത്ത് അദ്ദേഹത്തിന്റെ അമ്മ വിശുദ്ധന്റെയടുക്കല്‍ വിലപിച്ചു. ഉടന്‍തന്നെ വിന്‍സെന്റ് അയാളുടെ വിലങ്ങുവാങ്ങി അദ്ദേഹത്തിനു നിശ്ചയിച്ചിരുന്ന ജോലി ചെയ്തുകൊണ്ട് അയാളെ വിട്ടയച്ചു.

ഓരോ ദരിദ്രനിലും ക്രിസ്തുവിനെ കണ്ടിരുന്ന വിശുദ്ധന്‍ അവരെ സഹായിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ‘ഉപവികളുടെ സഹോദരികള്‍’ എന്നപേരില്‍ ഒരു സമൂഹം സ്ഥാപിച്ചു. അശരണരും രോഗികളുമായ അനേകായിരങ്ങള്‍ക്ക് തുണയായി ഇവര്‍ ഇന്നും തങ്ങളുടെ ദൗത്യം തുടരുന്നു. 1626 -ല്‍ വിന്‍സെന്റ് തന്നെ സ്ഥാപിച്ചതാണ് മിഷന്‍ കോണ്‍ഗ്രിഗേഷന്‍ എന്ന സഭയും. വിന്‍സെഷ്യന്‍സ് എന്നാണ് അവര്‍ അറിയപ്പെടുന്നത്.

അന്നത്തെ പാരീസ് നഗരത്തിന്റെ അസന്മാര്‍ഗികതയ്ക്ക് സാക്ഷ്യംനല്കുന്നതായിരുന്നു പ്രതിവര്‍ഷം തെരുവീഥികളില്‍ എറിഞ്ഞുകൊല്ലപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ഭീമമായ സംഖ്യ. ഈ വാര്‍ത്തയറിഞ്ഞ വിശുദ്ധന്‍, രാത്രികളില്‍ തെരുവീഥികളില്‍ ഉപേക്ഷിക്കപ്പെട്ടിരുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ തീരുമാനിക്കുകയും അവര്‍ക്കുവേണ്ടി ഒരു മന്ദിരം സ്ഥാപിക്കുകയും ചെയ്തു. ഒരിക്കല്‍ രാത്രിയില്‍ ഒരു ശിശുവിനെ ഭദ്രമായി തന്റെ വസ്ത്രത്തില്‍ പൊതിഞ്ഞുകൊണ്ടുപോകുമ്പോള്‍ കുറെ കള്ളന്മാര്‍ എന്തോ വിലയേറിയ വസ്തുവായിരിക്കുമെന്നു കരുതി അദ്ദേഹത്തെ പിടികൂടി. എന്നാല്‍ വിശുദ്ധന്‍ വസ്ത്രംനീക്കി ശിശുവിനെ കാണിച്ചപ്പോള്‍ ലജ്ജിതരായ അവര്‍ അദ്ദേഹത്തിന്റെ പാദത്തില്‍ നമസ്‌കരിക്കുകയാണ് ചെയ്തത്.

ജീവിതത്തെ ശുശ്രൂഷയും സ്‌നേഹവുമാക്കിമാറ്റിയ അഗതികളുടെ പിതാവായ വി. വിന്‍സെന്റ് ഡി പോള്‍ 1660 സെപ്റ്റംബര്‍ 27 -ാം തീയതി നിത്യസമ്മാനത്തിനായി സ്വര്‍ഗത്തിലേക്കു യാത്രയായി.

വിചിന്തനം: ”എല്ലാ കാര്യത്തിലും എല്ലാ നിമിഷവും ഈശോയെ പിഞ്ചെല്ലുക” – വിന്‍സെന്റ് ഡി പോള്‍

ഇതരവിശുദ്ധര്‍: അദേരിത്തൂസ് (രണ്ടാം നൂറ്റാണ്ട്) മെത്രാന്‍/ ബാറോഗ് (ഏഴാം നൂറ്റാണ്ട്)/ ചെറാനൂസ് (+614)പാരിസ് മെത്രാന്‍/എപ്പിച്ചാരിസ് (+300)രക്തസാക്ഷി/ജോണ്‍മാര്‍ക്ക് ബിസ്ലോസിലെ മെത്രാന്‍/ എല്‍സ്യര്‍ (1285-1325)/ ബോണ്‍ഫില്യൂസ് (1040-1125)/ അഡോള്‍ഫൂസും ജോണും (+850)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.