സെപ്റ്റംബര്‍ 24: വി. തെക്ലാ

സ്ത്രീകളില്‍ നിന്നുള്ള ആദ്യ രക്തസാക്ഷിയായി ഗ്രീക്ക് സഭാപിതാക്കന്മാര്‍ കാണുന്ന വിശുദ്ധയാണ് തെക്ലാ. ഒന്നാം നൂറ്റാണ്ടില്‍ ലിക്കവോണിയായിലാണ് തെക്ലാ ജനിച്ചത്. തത്വശാസ്ത്രത്തിലും സാഹിത്യത്തിലും പണ്ഡിതയായിരുന്ന തെക്ലാ, കാഴ്ചയിലും അതിസുന്ദരിയായിരുന്നു.

ധനവാനായ ഒരു യുവാവുമായുള്ള വിവാഹം ഉറപ്പിച്ചിരുന്ന അവസരത്തിലാണ് തെക്ല, വി. പൗലോസിനെ കണ്ടുമുട്ടുന്നത്. ക്രിസ്തുവിനെയും ക്രൈസ്തവമൂല്യങ്ങളെയും കുറിച്ച് വിശുദ്ധനില്‍ നിന്നു കേട്ടറിഞ്ഞ തെക്ലാ, അധികം താമസിയാതെ വീട്ടുകാരുടെ എതിര്‍പ്പിനെ കാര്യമാക്കാതെ ക്രിസ്തുമതം സ്വീകരിക്കുകയും സ്വഗൃഹം ഉപേക്ഷിച്ച് പൗലോസിനെ അനുഗമിക്കുകയും ചെയ്തു. മാനസാന്തരത്തിനു ശേഷം തെക്ല നിത്യകന്യാത്വം സ്വീകരിച്ചു. ഇതറിഞ്ഞ കാമുകന്‍ അവളെ, തന്റെ തീരുമാനത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നതിനായി പലവിധ ശ്രമങ്ങളും നടത്തി. എന്നാല്‍ തെക്ല തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.

ഇത് തെക്ലായുടെ മാതാപിതാക്കന്മാരുടെയും കാമുകന്റെയും ശത്രുതയ്ക്ക് കാരണമായി. അധികം താമസിയാതെ വിശുദ്ധ അറസ്റ്റ് ചെയ്യപ്പെട്ട് വിചാരണക്ക് ഹാജരാക്കപ്പെട്ടു. ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞ വിശുദ്ധയെ നഗ്നയാക്കി പൊതുസ്ഥലത്ത് നിര്‍ത്താനായിരുന്നു രാജകല്പന. എന്നാല്‍, തദവസരത്തില്‍ തെക്ലയുടെ നിഷ്‌കളങ്കത ഒരു വസ്ത്രമായി അവളെ പൊതിഞ്ഞു. പിന്നീട് തെക്ലയെ വന്യമൃഗങ്ങളുടെ മുന്നിലേക്ക് ഇട്ടുകൊടുത്തു. എന്നാല്‍ അവളെ കണ്ടമാത്രയില്‍ വന്യമൃഗങ്ങള്‍ അവളുടെ പാദത്തിങ്കല്‍ വീണ് അവളുടെ കാലുകളെ നക്കിയിരുന്നു.

തെക്ലയെ തീച്ചൂളയിലിട്ട് വധിക്കുക എന്നതായിരുന്നു അടുത്ത രാജകല്പന. പക്ഷേ എരിഞ്ഞുകത്തിയ അഗ്നിക്ക് വിശുദ്ധയുടെ ശരീരത്തിന് യാതൊരു ഉപദ്രവവും ഏല്പിക്കാനായില്ല. ഈ അത്ഭുതങ്ങളൊന്നും ശത്രുക്കളുടെ മാനസാന്തരത്തിന് ഉതകിയില്ല. അവര്‍ വീണ്ടും പലവിധത്തിലുള്ള പീഡനങ്ങള്‍ വിശുദ്ധയുടെമേല്‍ പ്രവര്‍ത്തിച്ചു. പക്ഷേ, ദൈവം അവളെ സംരക്ഷിച്ചു. ഒടുവില്‍ ഈശോ വിശുദ്ധയെ തന്റെ അടുക്കലേക്ക് വിളിച്ചു. വിശുദ്ധ അവസാനം രക്തസാക്ഷിയായെന്നും അല്ല സമാധാനത്തില്‍ മരിച്ചെന്നും അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു.

വി. പസിഫിക്കോ (1653-1721)

അതിസ്വാഭാവികമായ നിരവധി ദൈവികദാനങ്ങളാല്‍ ജീവിതകാലത്തു തന്നെ സുപ്രസിദ്ധനായിരുന്നു വി. പസിഫിക്കോ. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖം സൂര്യനെപ്പോലെ പ്രശോഭിച്ചിരുന്നു. പ്രവചനവരവും രോഗശാന്തിവരവും ദൈവം ഈ സന്യാസിക്കു നല്‍കി.

ആഗ്രഹനിഗ്രഹങ്ങളുടെ ജീവിതമായിരുന്നു വി. പസിഫിക്കോയുടേത്. വാര്‍ദ്ധക്യകാലത്ത് അദ്ദേഹം ബധിരനും അന്ധനുമായി. ഭാഗികമായി തളരുകയും ചെയ്തു. തന്റെ സഹനങ്ങളെല്ലാം പാപികളുടെ മാനസാന്തരത്തിനായി അദ്ദേഹം കാഴ്ച വച്ചു.

ഇറ്റലിയിലെ മാര്‍ച്ചസിലുള്ള സാന്‍സെവെറിനോയിലെ ഡിവിനി കുടുംബത്തില്‍ അന്റോണിയോയുടെയും മറിയാന്‍ഗല ബ്രൂണിയുടെയും മകനായി 1653 മാര്‍ച്ച് ഒന്നിന് ജനിച്ചു. മൂന്നാം വയസില്‍ അനാഥനായ അദ്ദേഹത്തിന്റെ കുട്ടിക്കാലം അമ്മാവനോടൊപ്പമായിരുന്നു. അമ്മാവനാകട്ടെ, കുട്ടിയെ വളരെ പ്രാകൃതമായാണ് വളര്‍ത്തിയത്.

1670-ല്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസ സഭയില്‍ ചേര്‍ന്നു. 1678-ല്‍ വൈദികനായ പസിഫിക്കോ, അപ്പനിയന്‍ പര്‍വ്വതനിരകളിലെ പാവങ്ങള്‍ക്കിടയില്‍ സുവിശേഷവേല ചെയ്തു. ദൈവത്തിന്റെ പ്രത്യേക കൃപ മൂലം തന്റെ ജനത്തിന്റെ ഹൃദയരഹസ്യങ്ങള്‍ തിരിച്ചറിയാന്‍ പസിഫിക്കോയ്ക്ക് സാധിച്ചതുകൊണ്ട് ധാരാളം മാനസാന്തരങ്ങള്‍ ഉണ്ടായി.

ഏകദേശം പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ രോഗിയായി. ബധിരനും അന്ധനും തളര്‍വാതരോഗിയുമായെങ്കിലും പസിഫിക്കോ, സാല്‍സെവെറിനോ ആശ്രമത്തിലെ ഗാര്‍ഡിയനും വികാരിയുമായി. 1705-ല്‍ സാന്‍സെവെറിനോയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. പിന്നീട് മരണം വരെ 16 വര്‍ഷം ഇവിടെയായിരുന്നു. 1721 സെപ്റ്റംബര്‍ 24-ന് അദ്ദേഹത്തിന്റെ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയര്‍ന്നു. 1839-ല്‍ മെയ് 26-ന് ഗ്രിഗറി 16-ാമന്‍ പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വിചിന്തനം: ‘ലോകത്തില്‍ വിശുദ്ധ കുര്‍ബാനയില്ലാതെ കഴിയുന്നതിനേക്കാള്‍ പ്രയാസം കുറഞ്ഞതാണ് ലോകം സൂര്യനില്ലാത്ത അവസ്ഥയില്‍ നില്‍ക്കുന്നത്’ – വി. പാദ്രേ പിയോ.

ഇതര വിശുദ്ധര്‍: അന്റോക്കിയൂസ്(രണ്ടാം നൂറ്റാണ്ട്)/ യാസാന്‍ (+1048) ആബട്ട് / പഫുന്റിയൂസ് (+303) ഈജിപ്തിലെ രക്തസാക്ഷി/ അനാത്തലോണ്‍ (ഒന്നാം നൂറ്റാണ്ട്) മിലാനിലെ ആദ്യ മെത്രാന്‍ സഗ്രോദോയിലെ ജെറാര്‍ഡ് (646) രക്തസാക്ഷി.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.