സെപ്റ്റംബര്‍ 25: വി. ആല്‍ബര്‍ട്ട്

കര്‍മ്മലസഭയുടെ സഹസ്ഥാപകനും നിയമദാതാവുമാണ് വി. ആല്‍ബര്‍ട്ട്. അദ്ദേഹം 1150 -ല്‍ ഇറ്റലിയിലെ കാസ്റ്റല്‍ ഗാത്ത്തിയേരി എന്ന സ്ഥലത്തെ ഒരു കുലീനകുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യകാലത്തെക്കുറിച്ച് കൂടുതലൊന്നും നമുക്കറിയില്ല. സന്യാസാശ്രമത്തില്‍ പ്രവേശിച്ചതുമുതലുള്ള വിവരങ്ങളാണ് നമുക്ക് ലഭ്യമായിട്ടുള്ളത്.

കര്‍മ്മലസഭയിലെ അംഗമായി ചേര്‍ന്ന വിശുദ്ധന്‍ 1180 -ല്‍ പാവിയായിലുള്ള ആശ്രമത്തിന്റെ സുപ്പീരിയറായി നിയമിക്കപ്പെട്ടു. 1184 -ല്‍ ബോബിയോയിലെ മെത്രാനായി നിയമിതനായി. അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തെ ചെര്‍ച്ചെല്ലിയിലെ മെത്രാനായി സ്ഥലംമാറ്റി. ഇവിടുത്തെ ഇരുപതു വര്‍ഷം നീണ്ട പ്രേഷിതപ്രവൃത്തിക്കിടെ ദേശീയവും അന്തര്‍ദേശീയവുമായ പല ദൗത്യങ്ങളും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. ഏതു വിഷയത്തിലും ശക്തവും വ്യക്തവും വിവേകപൂര്‍ണ്ണവുമായ നിലപാടെടുക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യങ്ങള്‍ വിജയം കാണാനുള്ള പ്രധാന കാരണം.

വിശുദ്ധന്‍ 1191 -ലെ രൂപതാ സിനഡില്‍ എടുത്ത പല തീരുമാനങ്ങളും ഈ അടുത്തകാലം വരെ നിലവിലുണ്ടായിരുന്നു. 1205 -ല്‍ ജെറുസലേമിന്റെ പാത്രിയാര്‍ക്കായി നിയമിതനായ ആല്‍ബര്‍ട്ട്, സുപ്രധാനമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കി. നിയമങ്ങള്‍ നടപ്പാക്കുന്നതിലും മുഖംനോക്കാതെ നടപടികള്‍ സ്വീകരിക്കുന്നതിനും അദ്ദേഹം യാതൊരു വിമുഖതയും കാണിച്ചില്ല. ഈ കാലഘട്ടത്തില്‍ മൗണ്ട് കാര്‍മലില്‍ താമസിച്ചിരുന്ന ഫ്രാങ്കിഷ് സന്യാസികളുടെ സുപ്പീരിയറായിരുന്ന വി. ബ്രോക്കാര്‍ഡിന്റെ അഭ്യര്‍ഥനപ്രകാരം 1208 -ല്‍ ആല്‍ബര്‍ട്ട് കര്‍മ്മലീത്താസഭയുടെ നിയമാവലി തയാറാക്കി. പ്രാര്‍ഥനയില്‍ ദൈവത്തോട് അടുക്കാന്‍ സഹായിക്കുന്ന ഒരു ജീവിതരീതിയാണ് ഇതില്‍ വിശുദ്ധന്‍ വിഭാവനം ചെയ്തിരിക്കുന്നത്.

കുറ്റക്കാരെ ശിക്ഷിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാതിരുന്ന വിശുദ്ധനെ അദ്ദേഹത്തിന്റെ ശാസന ഏറ്റുവാങ്ങിയ അധര്‍മ്മിയായ ഒരുവന്‍ 1214 സെപ്റ്റംബര്‍ 14 -ന് അക്കോണിയില്‍ ഒരു പ്രഭാഷണത്തില്‍ പങ്കെടുക്കുമ്പോള്‍ ക്രൂരമായി വധിച്ചു.

വിചിന്തനം: “നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാകാം. എങ്കിലും ധൈര്യമായിരിക്കുവിന്‍. ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹ. 16:33).

ഇതരവിശുദ്ധര്‍: ഫേമിനൂസ് (272-303)/ ഫിന്‍ബാര്‍(6-ാം നൂറ്റാണ്ട്)/ വിന്‍സെന്റ് സ്ട്രാമ്പി (1745-1824) /സെര്‍ജിയൂസ് (1314-1392) റഷ്യ/ ക്ലിയോഫാസ് (ഒന്നാം നൂറ്റാണ്ട്)/ ഫിമബര്‍ട്ട് (7-ാം നൂറ്റാണ്ട് വെസ്റ്റേണ്‍ സ്‌കോട്ട്‌ലണ്ടിലെ മെത്രാന്‍ അബാദിര്‍/ മകാരിയൂസ് (4-ാം നൂറ്റാണ്ട്)/ ജഗിള്‍റെഡ് (+870) ബനഡിക്‌റ്റെന്‍ സന്യാസി.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.