സെപ്റ്റംബര്‍ 21: വി. മത്തായി ശ്ലീഹാ

ഈശോയുടെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായിരുന്ന വി. മത്തായി, ഗലീലിയാ പ്രദേശത്തെ ഹെല്‍പൈയുടെ പുത്രനായ ഒരു യഹൂദനായിരുന്നു. രണ്ടു സുവിശേഷകന്മാര്‍ മത്തായിയെ ലേവി എന്നുകൂടി വിളിക്കുന്നുണ്ട്. ചുങ്കം പിരിക്കുക എന്നതായിരുന്നു മത്തായിയുടെ ജോലി. ഗെനേസറത്തു തടാകത്തില്‍കൂടിയും തിബേരിയൂസ് സമുദ്രത്തില്‍കൂടിയും ഇറക്കുമതി ചെയ്യപ്പെടുന്ന സാധനങ്ങള്‍ക്ക് തീരുവ നിശ്ചയിക്കുകയും ഇവിടംവഴി യാത്രചെയ്യുന്നവരില്‍നിന്ന് നികുതിപിരിക്കുകയുമായിരുന്നു മത്തായിയുടെ പ്രധാന ദിനചര്യ.

യഹൂദരുടെ ഇടയില്‍ ചുങ്കക്കാര്‍ക്ക് തീരെ താഴ്ന്നസ്ഥാനമാണുണ്ടായിരുന്നത്. അവരുമായി ഒരുതരത്തിലും യഹൂദര്‍ സഹകരിച്ചിരുന്നില്ല. കാരണം, തങ്ങളുടെമേല്‍ റോമാക്കാരുടെ അടിമത്തം അടിച്ചേല്പിക്കുന്നത് ചുങ്കക്കാരണെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. ഒരു തളര്‍വാതരോഗിയെ സുഖപ്പെടുത്തിയതിനുശേഷം യേശു ഗനേസറത്ത് തടാകത്തിന്റെ തീരത്തുകൂടി നടക്കുമ്പോഴാണ് മത്തായിയെ തന്റെ അപ്പസ്‌തോലന്മാരിലൊരുവനായി വിളിക്കുന്നത്. ഈശോയുടെ ക്ഷണം ശ്രവിച്ചമാത്രയില്‍ തന്നെ യാതൊരു സംശയവും കാലതാമസവുംകൂടാതെ വിളിസ്വീകരിച്ചു. മാനസാന്തരശേഷം പിന്നീടൊരിക്കലും മത്തായി തന്റെ പഴയജീവിതത്തിലേക്ക് പിന്തിരിഞ്ഞുനോക്കിയിട്ടില്ല. അതുവരെ ലേവി എന്നുവിളിക്കപ്പെട്ടിരുന്ന ശ്ലീഹായ്ക്ക് മത്തായി എന്ന പേര്, മാനസാന്തരശേഷം ഈശോ നല്‍കിയെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്.

ഈശോയുടെ മരണോത്ഥാനങ്ങള്‍ക്കുശേഷം എല്ലാ ശിഷ്യന്മാരെയുംപോലെ മത്തായിയും സുവിശേഷപ്രസംഗം ആരംഭിച്ചു. അദ്ദേഹം ആദ്യം യൂദയായിലും സമീപപ്രദേശങ്ങളിലുമാണ് സുവിശേഷം പ്രസംഗിച്ചിരുന്നത്. അവിടെനിന്ന് പോകുന്നതിനുമുമ്പുതന്നെ അദ്ദേഹം സുവിശേഷം രചിച്ചു എന്ന്  വിശ്വസിക്കപ്പെടുന്നു.

യൂദായില്‍ പ്രസംഗിച്ച് ഒരു നല്ല ജനസമൂഹത്തെ കര്‍ത്താവിനുവേണ്ടി സമ്പാദിച്ചതിനുശേഷം കിഴക്കുള്ള അപരിഷ്‌കൃതരാജ്യങ്ങളിലേക്ക് മത്തായി യാത്രതിരിച്ചു. അദ്ദേഹം തന്റെ പ്രേഷിതപ്രവര്‍ത്തനം എവിടെ നിര്‍വഹിച്ചു എന്ന് കൃത്യമായി പറയുക സാധ്യമല്ല. പേര്‍ഷ്യ, എത്യോപ്യാ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രേഷിതപ്രവര്‍ത്തനരംഗങ്ങളെന്ന് വിശ്വസിക്കപ്പെടുന്നു.

മത്തായിയുടെ മരണത്തെക്കുറിച്ചും കൃത്യമായ വിവരണങ്ങള്‍ ലഭ്യമല്ല. അദ്ദേഹം പേര്‍ഷ്യയില്‍വച്ചു മരിച്ചു എന്നാണ് വി. പൗളിനോസ് സാക്ഷ്യപ്പെടുത്തുന്നത്. ‘പേര്‍ഷ്യയിലുള്ള നഡാസര്‍ എന്ന പട്ടണത്തില്‍വച്ച് രക്തസാക്ഷിയായി മരിച്ചു’ എന്ന്  ചരിത്രകാരനായ മെനാന്‍സിയൂസ് രേഖപ്പെടുത്തിയിരിക്കുന്നു. മറ്റു ചില ചരിത്രകാരന്മാര്‍, അദ്ദേഹം ജീവനോടെ തീച്ചൂളയില്‍ എറിയപ്പെട്ടു എന്നും പ്രസ്താവിക്കുന്നു.

വിചിന്തനം: ”എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും” – മത്താ. 5:12 -13.

ഇതരവിശുദ്ധര്‍ : ട്രോയ്‌സിലെ മൗരാ (+850)/ തോമസ് (+1838) വിയറ്റ്‌നാം രക്തസാക്ഷി/ ഫ്രാന്‍സീസ് ജക്കാര്‍ഡ്/ ഹ്യൂ(+657) നോര്‍ത്തബ്രിയായിലെ ആബട്ട്/ പാമ്ഫിലൂസ് -റോമിലെ രക്തസാക്ഷി/ അലക്‌സാണ്ടര്‍ (രണ്ടാം നൂറ്റാണ്ട്)/ യൂസ്സ്യൂസ്/ ഇഫിജേനിയാ(ഒന്നാം നൂറ്റാണ്ട്).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.